ജാതി സർവേയിലെ സമ്പൂർണ വിവരങ്ങൾ എന്തുകൊണ്ട് പരസ്യപ്പെടുത്തുന്നില്ല..? ചോദ്യവുമായി സുപ്രീം കോടതി...
ന്യൂഡൽഹി: ബിഹാറിൽ നടത്തിയ ജാതി സർവേയിലെ സമ്പൂർണ വിവരങ്ങൾ പരസ്യമാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി സുപ്രീം കോടതി. വിശദമായ വിവരങ്ങൾ പരസ്യപ്പെടുത്താത്തതിൽ ആശങ്കയുണ്ടെന്നും ഇതു കൂടുതൽ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ജഡ്‌ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവർ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. സർവേയിലെ ഏതെങ്കിലും പ്രത്യേക കണ്ടെത്തലാണ് ഒരാൾക്ക് ചോദ്യം ചെയ്യേണ്ടതെങ്കിലും ഇതിന് പൂർണ ഡേറ്റ ലഭ്യമായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു.
സർവേയുടെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുന്നത് തടയണമെന്ന് ഇന്നലെ ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിക്കാൻ തയ്യാറായില്ല. ഇക്കാര്യത്തിൽ തങ്ങൾക്ക് ഇടപെടാൻ കഴിയില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയതാണെന്നു പറഞ്ഞ കോടതി, ഹർജി 29ന് പരിഗണിക്കാനായി മാറ്റി. നിലവിൽ സർവേയുടെ അടിസ്ഥാനത്തിൽ ബിഹാർ സർക്കാർ സ്വീകരിക്കുന്ന തുടർനടപടികൾക്ക് തടസമില്ലെന്നാണ് ഇത് അർത്ഥമാക്കുന്നത്.

ജാതി സർവേയുടെ പരിഭാഷ കോടതിയിൽ ഹാജരാക്കാൻ തയ്യാറാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. സർവേയുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുന്നതിനുള്ള ശ്രമമുണ്ടെന്നും ഇത് പാറ്റ്ന ഹൈക്കോടതിയിൽ ചോദ്യം ചെയ്‌തിരിക്കുകയാണെന്നുമാണ് ഹർജിക്കാർ വാദിച്ചത്. ഇത് തീർപ്പാകുന്നത് വരെ തുടർനടപടിയുണ്ടാകില്ലെന്ന് നേരത്തേ പറഞ്ഞിരുന്നെങ്കിലും ഇവ നടപ്പാക്കാൻ തുടങ്ങിയെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.
ബിഹാർ സർക്കാർ നടത്തിയ ജാതി അടിസ്ഥാനമാക്കിയുള്ള സർവേ പ്രകാരം, സംസ്ഥാനത്തെ ആകെയുള്ള 13 കോടി ജനസംഖ്യയുടെ 63 ശതമാനവും മറ്റ് പിന്നാക്ക വിഭാഗങ്ങളാണ് (ഒബിസികൾ). കൂടാതെ സംസ്ഥാനത്തെ ജനസംഖ്യയുടെ 19 ശതമാനത്തിലധികം പട്ടികജാതിക്കാരാണ്, പട്ടികവർഗക്കാർ 1.68 ശതമാനമാണ്. ബിഹാറിലെ ജനസംഖ്യയുടെ 15.52 ശതമാനമാണ് ഉയർന്ന ജാതിക്കാർ അഥവാ സവർണ വിഭാഗങ്ങൾ.
ഇതിന് പിന്നാലെ എസ്‌സി, എസ്‌ടി, ഒബിസി, അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങൾ (ഇബിസി) എന്നിവർക്കുള്ള സംവരണം പുനഃപരിശോധിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ അവതരിപ്പിച്ച ബിൽ ബിഹാർ നിയമസഭ പാസാക്കിയിരുന്നു. ഇതോടെ സംവരണ പരിധി 65 ശതമാനമായി വർധിച്ചു. സുപ്രീം കോടതി നിശ്ചയിച്ച 50 ശതമാനം പരിധി മറികടന്നതാണ് ഇത്.
അതേസമയം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (ഇഡബ്ല്യുഎസ്) കേന്ദ്ര സർക്കാർ 10 ശതമാനം അധിക സംവരണം ഏർപ്പെടുത്തിയതോടെ ബിഹാറിലെ സംവരണം 75 ശതമാനത്തിലെത്തും. ഇതുൾപ്പെടെ ഹർജിക്കാർ സുപ്രീം കോടതിയിൽ ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications