ക്രൂഡ് ഓയിലിന്റെ കാര്യത്തിൽ ഗെയിം ചേഞ്ചറാവുമോ സമുദ്ര മന്തൻ? 84,084 കോടി മുടക്കാൻ ഒരുങ്ങി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തിന്റെ ഊർജസുരക്ഷ ശക്തിപ്പെടുത്തുകയും സമുദ്രത്തിലെ എണ്ണ, പ്രകൃതി വാതക വിഭവങ്ങളുടെ പര്യവേക്ഷണം വേഗത്തിലാക്കുകയും ചെയ്യുന്നതിനായി 'സമുദ്ര മന്തൻ' എന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ കീഴിൽ നടപ്പാക്കുന്ന ഈ പദ്ധതിക്കായി 84,084 കോടി വകയിരുത്തിയിട്ടുണ്ട്. പദ്ധതി 2030-31 സാമ്പത്തിക വർഷം വരെ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
ആഴക്കടലിലും അത്യന്തം ആഴമുള്ള സമുദ്രപ്രദേശങ്ങളിലുമുള്ള എണ്ണ, പ്രകൃതി വാതക ശേഖരങ്ങൾ കണ്ടെത്തുന്നതിനുള്ള പര്യവേക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി വൻതോതിലുള്ള ഭൂകമ്പ തരംഗ (സീസ്‌മിക്) സർവേകൾ, അവയുടെ വിവരശേഖരണം, വിശകലനം എന്നിവ നടത്തും. ഇതിലൂടെ എണ്ണയും വാതകവും അടങ്ങിയിരിക്കാനിടയുള്ള ഭൂഗർഭ ഘടനകൾ കൃത്യമായി തിരിച്ചറിയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിർത്തി മേഖലകളിലെ പുതിയ സമുദ്രതടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള റിഗ് തുരക്കൽ, ഓഫ്‌ഷോർ ഉൽപ്പാദന സൗകര്യങ്ങളുടെ വികസനം, എണ്ണ-വാതക നിർമ്മാണ, സേവന മേഖലകൾക്കായി സംയോജിത വ്യവസായ മേഖല സ്ഥാപിക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ഇതിലൂടെ രാജ്യത്തെ ആഭ്യന്തര എണ്ണ-വാതക ഉൽപ്പാദനം വർധിപ്പിക്കാനും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും ലക്ഷ്യമിടുന്നു.
ഈ പദ്ധതിയിലൂടെ 600 ദശലക്ഷം മെട്രിക് ടൺ ഓയിൽ ഇക്വിവലന്റിലേറെ പുതിയ എണ്ണ-വാതക ശേഖരങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്. പദ്ധതിക്കായി അനുവദിച്ച 84,084 കോടി നാല് പ്രധാന മേഖലകളിലായാണ് വിനിയോഗിക്കുന്നത്. ഏറ്റവും വലിയ വിഹിതമായ 43,200 കോടി ആഴക്കടലിൽ 60 പര്യവേക്ഷണ റിഗുകൾ തുരക്കാനാണ് നീക്കിവച്ചിരിക്കുന്നത്. ഓരോ റിഗിന്റെയും അർഹമായ ചെലവിന്റെ 50 ശതമാനം വരെ, പരമാവധി 675 കോടി വരെ സർക്കാർ ധനസഹായം നൽകും.
ഓഫ്‌ഷോർ സീസ്‌മിക് സർവേകൾക്കും ഭൂഗർഭ വിവരശേഖരണത്തിനുമായി 28,534 കോടി വകയിരുത്തിയിട്ടുണ്ട്. സമുദ്രത്തിനടിയിലെ ഭൂമിശാസ്ത്ര ഘടനകളെക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭ്യമാക്കുകയും ഭാവിയിലെ എണ്ണ-വാതക സാധ്യതകൾ വിലയിരുത്തുകയും ചെയ്യുന്നതിന് ഈ സർവേകൾ സഹായകമാകും.
ഭാവിയിൽ കണ്ടെത്തുന്ന എണ്ണ-വാതക ശേഖരങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്താൻ ആവശ്യമായ പൊതുവായ ഓഫ്‌ഷോർ ഉൽപ്പാദന, ഗതാഗത അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 10,000 കോടി അനുവദിച്ചിട്ടുണ്ട്. കൂടാതെ എണ്ണ-വാതക മേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെയും സേവനങ്ങളുടെയും ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ ഓയിൽ ആൻഡ് ഗ്യാസ് മാനുഫാക്ച്ചറിങ് ആൻഡ് സർവീസസ് സോൺ സ്ഥാപിക്കുന്നതിന് 2,000 കോടി കൂടി വകയിരുത്തിയിട്ടുണ്ട്.
വളരെ ഉയർന്ന ചെലവും സാങ്കേതിക വെല്ലുവിളികളും നിറഞ്ഞ മേഖലയാണ് ഇത് എന്നതാണ് പ്രധാന കാര്യം. വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാനാകുന്ന എണ്ണ-വാതക ശേഖരങ്ങൾ കണ്ടെത്താൻ വർഷങ്ങളോളം നീളുന്ന പഠനങ്ങളും അത്യാധുനിക സാങ്കേതികവിദ്യയും വൻ നിക്ഷേപവും ആവശ്യമാണ്. 'സമുദ്ര മന്തൻ' പദ്ധതിയിലൂടെ ഈ അപകടസാധ്യത കുറച്ച് സ്വകാര്യ മേഖലയടക്കമുള്ള കൂടുതൽ കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഈ പദ്ധതി ആഭ്യന്തര എണ്ണ-വാതക ഉൽപ്പാദനം വർധിപ്പിക്കുന്നതിനൊപ്പം തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കാനും 'മേക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' പോലുള്ള ദേശീയ പദ്ധതികൾക്ക് കൂടുതൽ കരുത്ത് പകരാനും സഹായിക്കുമെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുന്നു. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ വൈകാതെ പുറത്തുവിടും.


Click it and Unblock the Notifications