ഇന്ത്യയില്‍ മൂന്നാം തരംഗമുണ്ടാവുമോ? ലോകാരോഗ്യ സംഘടന വിദഗ്ധ പറയുന്നത് ഇങ്ങനെ, ജാഗ്രത കുറയരുത്
ദില്ലി: ഇന്ത്യ ഒമൈക്രോണിന്റെ ഭീതിയില്‍ നില്‍ക്കുകയാണ്. മൂന്നാം തരംഗം ഉണ്ടാവുമോ എന്ന ആശങ്കയും ഉണ്ട്. ഇതിനെല്ലാം മറുപടി പറയുകയാണ് ലോകാരോഗ്യ സംഘടനയുടെ റീജ്യണല്‍ ഡയറക്ടറായ ഡോ പൂനം ഖേത്രപാല്‍. പുതിയ വേരിയന്റ് ഉണ്ടെന്ന് കരുതി, അത് കൊവിഡ് കേസുകള്‍ വര്‍ധിപ്പിച്ച് വലിയ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സാധ്യത വര്‍ധിക്കണമെന്നില്ലെന്ന് പൂനം പറയുന്നു. എന്നാല്‍ ഇത് ഉറപ്പിച്ച് പറയാനും സാധിക്കില്ല. ഒമൈക്രോണിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും അനിശ്ചിതത്വം സമ്മാനിക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ധ പറയുന്നു. കൊവിഡ് മഹാമാരി ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ടെന്ന ജാഗ്രത ആരും കൈവിടരുതെന്നും അവര്‍ പറഞ്ഞു.

കൊവിഡിനെ തുടര്‍ന്നുള്ള റിസ്‌ക് ആഗോള തലത്തില്‍ തന്നെ ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുകയാണ്. പല സ്ഥലങ്ങളിലും വീണ്ടും വലിയ രീതിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു. പുതിയ വേരിയന്റുകളുടെ വരവോടെയാണ് അതെല്ലാം സംഭവിച്ചതെന്നും പൂനം പറഞ്ഞു. ദക്ഷിണ ഏഷ്യന്‍ മേഖലയില്‍ നമ്മളൊരിക്കലും ജാഗ്രത കൈവിടരുത്. കൂടുതല്‍ നിരീക്ഷണവും, ടെസ്റ്റുകളും സാമൂഹ്യ അകലവും വാക്‌സിനേഷനും വര്‍ധിപ്പിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ പറഞ്ഞു. ഒമൈക്രോണിന് പലതവണ ജനിതകമാറ്റം സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കൊവിഡിന് മൊത്തത്തില്‍ മാറ്റങ്ങളുണ്ടാക്കും. അത് എത്രത്തോളം കടുപ്പമാകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
ലോകരാജ്യങ്ങള്‍ ഒമൈക്രോണിനെ കുറിച്ചുള്ള കൂടുതല്‍ ഡാറ്റ ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറണം. ആയിരക്കണക്കിന് വിദ്ഗധര്‍ നിലവിലെ ഡാറ്റകള്‍ പരിശോധിക്കുന്നുണ്ടെന്നും പൂനം ഖേത്രപാല്‍ പറഞ്ഞു. ഒമൈക്രോണ്‍ എത്രത്തോളം തീവ്രതയുള്ളതാണെന്നും, അതിന്റെ വ്യാപനശേഷി എത്രത്തോളമാണെന്നുമുള്ള കാര്യങ്ങളില്‍ പഠനം നടക്കുന്നുണ്ട്. രോഗം വന്ന് പോയവര്‍ക്ക് വീണ്ടും കൊവിഡ് വരാനുള്ള സാഹചര്യം ഒമൈക്രോണിനെ തുടര്‍ന്നുണ്ടാവുമെന്നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിവരങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവ് വേണം. എന്നാല്‍ കൃത്യമായ നിഗമനത്തില്‍ എത്താന്‍ സാധിക്കൂ.
ഡെല്‍റ്റയേക്കാള്‍ തീവ്രത കുറഞ്ഞ രോഗലക്ഷണങ്ങളാണ് ഒമൈക്രോണിനെ തുടര്‍ന്ന് ഉണ്ടാവുകയെന്ന ഡാറ്റയും ലഭ്യമായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ഉറപ്പിക്കാന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും പൂനം പറഞ്ഞു. ജെനോം സ്വീക്വന്‍സിംഗിലാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. ഇതിലൂടെ വ്യാപനം കുറയ്ക്കാനാണ് ശ്രദ്ധിക്കേണ്ടത്. ആരോഗ്യ മേഖല വളരെയധികം ശ്രദ്ധിക്കണം. ആശുപത്രികളിലെ സൗകര്യം കൃത്യമായി വിലയിരുത്തണം. മതിയായ ബെഡ്ഡുകള്‍ ഉണ്ടായിരിക്കണം. ക്ലസ്റ്ററുകള്‍ അടക്കം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം. നേരത്തെ കൃത്യമായി രോഗവ്യാപനം നിരീക്ഷിച്ചാല്‍ നിയന്ത്രണങ്ങള്‍ അധികം കടുപ്പിക്കേണ്ടി വരില്ല.ഇത്രയൊക്കെയാണെങ്കിലും വാക്‌സിനേഷന്‍ വേഗത വര്‍ധിപ്പിക്കണമെന്നും പൂനം ഖേത്രപാല്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications