‘തലമുടിയില്‍ പിടിച്ചുവലിച്ചു,ലാത്തി കൊണ്ടടിച്ചു’;പോലീസ് ഫോണ്‍ തകര്‍ത്തെന്ന് ബിബിസി മാധ്യമപ്രവര്‍ത്തക
Recommended Video
ദില്ലി: മോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്ക്. ദില്ലി പൊലീസ് നടത്തിയ നരനായാട്ടിലാണ് ബിബിസിയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയായ ബുഷ്‌റ ഷെയ്ഖിന് പരിക്കേറ്റത്. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ബുഷ്‌റ. സൗത്ത് ദില്ലിയിലെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ പോലീസുകാര്‍ അധിക്ഷേപിച്ചെന്ന് ബുഷറ പറഞ്ഞു.

പോലീസുകാര്‍ തന്‍റെ തലമുടി വലിച്ചു. ലാത്തി കൊണ്ട് അടിച്ചു, ഫോണ്‍ പിടിച്ചു വാങ്ങി തകര്‍ത്തു. താന്‍ ഇവിടെ എത്തിയത് വിനോദത്തിനായല്ല, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണെന്നും ബുഷ്‌റ പറഞ്ഞു. മോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്പ്രതിയ പ്രതിഷേധം ഞായറാഴ്ച ദില്ലിയില്‍ അക്രമാസക്തമാകുകയായിരുന്നു. ദില്ലി പോലീസ് ടിയര്‍ഗാസ് ഷെല്ലുകള്‍ പ്രയോഗിക്കുകയും വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തു.
പ്രതിഷേധത്തിനിടെ ദില്ലി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ചില ബസുകളും കത്തിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നുവെന്നും പുറത്തു നിന്നെത്തിയവരാണ് ഇത് ചെയ്തതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. അതേസമയം, അധികൃതരുടെ അനുമതി തേടാതെയാണ് ദില്ലി പൊലീസ് സര്‍വകലാശാലയിലേക്ക് അതിക്രമിച്ച് കയറിയതെന്ന് ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. പോലീസുകാര്‍ യൂണിവേഴ്സിറ്റി ഗേറ്റ് പൂട്ടിയിട്ടതായും വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും മര്‍ദ്ദിച്ചതായും കാമ്പസില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ബന്ധിച്ചതായും ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാല ചീഫ് പ്രൊജക്ടര്‍ വസീം അഹമ്മദ് ഖാന്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ പോലീസ് വിട്ടയച്ചു. കേസൊന്നും രജിസ്ട്രര്‍ ചെയ്യാതെയാണ് അമ്പതോളം വിദ്യാര്‍ത്ഥികളെ വിട്ടയച്ചത്. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാത്രിമുതല്‍ വിദ്യാര്‍ത്ഥികള്‍ ദില്ലി പോലീസ് ആസ്ഥാനം ഉപരോധിച്ചിരുന്നു.












Click it and Unblock the Notifications