വിജയ്ക്ക് വീണ്ടും കുരുക്കോ? തിരുച്ചിയിലെ പ്രചാരണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സിപിഎം
ചെന്നൈ: നടൻ വിജയ്ക്കും തമിഴക വെട്രി കഴകത്തിനുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സിപിഎം. തമിഴ്‌നാട്ടിലെ തിരുച്ചിയിൽ നടന്ന പ്രചാരണ പരിപാടികളിൽ ക്രിസ്ത്യൻ പള്ളിയും, മസ്‌ജിദും, ക്ഷേത്രവും സന്ദർശിച്ചുകൊണ്ട് പാർട്ടി ചിഹ്നങ്ങൾ പ്രദർശിപ്പിച്ച് വിജയ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി പി ഷൺമുഖമാണ് ഇക്കാര്യം അറിയിച്ചത്. പ്രചാരണത്തിനിടെ മതപരമായ സ്ഥലങ്ങൾ സന്ദർശിക്കുകയും തന്റെ രാഷ്ട്രീയ സ്വത്വം വെളിപ്പെടുത്തുകയും ചെയ്‌തത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ കേസെടുത്ത് ഉചിതമായ നടപടി സ്വീകരിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

മതപരമായ ആരാധനാലയങ്ങൾക്കുള്ളിൽ വോട്ട് തേടുന്നത് മാതൃകാ പെരുമാറ്റച്ചട്ടം വിലക്കുന്നുണ്ടെന്ന് ഷൺമുഖം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ക്ഷേത്രങ്ങളും പള്ളികളും മസ്‌ജിദുകളും ഉപയോഗിക്കുന്നത് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഇത് തിരഞ്ഞെടുപ്പ് സമയത്ത് വോട്ടർമാരുടെ മതവികാരങ്ങളെ സ്വാധീനിക്കാമെന്നും അദ്ദേഹം വാദിച്ചു.
വിജയ് തിരുച്ചി ഈസ്‌റ്റിലെ പള്ളിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനെ ഷൺമുഖം എടുത്തുപറഞ്ഞു. പാർട്ടി ചിഹ്നമുള്ള ഷാൾ ടിവികെ നേതാവ് അണിഞ്ഞിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ആരാധനാലയത്തിൽ നടനും രാഷ്ട്രീയക്കാരനുമായ വിജയ് പാർട്ടി പതാക പ്രദർശിപ്പിച്ചു എന്നും ഇത് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും സിപിഎം ആരോപിച്ചു.
തിരുച്ചിയിലെ മൂന്ന് ആരാധനാലയങ്ങളിലേക്കുള്ള വിജയ്യുടെ ഞായറാഴ്‌ചത്തെ സന്ദർശനങ്ങളിലാണ് വലിയ വിവാദം ഉടലെടുത്തത്. വയർലെസ് റോഡിലെ സെന്റ് ആന്റണീസ് ചർച്ചിലായിരുന്നു ആദ്യ സന്ദർശനം. അവിടെ അദ്ദേഹം മുട്ടിൽ ഇഴഞ്ഞ് പ്രാർത്ഥനകൾ നടത്തിയത് വലിയ രീതിയിൽ വൈറലായിരുന്നു. ശേഷം വികാരിയുമായി സംസാരിച്ച് മടങ്ങി.
തുടർന്ന്, കെകെ നഗറിലെ നൂറുൽ ഹുദാ മസ്‌ജിദിൽ വിജയ് സന്ദർശനം നടത്തി പ്രാർത്ഥിക്കുകയും മതപുരോഹിതരിൽ നിന്ന് അനുഗ്രഹം തേടുകയും ചെയ്‌തു. കോട്ടപ്പാട്ടിലെ പച്ചനാച്ചിയമ്മൻ ക്ഷേത്രത്തിലായിരുന്നു അവസാനത്തെ സന്ദർശനം, അവിടെ അദ്ദേഹം വിഗ്രഹത്തിന് മുന്നിൽ സാഷ്‌ടാംഗം പ്രണമിച്ചു. ഈ സന്ദർശനങ്ങൾ ക്രിസ്ത്യൻ, മുസ്ലീം, ഹിന്ദു സമൂഹങ്ങളിലെ അദ്ദേഹത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു.
എന്നാൽ വിജയുടെ പെരുമാറ്റചട്ട ലംഘനം ഗൗരവതരം എന്നാണ് സിപിഎം വിശേഷിപ്പിച്ചത്. പരോക്ഷമായി വോട്ട് തേടുന്നതിന് മതപരമായ സ്ഥലങ്ങൾ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പിന്റെ നിഷ്‌പക്ഷതയെ തകർക്കുന്നു. തമിഴ്‌നാട്ടിലെ സ്ഥാനാർത്ഥികൾക്ക് തുല്യമായ സാഹചര്യങ്ങൾ ഉറപ്പാക്കാൻ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കണം എന്നും പാർട്ടി ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിൽ പെരമ്പൂർ, തിരുച്ചി ഈസ്‌റ്റ് മണ്ഡലങ്ങളിൽ നിന്ന് വിജയ് മത്സരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പുതിയ പാർട്ടിയായ തമിഴക വെട്രി കഴകം നിർണായക ശക്തിയായി പല കോണുകളിൽ നിന്ന് കണക്കാക്കപ്പെടുന്നു. മതപരമായുള്ള അദ്ദേഹത്തിന്റെ ഈ സമീപനം പൊതുശ്രദ്ധ ആകർഷിച്ചെങ്കിലും, സിപിഎം നൽകിയ പരാതിയോടെ ഇത് നിയമപരവും രാഷ്ട്രീയവുമായ പരിശോധന നേരിടുകയാണ്.
എന്നാൽ ഈ ആരോപണങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. കമ്മീഷന്റെ നീക്കങ്ങൾ എല്ലാം തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ് നിലവിൽ. പ്രത്യേകിച്ച് വോട്ടെടുപ്പിന് വെറും രണ്ട് ദിവസം മാത്രം ശേഷിക്കെ ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കുന്ന നിലപാട് നിർണായകമാവും. വിജയ്ക്കും ടിവികെയ്ക്കും അത് നിർണായകമാവും.












Click it and Unblock the Notifications