ഭര്‍ത്താവ് ജീവിച്ചിരിക്കെ ഭാര്യ താലി അഴിച്ചുമാറ്റുന്നത് ക്രൂരത, മാനസിക പീഡനം; മദ്രാസ് ഹൈക്കോടതി
ചെന്നൈ: ഭാര്യ താലി അഴിച്ച് മാറ്റുന്നത് ഭര്‍ത്താവിനെ മാനസിക ക്രൂരതയ്ക്ക് വിധേയമാക്കുന്നതിന് തുല്യമാണ് എന്ന വിചിത്ര നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ഈറോഡിലെ മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ സി ശിവകുമാറിന്റെ സിവില്‍ അപ്പീല്‍ അനുവദിച്ച് കൊണ്ട് ജസ്റ്റിസുമാരായ വി എം വേലുമണി, എസ് സൗന്തര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
2016 ജൂണ്‍ 15 ന് കുടുംബകോടതി വിവാഹമോചനം നിഷേധിച്ചതിനെ ചോദ്യം ചെയ്താണ് സി. ശിവകുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഇതിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ശിവകുമാറുമായി അകന്നു കഴിഞ്ഞപ്പോള്‍ താലി ചെയിന്‍ അഴിച്ചു മാറ്റിയിരുന്നുവെന്നു ശിവകുമാറിന്റെ ഭാര്യ കോടതിയില്‍ സമ്മതിച്ചിരുന്നു.

അതേസമയം താലി നിലനിര്‍ത്തിയെന്നും ചെയിന്‍ അഴിച്ചുമാറ്റുക മാത്രമാണ് ചെയ്തത് എന്ന് സ്ത്രീ വിശദീകരിച്ചിട്ടുണ്ട് എന്നും എന്നാല്‍ അത് അഴിച്ചു മാറ്റിയ പ്രവൃത്തിക്ക് അതിന്റേതായ പ്രാധാന്യമുണ്ടായിരുന്നു എന്നും കോടതി പറഞ്ഞു.

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 7 പരാമര്‍ശിച്ചുകൊണ്ട് താലി കെട്ടേണ്ട ആവശ്യമില്ലെന്നും അതിനാല്‍ ഭാര്യ അത് നീക്കം ചെയ്യുന്നത് ശരിയാണെന്ന് കരുതിയാല്‍ പോലും ദാമ്പത്യ ബന്ധത്തെ ബാധിക്കില്ലെന്നും അവരുടെ അഭിഭാഷകന്‍, പറഞ്ഞു.

എന്നാല്‍ വിവാഹ ചടങ്ങുകളില്‍ താലി കെട്ടുന്നത് അനിവാര്യമായ ഒരു ചടങ്ങാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വിവാഹിതയായ ഒരു ഹിന്ദു സ്ത്രീയും ഭര്‍ത്താവിന്റെ ജീവിതകാലത്ത് ഒരിക്കലും താലി അഴിക്കില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും കോടതി പറഞ്ഞു.

'ഒരു സ്ത്രീയുടെ കഴുത്തിലെ താലി ദാമ്പത്യ ജീവിതത്തിന്റെ തുടര്‍ച്ചയെ പ്രതീകപ്പെടുത്തുന്ന ഒരു വിശുദ്ധ വസ്തുവായിരുന്നു, അത് ഭര്‍ത്താവിന്റെ മരണശേഷം മാത്രമേ നീക്കം ചെയ്യപ്പെടുകയുള്ളൂ. അത് വേദനയുണ്ടാക്കുകയും പ്രതിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യും,'' ബെഞ്ച് പറഞ്ഞു.

താലി ചെയിന്‍ നീക്കം ചെയ്യുന്നത് പലപ്പോഴും ആചാരവിരുദ്ധമായ പ്രവൃത്തിയായി കണക്കാക്കുന്നുവെന്ന് നിലവിലെ ബെഞ്ച് പറഞ്ഞു. ദാമ്പത്യബന്ധം അവസാനിപ്പിക്കാന്‍ താലി ചെയിന്‍ നീക്കം ചെയ്താല്‍ മതിയെന്ന് ഞങ്ങള്‍ പറയുന്നില്ല, എന്നാല്‍ പ്രതിയുടെ (ഭാര്യ) പ്രസ്തുത പ്രവൃത്തി അവരുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഒരു നിഗമനത്തിലെത്തുന്നതിനുള്ള ഒരു തെളിവാണ്.

വേര്‍പിരിയല്‍ സമയത്ത് താലി നീക്കം ചെയ്ത പ്രതിയുടെ നടപടിയും രേഖകളില്‍ ലഭ്യമായ മറ്റ് തെളിവുകളും, കക്ഷികള്‍ക്ക് അനുരഞ്ജനത്തിനും ദാമ്പത്യബന്ധം തുടരാനും ഉദ്ദേശമില്ല എന്ന കൃത്യമായ നിഗമനത്തിലെത്താന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു,'' ബെഞ്ച് പറഞ്ഞു.

സി. ശിവകുമാറിനെതിരെ പരസ്യമായി പരസ്ത്രീ ബന്ധം യുവതി ആരോപിച്ചിരുന്നു എന്നും വനിതാ സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും പൊലീസിന്റെയും മുന്‍പില്‍ വച്ചു പോലും പരാതിക്കാരനെ ആക്ഷേപിക്കാന്‍ ശ്രമമുണ്ടായി എന്നും കോടതി ചൂണ്ടിക്കാട്ടി. യുവതിയുടെ ചെയ്തികള്‍ എല്ലാം തന്നെ പരാതിക്കാരനെ അങ്ങേയേറ്റം അവഹേളിക്കുന്നതും മാനസികമായി അങ്ങേയറ്റം വേദനിപ്പിക്കുന്നതുമാണ്.

ഈ കാരണങ്ങളാല്‍ വിവാഹമോചനം അനുവദിക്കുകയാണ് എന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികളുടെ വെളിച്ചത്തില്‍, മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ സംശയിക്കുകയും വിവാഹേതര ബന്ധം ആരോപിച്ച് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തുകൊണ്ട് ഭാര്യയാല്‍ ഭര്‍ത്താവ് മാനസികമായി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു എന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു.
'സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍'; സാരിയില്‍ തിളങ്ങി സംയുക്ത












Click it and Unblock the Notifications