ധനമന്ത്രി സ്ഥാനത്ത് നിന്ന് നിർമ്മല സീതാരാമനെ മാറ്റും? പകരം എത്തുക പിയൂഷ് ഗോയൽ, എക്‌സിൽ ചർച്ച
ന്യൂഡൽഹി: ധനമന്ത്രി സ്ഥാനത്ത് നിന്ന് നിർമ്മല സീതാരാമനെ മാറ്റിയേക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമാവുന്നു. എക്‌സിൽ പ്രചരിക്കുന്ന പോസ്‌റ്റുകളിൽ അധികവും നിർമ്മല സീതാരാമനെ മാറ്റുമെന്നും ധർമ്മേന്ദ്ര പ്രധാനും മന്ത്രിസഭയിൽ നിന്ന് പുറത്താവുമെന്നുമാണ് ചർച്ചകളിൽ പറയുന്നത്. ധനമന്ത്രിയായി പിയുഷ് ഗോയൽ എത്തുമെന്നാണ് പോസ്‌റ്റുകളിൽ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അതേസമയം, കേന്ദ്ര മന്ത്രിസഭയിൽ അടുത്ത ദിവസങ്ങളിൽ തന്നെ വൻ അഴിച്ചുപണി നടന്നേക്കുമെന്ന അഭ്യൂഹങ്ങൾ ദേശീയ തലസ്ഥാനത്ത് ശക്തമാകുന്നതിന് ഇടയിലാണ് എക്‌സിലും ചർച്ചകൾ നടക്കുന്നത്. നിർമ്മല സീതാരാമനെ മനുഷ്യവിഭവശേഷി വികസന മന്ത്രാലയത്തിന്റെ ചുമതലയിലേക്ക് മാറ്റിയേക്കുമെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്.

ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചിരുന്നു. ജൂൺ 23-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്‌ചകൾ മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ടതാകാമെന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾ ഉയരുന്നുണ്ടെങ്കിലും, കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.
അടുത്തിടെ കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ രാജ്യസഭാംഗത്വ കാലാവധി അവസാനിച്ചതിനെ തുടർന്ന് അടുത്തിടെ രാജിവെച്ചിരുന്നു. അദ്ദേഹത്തിന്റെ ഒഴിവ് ഇതുവരെ നികത്തിയിട്ടില്ല. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ആ സ്ഥാനം ഉൾപ്പെടെ ഒഴിവുകൾ നികത്തുമെന്നാണ് വിലയിരുത്തൽ.
ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള പ്രധാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങൾ കണക്കിലെടുത്താവും മന്ത്രിസഭാ അഴിച്ചുപണി ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പ്രതിനിധികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ബിജെപി നേതൃത്വം ശ്രമിക്കുമെന്നാണ് സൂചന.
വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ, നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദവും സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുമായി ബന്ധപ്പെട്ട വിമർശനങ്ങളും നേരിട്ട സാഹചര്യത്തിൽ സമ്മർദത്തിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ വിവാദങ്ങൾ കേന്ദ്ര സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്.
ഇതിന്റെ പശ്ചാത്തലത്തിൽ മന്ത്രിസ്ഥാനത്തിൽ മാറ്റം പരിഗണിക്കപ്പെടുന്നതായും അഭ്യൂഹങ്ങളുണ്ട്. അതേസമയം, ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് 'കോക്ക്രോച്ച് ജനത പാർട്ടി' ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാവും കേന്ദ്രത്തിന്റെ മന്ത്രിസഭാ പുനഃസംഘടന.
ധനമന്ത്രി നിർമല സീതാരാമന് പകരം പ്രധാനമന്ത്രിയുടെ മുഖ്യ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ റിസർവ് ബാങ്ക് ഗവർണറുമായ ശക്തികാന്ത ദാസിനെ ധനമന്ത്രിയാക്കുമെന്ന അഭ്യൂഹവും ദേശീയ രാഷ്ട്രീയ വൃത്തങ്ങളിൽ പ്രചരിക്കുന്നുണ്ട്. സാമ്പത്തിക രംഗത്തെ അനുഭവസമ്പത്താണ് അദ്ദേഹത്തിന് അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നത്.
കൂടാതെ മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് മന്ത്രിസഭയിൽ വീണ്ടും പ്രധാന ചുമതല ലഭിച്ചേക്കുമെന്നാണ് സൂചന. അടുത്തിടെ ആം ആദ്‌മി പാർട്ടിയിൽ നിന്ന് ബിജെപിയിൽ ചേർന്ന റാഘവ് ചദ്ദയെയും അശോക് മിത്തലിനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇക്കാര്യത്തിൽ അധികം വൈകാതെ തന്നെ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications