എസ്പി ക്കെതിരെ ഉന്നയിച്ച പീഡന പരാതി വ്യാജമാണെന്ന് വനിതാ സബ് ഇന്‍സ്‌പെക്ടര്‍
ഭുജ്: പോലീസ് സൂപ്രണ്ടിനെതിരെ താന്‍ നല്‍കിയ ലൈംഗിക പീഡന പരാതി വ്യാജമാണെന്ന് വനിതാ സബ് ഇന്‍സ്‌പെക്ടര്‍. ഗുജറാത്തിലെ കച്ച് ജില്ലയിലെ എസ്പി ജി. വി. ബരോട്ടിനെതിരെ വനിതാ സബ് ഇന്‍സ്‌പെക്ടര്‍ വെള്ളിയാഴ്ച പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി വ്യാജമാണെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അത്തരം ഒരു പരാതി നല്‍കിയതെന്നും പോലീസ് ഉദ്യോഗസ്ഥ വെളിപ്പെടുത്തി.
പോലീസ് സൂപ്രണ്ടിനെ മാനസിക സമ്മര്‍ദ്ദത്തിലാക്കാന്‍ പരാതി നല്‍കണമെന്നായിരുന്നു ഡിഎസ്പിയുടെ നിര്‍ദ്ദേശം. വഴങ്ങാത്തതിനെ തുടര്‍ന്ന് ഭീഷണിയും ഉണ്ടായി. ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഡിഎസ്പിയുടെ മകനെതിരായ ഒരു പരാതി എസ്പിയുടെ നിരീക്ഷണത്തില്‍ അന്വേഷിക്കുന്നുണ്ടെന്നും ഇത് തടസപ്പെടുത്താനായിരുന്നു ഡിഎസ്പിയുടെ നീക്കമെന്നും ഉദ്യോഗസ്ഥ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഒരു ഡോക്ടറുടെ സ്ഥലം വില്‍പനയുമായി ബന്ധപ്പെട്ട് വ്യാജ പേപ്പറുകളുണ്ടാക്കിയ പരാതിയിലാണ് ഡിഎസ്പിയുടെ മകനെതിരെ അന്വേഷണം നടക്കുന്നത്. അന്വേഷണം തനിക്ക് അനുകൂലമാക്കാനായി ഡിഎസ്പി കണ്ടെത്തിയ മാര്‍ഗമായിരുന്നു സഹപ്രവര്‍ത്തകയെക്കൊണ്ട് വ്യാജ പരാതി നല്‍കിക്കുക എന്നത്.
എസ്പിക്കെതിരെ പരാതി നല്‍കാന്‍ മടിച്ച വനിതാ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് ഡിഎസ്പി ഭീഷണിപ്പെടുത്തിയത്. ഒരു ഗാര്‍ഹിക പീഡനക്കേസ് അന്വേഷണത്തില്‍ വന്ന പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു ഭീഷണി. ജോലി സംരക്ഷിക്കാനായി തനിക്ക് വഴങ്ങേണ്ടിവന്നതെന്നും വനിതാ ഉദ്യോഗസ്ഥ വെളിപ്പെടുത്തി. സംഭവത്തില്‍ ഡിഎസ്പി ഇതുവരെ പ്രതികരിച്ചിട്ടില്ല












Click it and Unblock the Notifications