നവജ്യോത് സിംഗ് സിദ്ദു ആം ആദ്മിയിലേക്കോ? ഭഗവന്ത് മന്നുമായി ഇന്ന് കൂടിക്കാഴ്ച
ചണ്ഡീഗഡ്; പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ഭഗവന്ത് മാനുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി മുൻ പി സി സി അധ്യക്ഷൻ കൂടിയായ നവജ്യോത് സിംഗ് സിദ്ദു.
തിങ്കളാഴ്ച വൈകീട്ട് 5.15 നാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. പഞ്ചാബിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ടാണ് ചര്‍ച്ചയെന്നും കൂട്ടായ ശ്രമത്തിലൂടെ മാത്രമേ അതിന് സാധിക്കൂവെന്നും ട്വീറ്റിൽ സിദ്ദു കുറിച്ചു. അതേസമയം മുഖ്യമന്ത്രിയുമായുള്ള സിദ്ദുവിന്റെ കൂടിക്കാഴ്ച സിദ്ദു ആം ആദ്മിയിലേക്ക് എത്ത തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുകയാണ്
'സനൽ കുമാറിനുള്ള മറുപടിയോ?' കൂട്ടുകാർക്കൊപ്പം മഞ്ജുവിന്റെ കിടിലിൻ സെൽഫികൾ.. വൻ വൈറൽ

ആം ആദ്മി സർക്കാരിനെതിരെ നേരത്തേ കടുത്ത വിമർശനം ഉന്നയിച്ച നേതാവായിരുന്നു സിദ്ദു . ഭഗവന്ത് മന്ന് പാവ മുഖ്യമന്ത്രിയാണെന്നായിരുന്നു സിദ്ദു വിമർശിച്ചത്. ദില്ലിയിൽ നിന്നും അരവിന്ദ് കെജരിവാളാണ് പഞ്ചാബ് സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും സിദ്ദു വിമർശിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സർക്കാരിനെതിരായ വിമർശനങ്ങൾ സിദ്ദു മയപ്പെടുത്തി. പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്കു കാരണം മാഫിയ രാജാണെന്നും മാഫിയ രാജിനെ പിഴുതെറിയാൻ എഎപി മുന്നോട്ട് വന്നാൽ പിന്തുണക്കാൻ തയ്യാറാണെന്നായിരുന്നു സിദ്ദുവിന്റെ വാക്കുകൾ. മാത്രമല്ല ഭാഗവന്തിനെ ഇളയ സഹോദരൻ എന്നും സിദ്ദു കഴിഞ്ഞ ദിവസം അഭിസംബോധന ചെയ്തു.ഇതോടെ സിദ്ദു കൂടുമാറ്റത്തിന് തയ്യാറെടുക്കുകയാണോയെന്ന ചർച്ചകൾക്കാണ് ചൂട് പിടിച്ചിരിക്കുന്നത്.

നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലാണ് സിദ്ദു. പഞ്ചാബ് തോൽവിക്ക് പിന്നാലെ സോണിയയുടെ നിർദ്ദേശ പ്രകാരം സിദ്ദു പി സി സി അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. പഞ്ചാബിൽ ഇക്കുറി സമാനതകൾ ഇല്ലാത്ത തിരിച്ചടി കോൺഗ്രസ് നേരിട്ടതിന്റെ ഉത്തരവാദിത്തം സിദ്ദുവിന് ഉണ്ടെന്ന വിമർശനം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നിയ്ക്കെതിരെയുൾപ്പെടെ സിദ്ദു നടത്തിയ വിമർശനങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു കോൺഗ്രസ് നേതാക്കൾ സിദ്ദുവിനെതിരെ രംഗത്തെത്തിയത്.

പാർട്ടി വിരുദ്ധ പ്രവർത്തനമാണ് സിദ്ദു കാഴ്ച വെച്ചതെന്നാണ് നേതാക്കളുടെ ആക്ഷേപം. ഈ സാഹചര്യത്തിൽ സിദ്ദുവിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ഭാരവാഹി ഹീഷ് ചൗധരി കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. പാർട്ടിയെക്കാൾ വലിയ നേതാവായി സ്വയം ചിത്രീകരിക്കാനുള്ള ശ്രമമാണ് സിദ്ദു നടത്തുന്നതെന്ന ആക്ഷേപമായിരുന്നു ഹരീഷ് ചൗധരി കത്തിൽ ആരോപിച്ചത്.

കത്തിന്റെ അടിസ്ഥാനത്തിൽ സിദ്ദുവിനെതിരെ കടുത്ത നടപടികൾ ഉണ്ടായേക്കുമെന്ന സൂചനയുണ്ട്. അതിനിടെയാണ് ഇപ്പോൾ ആം ആദ്മി നേതാവുമായുള്ള കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം. നേരത്തേ തന്നെ പഞ്ചാബിൽ നവജ്യോത് സിംഗ് സിദ്ദുവിനെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങൾ ആം ആദ്മി നടത്തിയിരുന്നു. അമരീന്ദർ സർക്കാരിന്റെ കാലത്ത് കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ മുതലെടുത്ത് സിദ്ദുവിനെ സ്വന്തം പക്ഷത്ത് എത്തിച്ച് അധികാരം പിടിക്കാനായിരുന്നു ആം ആദ്മി നീക്കം. എന്നാൽ അന്ന് ആം ആദ്മി നേതൃത്വത്തിന്റെ വാഗ്ദാനം സിദ്ദു സ്വീകരിച്ചിരുന്നില്ല.

നിലവിലെ സാഹചര്യത്തിൽ അദ്ദേഹം ആം ആദ്മിയിൽ ചേർന്നാൽ അത്ഭുതപ്പെടാനില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് പാർട്ടിയിൽ സിദ്ദുവിനെതിരെ കടുത്ത രോഷം ഉയർന്ന് നിൽക്കുന്ന ഈ സാചര്യത്തിൽ. എന്തായാലും തന്റെ പഴയ തട്ടകമായ ബി ജെ പിയിലേക്ക് സിദ്ദു തിരിച്ച് പോയേക്കില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ ഇനിയൊരു 'തിരിച്ചുവരവ്' ആം ആദ്മിയിലൂടെ മാത്രമേ സാധിക്കൂവെന്ന് സിദ്ദു കരുതിയാൽ അത് പഞ്ചാബിൽ കോൺഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും.












Click it and Unblock the Notifications