Get Updates
Get notified of breaking news, exclusive insights, and must-see stories!

അദാനിക്കെതിരായ യുഎസിലെ കുറ്റപത്രം പിൻവലിക്കൽ; കോടതി വിശദീകരണം തേടിയത് സാധാരണ നടപടി

ന്യൂയോർക്ക്: യുഎസിൽ പ്രമുഖ ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരായ കുറ്റപത്രം പിൻവലിക്കണമെന്ന നീതിന്യായ വകുപ്പിന്റെ അപേക്ഷയിൽ ഉടൻ തീരുമാനമെടുക്കാതെ കൂടുതൽ വിശദീകരണം തേടി ഫെഡറൽ കോടതി. എന്നാൽ ഇത് കേസിൽ പുതിയ തിരിച്ചടിയല്ലെന്നും, സാധാരണ നിയമനടപടിയുടെ ഭാഗമാണെന്നും അമേരിക്കൻ നിയമവിദഗ്‌ധർ വ്യക്തമാക്കുന്നു.

ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ ഫെഡറൽ ജില്ലാ ജഡ്‌ജിയായ നിക്കോളാസ് ഗരൗഫിസ്, കുറ്റപത്രം പിൻവലിക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ കൂടുതൽ വ്യക്തമായി വിശദീകരിക്കാൻ അമേരിക്കൻ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടു. മെയ് 18-ന് സമർപ്പിച്ച ഹർജിയിൽ വിശദമായ കാരണം വ്യക്തമാക്കിയിരുന്നില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

adani

ഗൗതം അദാനിക്കും മറ്റ് പ്രതികൾക്കുമെതിരെ സെക്യൂരിറ്റീസ് തട്ടിപ്പും വയർ ഫ്രോഡും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. എന്നാൽ ഈ കുറ്റപത്രം പിൻവലിക്കാനാണ് ഇപ്പോൾ നീതിന്യായ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

അമേരിക്കൻ ഫെഡറൽ ക്രിമിനൽ നിയമത്തിൽ വിദഗ്ധനായ അഭിഭാഷകൻ ക്രിസ് മാൻ പറയുന്നതനുസരിച്ച്, കോടതിയുടെ നടപടി പതിവ് നടപടിക്രമം മാത്രമാണ്. ഫെഡറൽ ക്രിമിനൽ പ്രോസീജർ റൂൾ 48(എ) പ്രകാരം കുറ്റപത്രം പിൻവലിക്കാൻ കോടതിയുടെ അനുമതി നിർബന്ധമാണ്. അതിനാൽ കൂടുതൽ വിശദീകരണം ആവശ്യപ്പെടുന്നത് അസാധാരണമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ജൂലൈ 13-നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജഡ്‌ജി ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. അതിന് ശേഷം ഏതാനും ആഴ്‌ചകൾക്കുള്ളിൽ കേസ് ഔദ്യോഗികമായി പിൻവലിക്കപ്പെടാനാണ് സാധ്യതയെന്നും ക്രിസ് മാൻ വിലയിരുത്തുന്നു. ഇതിനായി പ്രത്യേക വാദം പോലും നടത്താതെ കോടതി ഉത്തരവിറക്കാനും സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഒരു കേസ് തുടരേണ്ടതില്ലെന്ന് അമേരിക്കൻ നീതിന്യായ വകുപ്പ് തീരുമാനിച്ചാൽ അത് തുടരാൻ കോടതിക്ക് നിർബന്ധിക്കാനാകില്ലെന്നും നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ക്രിമിനൽ കേസുകൾ നടത്തുന്നതും അവസാനിപ്പിക്കുന്നതും എക്‌സിക്യൂട്ടീവ് വിഭാഗത്തിന്റെ ഭരണഘടനാപരമായ അധികാരമാണെന്നും അതിൽ കോടതികൾ സാധാരണ ഇടപെടാറില്ലെന്നും അവർ പറയുന്നു.

ന്യൂയോർക്ക് മേയർ എറിക് ആഡംസിനെതിരായ അഴിമതിക്കേസും സമാനമായ രീതിയിലാണ് അവസാനിച്ചത്. ആ കേസിലും കുറ്റപത്രം പിൻവലിക്കാൻ നീതിന്യായ വകുപ്പ് അപേക്ഷ നൽകിയപ്പോൾ കോടതി കൂടുതൽ വിശദീകരണം തേടിയെങ്കിലും പിന്നീട് ഹർജി അംഗീകരിക്കുകയായിരുന്നു.

അതേസമയം, ഗൗതം അദാനിയുടെ അഭിഭാഷകർ കോടതിയിൽ സമർപ്പിച്ച രേഖയിൽ, ഈ കേസ് അമേരിക്കൻ നിയമപരിധിയിൽ വരുന്നതല്ലെന്നാണ് പ്രധാന വാദം. ഇടപാടുകൾ അമേരിക്കയ്ക്ക് പുറത്താണ് നടന്നതെന്നും, ബോണ്ട് രേഖകൾ വിദേശത്താണ് തയ്യാറാക്കിയതെന്നും, അവ ഇംഗ്ലീഷ് നിയമപ്രകാരമാണ് നിയന്ത്രിക്കപ്പെടുന്നതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

അമേരിക്കൻ സുപ്രീംകോടതിയുടെ മോറിസൺ വേഴ്‌സസ് നാഷണൽ ഓസ്ട്രേലിയ ബാങ്ക് വിധിയും പ്രതിഭാഗം ഉദ്ധരിച്ചിട്ടുണ്ട്. അതനുസരിച്ച് ഈ കേസിൽ അമേരിക്കൻ സെക്യൂരിറ്റീസ് നിയമം ബാധകമല്ലെന്നാണ് വാദം.

കൈക്കൂലി ആരോപണവും അദാനിയുടെ നിയമസംഘം തള്ളിക്കളയുന്നു. ഇന്ത്യൻ വൈദ്യുതി വിതരണ കമ്പനികളെ സൗരോർജ പദ്ധതികളിലേക്ക് ആകർഷിക്കുന്നതിനായി നൽകിയ വിലക്കിഴിവുകളെയാണ് തെറ്റായി കൈക്കൂലിയായി ചിത്രീകരിച്ചതെന്നും ഇത് സാധാരണ വ്യാപാരനടപടി മാത്രമാണെന്നുമാണ് വിശദീകരണം.

2026 ഫെബ്രുവരി മുതൽ ഏപ്രിൽ വരെ ഏകദേശം 500 പേജിലധികം രേഖകളും നിയമവാദങ്ങളും വിദഗ്‌ധരുടെ അഭിപ്രായങ്ങളും സമർപ്പിച്ച ശേഷമാണ് കേസ് പിൻവലിക്കാൻ നീതിന്യായ വകുപ്പ് തീരുമാനിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ഹാർവാർഡ് ലോ സ്‌കൂളിലെ സെക്യൂരിറ്റീസ് നിയമ വിദഗ്‌ധൻ, മുൻ എസ്‌ഇസി കമ്മീഷണർ എന്നിവരുടെ അഭിപ്രായങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു.

കേസിൽ പരിശോധിച്ച നാല് സാമ്പത്തിക ഇടപാടുകളിലും നിക്ഷേപകർക്ക് സാമ്പത്തിക നഷ്‌ടമുണ്ടായതായി കുറ്റപത്രത്തിൽ എവിടെയും പറയുന്നില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. 2021-ലെ ബോണ്ട് പൂർണമായി കാലാവധി പൂർത്തിയാക്കി പലിശയും അടച്ചുകഴിഞ്ഞു. 2024-ലെ ബോണ്ടിൽ ഒരു തിരിച്ചടവും മുടങ്ങിയിട്ടില്ല. 2021-ലെ വായ്‌പ പൂർണമായും തിരിച്ചടച്ചുകഴിഞ്ഞു. 2023-ലെ വായ്‌പയും നിലവിൽ കൃത്യമായി തിരിച്ചടച്ചുകൊണ്ടിരിക്കുകയാണെന്നും രേഖകൾ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+