എന്താണീ യോഗദിനം; ജൂണ്‍ 21 ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്റെ ചരമദിനമല്ലേ?
അന്താരാഷ്ട്ര യോഗദിനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. കേരളത്തില്‍ ആയുഷ് മന്ത്രാലയത്തിന്റെ യോഗ ദിനാചരണ പരിപാടിയില്‍ പ്രാര്‍ഥന ചൊല്ലിയതില്‍ മന്ത്രി കെ കെ ശൈലജ അതൃപ്തി പ്രകടിപ്പിച്ചതോടെ ചര്‍ച്ചകള്‍ക്ക് പുതിയൊരു മാനവും കൈവന്നു. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റേതല്ല യോഗ എങ്കില്‍ എന്തിനാണ് സംസ്‌കൃത പ്രാര്‍ഥന ഇതില്‍ ഉള്‍പ്പെടുത്തുന്നത്. എന്തുകൊണ്ടാണ് യോഗ മാത്രം സര്‍ക്കാര്‍ പ്രൊമോട്ട് ചെയ്യുന്നത്.
എന്താണ് യോഗയും ജൂണ്‍ 21 ഉം തമ്മിലുള്ള ബന്ധം എന്ന് വരെ പോകുന്നു ഒരു വിഭാഗം ആളുകളുടെ ചോദ്യം. സോഷ്യല്‍ മീഡിയയിലെ ഒരുവിഭാഗം ആളുകള്‍ ഇതിന് ഉത്തരം കണ്ടുപിടിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെ സ്മരണദിനമാണ് മോദി സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്നതെന്നാണ് ചര്‍ച്ചകള്‍ പറയുന്നത്.

ജൂണ്‍ 21 ആണ് ഡോ. ഹെഡ്ഗേവാറിന്റെ ചരമദിനം. 1940 ലാണ് ഇദ്ദേഹം അന്തരിച്ചത്. ഏകീകൃത ഇന്ത്യ എന്ന ആശയവുമായി ഡോ. ഹെഡ്ഗേവാര്‍ 1925ല്‍ നാഗ്പൂരിലാണ് രാഷ്ട്രീയ സ്വയം സേവക് സംഘം സ്ഥാപിച്ചത്. ബി ജെ പിയെ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിച്ച ആര്‍ എസ് എസിനുള്ള നന്ദിയായിട്ടാണ് മോദി സര്‍ക്കാര്‍ ഹെഡ്ഗേവാറിന്റെ ഓര്‍മദിനം അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്നതെന്നും യോഗയുടെ പേരിലുള്ള ഒളിച്ചുകടത്തലാണ് ഇതെന്നും ആളുകള്‍ പറയുന്നു.
നവംബര്‍ 14 ശിശുദിനമായത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായത് കൊണ്ടാണ് എന്ന് പറയുന്നത് പോലെ, ഹെഡ്ഗേവാറിന്റെ സ്മരണദിനമാണ് യോഗദിനം എന്ന് വരുംനാളുകളില്‍ പറഞ്ഞുകൂടായ്കയില്ല എന്നതാണ് സ്ഥിതി. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ സെപ്തംബര്‍ 27ന് നടത്തിയ പ്രസംഗത്തിലാണ് നരേന്ദ്ര മോദി അന്താരാഷ്ട്ര യോഗദിനം എന്ന ആശയം അവതരിപ്പിച്ചത്. ഇത് ലോകരാഷ്ട്രങ്ങള്‍ അംഗീകരിക്കുകയും ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കുകയുമായിരുന്നു.












Click it and Unblock the Notifications