ഇന്ത്യയിലെ അതിദരിദ്രരുടെ എണ്ണം വെറും 2.6 ശതമാനമായി കുറഞ്ഞുവെന്ന് ലോകബാങ്ക്; ശമ്പളത്തിൽ അസമത്വം
ന്യൂഡൽഹി: ഇന്ത്യയുടെ അതി ദാരിദ്ര്യ നിരക്ക് 2011 ലെ 27.1 ശതമാനത്തിൽ നിന്ന് 2023 ൽ 2.6 ശതമാനമായി കുത്തനെ കുറഞ്ഞുവെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. ഇതേ കാലയളവിൽ 496 ദശലക്ഷം ആളുകൾ താഴ്ന്ന ഇടത്തരം വരുമാന ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്ക് നീങ്ങിയതായാണ് ലോക ബാങ്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ദാരിദ്ര്യത്തിൽ ഗണ്യമായ കുറവുണ്ടായിട്ടും, രാജ്യത്തെ ഏറ്റവും ഉയർന്ന ശമ്പളമുള്ളവരും ഏറ്റവും കുറഞ്ഞ ശമ്പളമുള്ളവരുമായ തൊഴിലാളികൾ തമ്മിലുള്ള അന്തരം വിശാലമായി തന്നെ തുടരുകയാണ്.
മികച്ച 10 ശതമാനം താഴ്ന്ന 10 ശതമാനത്തെക്കാൾ 13 മടങ്ങ് കൂടുതൽ വരുമാനം നേടുന്നു. താഴ്ന്ന-ഇടത്തരം വരുമാന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഇന്ത്യൻ ജനസംഖ്യയുടെ വിഹിതം 2011 ലെ 57.7 ശതമാനത്തിൽ നിന്ന് 2023 ൽ 16.1 ശതമാനമായി കുറഞ്ഞുവെന്ന് ലോക ബാങ്ക് ഒക്ടോബർ 2026 റിപ്പോർട്ടിൽ പറയുന്നു. കടുത്ത ദാരിദ്ര്യത്തിന്റെ കുറവ് അർത്ഥമാക്കുന്നത് 2011നെ അപേക്ഷിച്ച് 2023 ൽ ഇന്ത്യൻ ജനസംഖ്യയുടെ വളരെ വലിയൊരു ഭാഗം പ്രതിദിന ചിലവിൽ മുകളിലേക്ക് വന്നുവെന്നാണ്.

കടുത്ത ദാരിദ്ര്യം അളക്കാൻ ലോകബാങ്ക് പ്രതിദിനം 3 ഡോളർ ലൈനാണ് സാധാരണയായി ഉപയോഗിക്കുന്നത്, അതേസമയം താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ദാരിദ്ര്യത്തിന്റെ മാനദണ്ഡം 4.20 ഡോളറാണ്. രണ്ട് പരിധികളും ജീവിതച്ചെലവിലെ വ്യത്യാസങ്ങൾ ക്രമീകരിക്കുന്ന 2021 ലെ വാങ്ങൽ ശേഷി തുല്യതയെ അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രതിദിനം 4.20 ഡോളറിന് താഴെ ജീവിക്കുന്നവരുടെ വിഹിതം 12 വർഷത്തിനിടയിൽ 57.7 ശതമാനത്തിൽ നിന്ന് 16.1 ശതമാനമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇത് 496 ദശലക്ഷം ആളുകളെ ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്ക് ഉയർത്തിയതായി ലോകബാങ്ക് അറിയിച്ചു. ലോകബാങ്ക് ഇന്ത്യയുടെ ഗിനി സൂചിക 2023 ൽ 23.0ലാണ് രേഖപ്പെടുത്തിയത്.
ഒരു രാജ്യത്തെ ജനങ്ങളിൽ വരുമാനമോ ഉപഭോഗമോ എത്രത്തോളം തുല്യമായോ അസമമായോ വിതരണം ചെയ്യപ്പെടുന്നുവെന്ന് അളക്കാൻ സൂചിക ഉപയോഗിക്കുന്നു. ഇത് പൂജ്യത്തിൽ നിന്ന് 100 വരെയാണ്. പൂജ്യത്തിന്റെ സ്കോർ തികഞ്ഞ സമത്വത്തെ പ്രതിനിധീകരിക്കുന്നു, അവിടെ എല്ലാവർക്കും ഒരേ വരുമാനമോ ഉപഭോഗമോ ഉണ്ടെന്ന് അർത്ഥം. 100 എന്ന സ്കോർ സാധ്യമായ ഏറ്റവും ഉയർന്ന അസമത്വത്തെ പ്രതിനിധീകരിക്കുന്നു, അവിടെ ചിലർക്ക് എല്ലാം ലഭിക്കുകയും മറ്റ് ചില വിഭാഗങ്ങൾക്ക് ഒന്നും ലഭിക്കാതിരിക്കുകയും ചെയ്യുന്നു എന്നാണ് സൂചിപ്പിക്കുന്നത്.
അൽപ്പം കൂടി ലളിതമായി പറഞ്ഞാൽ, കുറഞ്ഞ ജിനി സ്കോർ കൂടുതൽ തുല്യമായ വിതരണത്തെ സൂചിപ്പിക്കുന്നു, അതേസമയം ഉയർന്ന സ്കോർ കൂടുതൽ അസമത്വത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഇന്ത്യയുടെ 23 എന്ന സ്കോർ ലോകബാങ്കിന്റെ വിതരണത്തിലെ താരതമ്യേന കുറഞ്ഞ അളവിലുള്ള അസമത്വത്തെ സൂചിപ്പിക്കുന്നു.
എന്നാൽ എല്ലാവരും ഒരേ തുക സമ്പാദിക്കുന്നു എന്നോ ഉയർന്നവരും താഴ്ന്നവരുമായവർ തമ്മിലുള്ള അന്തരം ചെറുതാണ് എന്നോ ഇതിനർത്ഥമില്ല. ജിനി സൂചിക ജനസംഖ്യയിലുടനീളമുള്ള മൊത്തത്തിലുള്ള വിതരണം നോക്കുന്നു. ഇത് കേവലം സമ്പന്നരുടെയും ദരിദ്രരുടെയും വരുമാനത്തെ താരതമ്യം ചെയ്യുന്നില്ല.
വേതന വിടവിനെക്കുറിച്ചുള്ള ലോകബാങ്കിന്റെ കണ്ടെത്തൽ വരുമാന വിതരണത്തിന്റെ രണ്ട് അറ്റത്തുള്ള തൊഴിലാളികൾ തമ്മിലുള്ള വരുമാനത്തിലെ വ്യത്യാസത്തെ എടുത്തുകാണിക്കുന്നു.
മികച്ച രീതിയിൽ സമ്പാദിക്കുന്ന 10 ശതമാനം തൊഴിലാളികളിൽ നിന്നുള്ള ശരാശരി വരുമാനം 2023 ലെ ഏറ്റവും താഴെയുള്ള 10 ശതമാനത്തെ അപേക്ഷിച്ച് 13 മടങ്ങ് കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു. ലളിതമായി പറഞ്ഞാൽ, താഴെയുള്ള 10 ശതമാനം ശരാശരിയിലുള്ള ഒരു തൊഴിലാളി 1,000 രൂപ സമ്പാദിച്ചാൽ, ഉയർന്ന 10 ശതമാനം ശരാശരിയിലുള്ള ഒരു തൊഴിലാളി ഏകദേശം 13,000 രൂപ സമ്പാദിക്കും എന്നാണ് അർത്ഥം.
ഇത്രയൊക്കെ ആണെങ്കിലും രാജ്യത്തെ അതി ദരിദ്രരുടെ എണ്ണം ഗണ്യമായി കുറഞ്ഞ കാലയളവാണ് ഇതെന്നത് ആശ്വാസകരമായ കാര്യമാണ്. ആഗോള തലത്തിൽ യുദ്ധങ്ങളും സാമ്പത്തിക മാന്ദ്യം പോലെയുള്ള വെല്ലുവിളികളും ഒക്കെ ഉള്ള ഈ സമയത്ത് ഇന്ത്യ ഉണ്ടാക്കിയ നേട്ടം ചെറുതല്ലെന്നാണ് ലോകബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നത്.


Click it and Unblock the Notifications
