മുംബൈയില്‍ നിന്ന് 20 കൊല്ലം മുമ്പ് കാണാതായ സ്ത്രീ പാകിസ്ഥാനില്‍; കണ്ടെത്തിയത് സോഷ്യല്‍മീഡിയ!
മുംബൈ: 20 വര്‍ഷം മുമ്പ് കാണാതായ അമ്മയെ തേടി മുംബൈ സ്വദേശിനി യാസ്മിന്‍ ഷെയ്ഖ് പോകാത്ത വഴികളില്ല, മുട്ടാത്ത വാതിലുകളുമില്ല. ഒടുവില്‍ സോഷ്യല്‍മീഡയയുടെ സഹായത്തോടെ ആ മകള്‍ തന്റെ അമ്മയെ കണ്ടെത്തി.
ദുബായില്‍ പാചകക്കാരിയായി പോയ തന്റെ അമ്മ തിരികെ വന്നിട്ടില്ലെന്നാണ് യാസ്മിന്‍ പറഞ്ഞത്. ഇപ്പോള്‍ പാകിസ്ഥാനില്‍ നിന്നാണ് അമ്മയെ കണ്ടെത്തിയത്.
''എന്റെ അമ്മ 2002 ല്‍ ഒരു ഏജന്റ് വഴി ജോലിക്കായി ഇന്ത്യ വിട്ട് ദുബായിലേക്ക് പോയി. എന്നാല്‍ ഏജന്റിന്റെ ശ്രദ്ധയില്ലായ്മ മൂലം അവര്‍ക്ക് പാകിസ്ഥാനില്‍ ഇറങ്ങേണ്ടിവന്നു. അവര്‍ എവിടെ ആണെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു,'' യാസ്മീന്‍ പറഞ്ഞു.

''ഞങ്ങളുടെ അമ്മ ജീവിച്ചിരിക്കുകയും സുരക്ഷിതയാണെന്നും അറിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അവരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളെ സഹായിക്കണമെന്നാണ് ആഗ്രഹം'' യാസ്മീന്‍ പറഞ്ഞു.ബാനോയെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷനെ സമീപിക്കാനാണ് കുടുംബത്തിന്റെ നീക്കം.
പാകിസ്ഥാനിലെ ഹൈദരാബാദ് നഗരത്തില്‍ താമസിക്കുന്ന ഹമീദ ബാനോ (70) 2002ലാണ് മുംബൈയില്‍നിന്ന് പോയത്. ദുബായില്‍ വീട്ടുജോലിക്ക് വേണ്ടിയാണ് ഹമീദ ബാനോ പോയത്. എന്നാല്‍ ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് ഏജന്റ് കബളിപ്പിക്കുകയായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. ദുബായ് എന്ന പേരില്‍ പാകിസ്ഥാനിലേക്കാണ് ഹമീദ ബാനോയെ കൊണ്ടുപോയത്.
പാകിസ്ഥാനിലെ ആക്ടിവിസ്റ്റായ വലിയുല്ല മറൂഫ് ചെയ്ത യൂട്യൂബ് വീഡിയോ ആണ് 20 വര്‍ഷത്തിന് ശേഷം ബന്ധുക്കളുമായി ബന്ധപ്പെടാന്‍ ഹമീദ ബാനോയെ സഹായിച്ചത്. മുംബൈയിലെ കുര്‍ളയിലാണ് ഹമീദയുടെ കുടുംബം.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഒരു പ്രധാന നഗരമായ ഹൈദരാബാദില്‍ താമസിക്കാന്‍ തുടങ്ങിയ ബാനോ പിന്നീട് അവിടെ തന്നെയുള്ള ഒരു ആളെ വിവാഹം കഴിച്ചു, അവര്‍ക്ക് ഒരു കുട്ടി ഉണ്ടായിരുന്നു. എന്നാല്‍ ഭര്‍ത്താവ് പിന്നീട് മരിച്ചുവെന്നും ഹമീദ പറഞ്ഞു.
ഹമീദയുടെ കഥ കേട്ട് വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടപ്പിച്ച അവരെ മറൂഫ് തന്റെ യൂട്യൂബ് ചാനലില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഹമീദയെ സഹായിക്കാന്‍ കഴിയുന്ന മുംബൈയിലെ ഒരു സാമൂഹിക പ്രവര്‍ത്തകനെ അന്വേഷിക്കുകയും ചെയ്തുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഒടുവില്‍ ഖഫ്ലാന്‍ ശൈഖ് എന്നയാള്‍ വീഡിയോ കണ്ട് ഹമീദയെ സഹായിക്കാന്‍ മുന്നോട്ടുവരികയും ചെയ്തു.
തുടര്‍ന്ന് ഷെയ്ഖ് തന്റെ പ്രാദേശിക ഗ്രൂപ്പില്‍ വീഡിയോ പ്രചരിപ്പിക്കുകയും കുര്‍ളയിലെ കസൈവാഡ പ്രദേശത്ത് താമസിക്കുന്ന ബാനോയുടെ മകള്‍ യാസ്മിന്‍ ബഷീര്‍ ഷെയ്ഖിനെ കണ്ടെത്തുകയും ചെയ്തു.












Click it and Unblock the Notifications