യുഎസുമായുള്ള ആയുധ ഇടപാടുകളുടെ ഭാവിയെന്ത്? പുതിയ കരാറിൽ കടുത്ത നീക്കമില്ല, നിലവിലുള്ളവ തുടരും
ന്യൂഡൽഹി: തീരുവ വിഷയത്തിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നതോടെ ആയുധ ഇടപാടിൽ പുതിയ വഴിത്തിരിവ്. പുതിയ കരാറുകളിൽ നിന്ന് താൽക്കാലികമായി ഇന്ത്യ പിന്മാറിയേക്കുമെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രം. പുതിയ യുഎസ് ആയുധങ്ങളും വിമാനങ്ങളും വാങ്ങാനുള്ള നീക്കം നിർത്തിവച്ചതായി ഈ വിഷയവുമായി പരിചയമുള്ള മൂന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്‌സ് നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ കയറ്റുമതിക്ക് ഉയർന്ന തീരുവ ചുമത്തിയതിന് പിന്നാലെയാണ് നടപടി എന്നായിരുന്നു റിപ്പോർട്ട് പറഞ്ഞത്. എന്നാൽ ഈ റിപ്പോർട്ടാണ് ഇപ്പോൾ കേന്ദ്രം തള്ളിയത്. ഇതുവരെ ഒരു കരാറിൽ നിന്നും പിന്നോട്ട് പോയിട്ടില്ലെന്ന് വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് നിരവധി മാധ്യമ റിപ്പോർട്ടുകൾ വ്യക്താക്കുന്നു. മാത്രമല്ല മുതിർന്ന പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഈ റിപ്പോർട്ട് വ്യാജമാണെന്ന് ഇന്ത്യ ടുഡേ ഉൾപ്പെടെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വാഷിംഗ്‌ടൺ സന്ദർശന വേളയിൽ പ്രഖ്യാപിക്കാനിരുന്ന കരാറിൽ ജനറൽ ഡൈനാമിക്‌സിൽ നിന്നുള്ള സ്ട്രൈക്കർ കോംബാറ്റ് വാഹനങ്ങൾ, റേതിയോൺ, ലോക്ക്ഹീഡ് മാർട്ടിൻ എന്നിവ വികസിപ്പിച്ചെടുത്ത ജാവലിൻ ആന്റി ടാങ്ക് മിസൈലുകൾ, ഇന്ത്യൻ നാവികസേനയ്ക്കായി ആറ് ബോയിംഗ് പി8I രഹസ്യാന്വേഷണ വിമാനങ്ങൾ എന്നിവ ഉൾപ്പെടുന്നുവെന്ന് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തിരുന്നു.
എന്നാൽ സന്ദർശനം ഇപ്പോൾ റദ്ദാക്കിയതായി രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. എങ്കിലും ഇക്കാര്യത്തിൽ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഈ കരാറുകൾ റദ്ദാക്കുന്നത് യുഎസിന് വലിയ തിരിച്ചടിയാവും. മാത്രമല്ല യുഎസിനെ തഴഞ്ഞാൽ ഇന്ത്യ റഷ്യയിൽ നിന്ന് തന്നെയാവും കൂടുതൽ ആയുധങ്ങൾ വാങ്ങുക. അതിനാൽ റോയിറ്റേഴ്‌സ് റിപ്പോർട്ടിൽ വാസ്‌തവം ഇല്ലെന്നാണ് പ്രതിരോധ മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
നിലവിലെ കരാറുകൾ തുടരുമോ?
യുഎസുമായുള്ള പ്രതിരോധ കരാറുകൾ റദ്ദാക്കാൻ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും പ്രതിരോധ സംഭരണത്തിൽ നിലവിലുള്ള സ്ഥിതി നിലനിർത്തിയിട്ടുണ്ടെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിലവിലുള്ള കരാറുകൾ പ്രകാരം യുഎസിൽ നിന്നുള്ള പ്രതിരോധ സാമഗ്രികൾ രാജ്യത്തേക്ക് എത്തുന്നത് തുടരുകയാണ്, തുടർനടപടികളെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അടുത്ത വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ട്രംപിന്റെ തീരുവ നയം
ഓഗസ്‌റ്റ് 6ന് ട്രംപ്, റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയുടെ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. അതോടെ മൊത്തം തീരുവ 50 ശതമാനം ആയി ഉയർത്തി, ഇത് ഏതൊരു യുഎസ് വ്യാപാര പങ്കാളിക്കും ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. ഇതിന് പിന്നാലെയാണ് പ്രതിരോധ ഇടപാടുകൾ ചർച്ചയാവുന്നത്.
ട്രംപിന്റെ തീരുവ നീക്കം സമുദ്രോത്പന്നങ്ങൾ, തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ഓട്ടോ പാർട്സ് എന്നിവയുൾപ്പെടെയുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതി മേഖലകളെ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങിയതിനും യുഎസുമായുള്ള ന്യൂഡൽഹിയുടെ വ്യാപാര മിച്ചത്തിനും പ്രതികാരമെന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിക്കുന്നത്.
പുതിയ കരാർ റദ്ദാക്കിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും ഇല്ലെന്ന് കേന്ദ്രവുമായി അടുത്ത വൃത്തങ്ങളും പറയുമ്പോൾ ഇതിൽ സർക്കാരിന്റെ ഔദ്യോഗിക പ്രസ്‌താവനക്കായി കാത്തിരിക്കുകയാണ് എല്ലാവരും. നിലവിലെ സാഹചര്യത്തിൽ യുഎസിന്റെ നടപടിക്ക് ഉചിതമായ തിരിച്ചടി നൽകണമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാൽ ചാടിക്കേറിയുള്ള തീരുമാനം പിന്നീട് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നതിനാൽ കരുതലോടെയാവും കേന്ദ്രത്തിന്റെ തീരുമാനം.












Click it and Unblock the Notifications