മഅദനിയെ കേരളത്തിലേക്ക് വിട്ടാല്‍ ഒളിവില്‍ പോവും, സ്ഥിരം കുറ്റവാളി: കടുത്ത എതിർപ്പുമായി കർണാടക
ദില്ലി: ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയും പി ഡി പി ചെയർമാനുമായ അബ്ദുള്‍ നാസർ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നതിനെ എതിർത്ത് കർണാട സർക്കാർ. കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യത്തെ കർണാടക സർക്കാർ ശക്തമായ ഭാഷയില്‍ സുപ്രീംകോടതിയില്‍ എതിർക്കുകയും ചെയ്തു.
മഅദനി സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി കേരളത്തിലേക്ക് മടങ്ങാന്‍ അനുവദിക്കരിതെന്നും കാട്ടി കർണാടക സർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. കേസിലെ സാക്ഷികളിലൊരാളെ പ്രതി ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, ക്രിമിനല്‍ പഞ്ചാത്തലമുള്ള പ്രതിക്ക് ഇളവ് നല്‍കിയാല്‍ വീണ്ടും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കർണാടക സർക്കാർ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

സംസ്ഥാന സർക്കാറിന് വേണ്ടി കർണാടക ഭീകരവിരുദ്ധ സെൽ അസിസ്റ്റന്റ് കമ്മിഷണർ ഡോ. സുമീത് ആണ് മഅദനിക്കെതിരെ സത്യവാങ്മൂലം നൽകിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി കർണാടകയിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നതിനാല്‍ ആയൂർവേദ ചികിത്സ അനിവാര്യമാണെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു മഅനി കോടതിയെ സമീപിച്ചത്.
മഅദനിയുടെ അപേക്ഷ പരിഗണിച്ച സുപ്രീം കോടതി കേസിൽ വിചാരണ പൂർത്തിയായെങ്കിൽ പ്രതിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിക്കൂടെയെന്ന് നേരത്തെ ചോദിചിരുന്നു. ഇതേ തുടർന്നാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കുന്നതിനെതിരെ സംസ്ഥാന സർക്കാർ രംഗത്ത് വന്നത്. കേസില്‍ ഇപ്പോഴും എല്ലാ പ്രതികളേയും പിടികൂടിയിട്ടില്ല, ആറ് പ്രതികള്‍ക്കുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും സർക്കാർ പറയുന്നു.
Travel Tips: സോളോ യാത്ര ഇഷ്ടപ്പെടുന്ന സ്ത്രീകളാണോ: എങ്കില്‍ ശ്രദ്ധിക്കണം ഈ 5 കാര്യങ്ങള്‍
കേസ് വിചാരണ നടപടിയിലേക്ക് കടന്നതിനാല്‍ ഇനി കര്‍ണാടകയില്‍ തടവില്‍ കഴിയേണ്ട കാര്യമില്ലെന്നാണ് മഅദനിയുടെ വാദം. ഡോക്ടറാണ് ആയൂർവേദ ചികിത്സ നിർദേശിച്ചത്, പ്രായാധിക്യം അലട്ടുന്ന പിതാവാണ് തനിക്കുള്ളത്, പിതാവിന്റെ ആരോഗ്യ നില വഷളായതിനാല്‍ അദ്ദേഹത്തെ കാണണമെന്നും മഅദനി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ മഅദനിയുടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കുകയാണെങ്കില്‍ അദ്ദേഹം ഒളിവില്‍ പോവാനുള്ള സാധ്യതയുണ്ട്. അതോടൊപ്പം തന്നെ ഒളിവില്‍ കഴിയുന്ന പ്രതികളുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. മഅദനിയുടെ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച കോടതി പരിഗണിക്കും. വിശദമായ വാദം കേള്‍ക്കാന്‍ വേണ്ടിയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേസ് മാറ്റിയത്.












Click it and Unblock the Notifications