കൊങ്കുനാട്ടിൽ ആര് വാഴും, ആര് വീഴും? അരക്കെട്ടുറപ്പിക്കാൻ എഐഎഡിഎംകെ, പിടിച്ചടക്കാൻ ടിവികെയും
കോയമ്പത്തൂർ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കൊങ്കു മേഖലയിലെ രാഷ്ട്രീയത്തിന് പുതിയ വെല്ലുവിളികൾ ഉയർത്തുകയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം അണ്ണാ ഡിഎംകെയുടെ പ്രധാന ശക്തികേന്ദ്രമായ ഈ പ്രദേശത്ത് സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുകയാണ്. കോയമ്പത്തൂർ, ഈറോഡ്, നാമക്കൽ ഉൾപ്പെടുന്ന പടിഞ്ഞാറൻ കൊങ്കു പ്രദേശം പതിറ്റാണ്ടുകളായി അണ്ണാ ഡിഎംകെയെ പിന്തുണച്ചിട്ടുണ്ട്. ഇവരുടെ ഈ വോട്ടുബാങ്ക് തകർക്കുകയാണ് ടിവികെയുടെ ലക്ഷ്യം.
അഴിമതിരഹിത രാഷ്ട്രീയം വാഗ്‌ദാനം ചെയ്‌ത് 2024 ഫെബ്രുവരിയിലാണ് വിജയ് ടിവികെ ആരംഭിച്ചത്. 2026-ലെ തിരഞ്ഞെടുപ്പിൽ ഡിഎംകെയോ ബിജെപിയോയുമായി സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഒരു മൂന്നാം മുന്നണിയായി ടിവികെയെ അവതരിപ്പിക്കാനാണ് ശ്രമം. പടിഞ്ഞാറൻ ജില്ലകളിലെ ഡിഎംകെ-അണ്ണാ ഡിഎംകെ ആധിപത്യം അവസാനിപ്പിക്കുക എന്നതാണ് ടിവികെ ഇതിലൂടെ ലക്ഷ്യമിടുന്നത്.

നാമക്കലിൽ നടന്ന റാലിയിൽ വിജയ് തന്റെ കൊങ്കു നാട്ടിലെ പ്രചാരണം ആരംഭിച്ചു. 2026-ൽ ഡിഎംകെയ്ക്ക് നൽകുന്ന വോട്ട് ബിജെപിക്കുള്ള വോട്ടായി കണക്കാക്കുമെന്ന് അദ്ദേഹം പ്രസ്‌താവിച്ചു. ബിജെപിയുമായുള്ള അണ്ണാ ഡിഎംകെയുടെ മുൻകാല ബന്ധം അനുചിതവും അവസരവാദപരവും ആണെന്ന് വിജയ് അഭിപ്രായപ്പെട്ടു. ബിജെപി വിരുദ്ധ വോട്ടുകൾ ആകർഷിക്കാനുള്ള വ്യക്തമായ സന്ദേശമായിരുന്നു ഇത്.
കൊങ്കു വോട്ടർമാർ മുൻപ് ശക്തരായ അണ്ണാ ഡിഎംകെ നേതാക്കളെ പിന്തുണച്ചിട്ടുണ്ട്. എംജിആറും ജെ ജയലളിതയും ഈ മേഖലയിൽ ആഴത്തിലുള്ള വിശ്വസ്ഥത വളർത്തിയിരുന്നു. ഇവിടെ നിന്നുള്ള എടപ്പാടി കെ പളനിസ്വാമി ഇപ്പോഴും ഗൗണ്ടർ സമുദായ പിന്തുണയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗ്രാമീണ കൊങ്കു മേഖലയിലെ പല ബൂത്തുകളിലും അണ്ണാ ഡിഎംകെയെ ഡിഎംകെ വിരുദ്ധ ശക്തിയായി ഇപ്പോഴും കാണുന്നു.
ഈ പരമ്പരാഗത വോട്ടിംഗ് രീതികളെ ചോദ്യം ചെയ്യാനാണ് ടിവികെ പ്രവർത്തിക്കുന്നത്. അഴിമതി കേസുകളും വിലക്കയറ്റത്തെക്കുറിച്ചുള്ള പ്രാദേശിക രോഷവും പാർട്ടി തന്ത്രപരമായി ഉയർത്തിക്കാട്ടുന്നു. ഡിഎംകെയെയും ബിജെപിയെയും പൊതു പ്രസംഗങ്ങളിൽ ബന്ധിപ്പിക്കാനും ശ്രമിക്കുന്നു. യുവാക്കളെയും കന്നിവോട്ടർമാരെയും, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ കൊങ്കു വിഭാഗങ്ങളെയും ആകർഷിക്കാനാണ് ഈ തന്ത്രം.
കെഎ സെൻഗോട്ടയ്യന്റെ ടിവികെ പ്രവേശനം ഇതിലെ പ്രധാന നീക്കമായിരുന്നു. ഈറോഡിൽ നിന്നുള്ള ഒമ്പത് തവണ എംഎൽഎ ആയ ഇദ്ദേഹം മുൻപ് അണ്ണാ ഡിഎംകെയുടെ വിശ്വസ്‌തനായ സംഘാടകനായിരുന്നു. അദ്ദേഹത്തിന്റെ കൂടുമാറ്റം കൊങ്കു മേഖലയിൽ അണ്ണാ ഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയായി. ഇത് ടിവികെയ്ക്ക് താഴെത്തലത്തിലുള്ള പ്രവർത്തകരെയും നിരവധി മണ്ഡലങ്ങളിൽ ബൂത്ത് തല വിവരങ്ങളും നൽകി.
കൊങ്കുവിലെ 29 മണ്ഡലങ്ങളിലും ടിവികെ വിജയിക്കുമെന്ന് സെൻഗോട്ടയ്യൻ പൊതുയോഗത്തിൽ അവകാശപ്പെട്ടു. വിജയങ്ങൾ വിജയിയുടെ കാൽക്കീഴിലാണെത്തിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം അവകാശവാദങ്ങൾ അണികളിൽ ആവേശം നിറയ്ക്കുമ്പോഴും, അണ്ണാ ഡിഎംകെയുടെ സംഘടനയും, ജാതി ബന്ധങ്ങളും, ക്ഷേമപ്രവർത്തനങ്ങളോടുള്ള ഓർമ്മകളും ഈ മേഖലയിൽ ഇപ്പോഴും ശക്തമാണ്.
കൊങ്കു രാഷ്ട്രീയം ഇപ്പോഴും സമുദായ സമവാക്യങ്ങളെ ചുറ്റിപ്പറ്റിയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഗൗണ്ടർ സമുദായത്തിന്റെ പിന്തുണ അണ്ണാ ഡിഎംകെ, ചെറുകിട കൊങ്കു പാർട്ടികൾ, ഇപ്പോൾ ടിവികെ എന്നിവയ്ക്കിടയിൽ വിഭജിക്കപ്പെട്ടിരിക്കുന്നു. ഡിഎംകെ ആധിപത്യമില്ലാത്ത മറ്റ് ജാതികളെയും ക്ഷേമപദ്ധതികളെയും ആശ്രയിക്കുമ്പോൾ, വിജയിയുടെ സിനിമാ പ്രതിച്ഛായയുടെ സഹായത്തോടെ സമുദായ ഭേദമന്യേയുള്ള യുവജന പിന്തുണ നേടാനാണ് ടിവികെ ശ്രമിക്കുന്നത്.
എന്നാൽ റാലികളിലെ ജനക്കൂട്ടമല്ല, വോട്ട് വിഹിതമാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം. ജനക്കൂട്ടത്തിന്റെ ഊർജ്ജം ബൂത്ത് തലത്തിലുള്ള ശക്തിയാക്കി മാറ്റാൻ ടിവികെയ്ക്ക് സാധിക്കണം. കൊങ്കുവിലെ ചെറിയ വോട്ടുമാറ്റങ്ങൾ പോലും സംസ്ഥാന രാഷ്ട്രീയത്തിന്റെ വലിയ ചിത്രം മാറ്റിവരയ്ക്കും. നിലവിൽ അണ്ണാ ഡിഎംകെയുടെ ശക്തികേന്ദ്രത്തിന് വെല്ലുവിളി ഉയർന്നിട്ടുണ്ടെങ്കിലും, അത് പൂർണമായും തകർന്നിട്ടില്ല. 2026-ലെ തിരഞ്ഞെടുപ്പ് ഫലം ഈ വെല്ലുവിളിയുടെ ആഴം വ്യക്തമാക്കും.
മറുവശത്ത് ഡിഎംകെ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്, കൊങ്കുനാട്ടിലും കാര്യങ്ങൾ കാര്യങ്ങൾ വ്യത്യസ്‌തമല്ല. തിരഞ്ഞെടുപ്പിന് ഒരാഴ്‌ച മാത്രം ശേഷിക്കെ മൂന്ന് വിഭാഗങ്ങളും കടുത്ത പ്രതീക്ഷയിലാണ്. ഭരണത്തിലേറുക ആരെന്ന് അറിയാൻ കൊങ്കു നാട്ടിലെ ഫലവും നിര്ണായകമാവും എന്നതാണ് പ്രധാന കാര്യം.














Click it and Unblock the Notifications