പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങള്‍: ഒളിമ്പിക് മെഡലുകള്‍ ഉള്‍പ്പടേയുള്ള മെഡലുകള്‍ ഗംഗയില്‍ ഒഴുക്കും
ഡല്‍ഹി: വനിതാ ഗുസ്തി താരങ്ങളെ ലൈംഗിക പീഡനത്തിനിരായാക്കിയെന്ന ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി ജെ പി എംപിയുമായ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതല്‍ ശക്തമാക്കി ഗുസ്തി താരങ്ങള്‍. പ്രതിശേധ സൂചകമായി രാജ്യത്തിന് വേണ്ടി ഇതുവരെ നേടിയ മെഡലുകള്‍ ഹരിദ്വാറില്‍ വെച്ച് ഗംഗയില്‍ ഒഴുക്കിക്കളയുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
തങ്ങൾ കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകൾക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണുള്ളതെന്നും ഇന്ന് വൈകിട്ട് ആറുമണിക്ക് ഹരിദ്വാറിൽ വച്ച് മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന പ്രമുഖ കായിക താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ സാക്ഷി മാലിക് വ്യക്തമാക്കുന്നത്. മെഡലുകൾ ഗംഗയിൽ ഒഴുക്കിയ ശേഷം താരങ്ങള്‍ ഇന്ത്യാ ഗേറ്റിൽ ധർണ്ണയിരിക്കും.

"...ഞങ്ങളുടെ കഴുത്തിലെ അലങ്കരിച്ച ഈ മെഡലുകൾക്ക് ഇനി അർത്ഥമില്ലെന്ന് തോന്നുന്നു. അത് നഷ്ടപ്പെടുന്നത് മരണത്തിന് സമാനമാണ്. എന്നാൽ ഞങ്ങളുടെ ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന ഒരു ജീവിതം കൊണ്ട് എന്ത് പ്രയോജനം, "- സാക്ഷി മാലിക്ക് ചോദിക്കുന്നു.
മെഡലുകള്‍ തിരികെ നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ആർക്കാണ് മെഡലുകൾ തിരികെ നൽകുകയെന്ന് ഞങ്ങള്‍ ആലോചിച്ചു. രാഷ്ട്രപതിയുടെ പേരാണ് ആദ്യം ഉയർന്ന് വന്നത്. അവർ ഒരു സ്ത്രീ തന്നെ. പക്ഷെ കഷ്ടിച്ച് രണ്ട് കിലോമീറ്റർ അകലെ ഇരുന്നു അവർ എല്ലാം വീക്ഷിച്ചു. എന്നാല്‍ ഒന്നും ഇതുവരെ മിണ്ടിയില്ല. അതുകൊണ്ടാണ് അവരെ മെഡല്‍ തിരികെ ഏല്‍പ്പിക്കാന്‍ കഴിയാത്തതെന്നും സാക്ഷി മാലിക്ക് വ്യക്തമാക്കുന്നു.
"ഞങ്ങളെ പെൺമക്കൾ എന്ന് വിളിച്ചിരുന്ന നമ്മുടെ പ്രധാനമന്ത്രിക്ക് കൊടുക്കാന്‍ സാധിക്കുമോ? പെൺമക്കളെ കുറിച്ച് ഒരിക്കൽ പോലും ചോദിക്കാത്തത് കൊണ്ട് നമുക്ക് അതിന് സാധിക്കില്ല. പകരം പീഡകനായ വ്യക്തി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയത് മിന്നുന്ന വെള്ള വസ്ത്രം ധരിച്ചായിരുന്നു. 'ഞാനാണ് സിസ്റ്റം' എന്ന് പറയുന്നതുപോലെ ഈ വെള്ള ഞങ്ങളെ കുത്തുകയായിരുന്നു,"- എന്നും ഒളിബിക് മെഡല്‍ ജേതാവ് പറയുന്നു.
അതേസമയം ബ്രിജ് ഭൂഷന്റെ അറസ്റ്റ് വൈകുന്നതിനെതിരെ രാജ്യ വ്യാപക പ്രതിഷേധത്തിന് സംയുക്ത കിസാൻ മോർച്ചയും തയ്യാറെടുക്കുകയാണ്. ഇന്നലെ രാത്രിയിൽ ചേർന്ന നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തിൽ ഗുസ്തി താരങ്ങളെ പ്രതിനിധീകരിച്ച് ബജ്റംഗ് പുനിയ പങ്കെടുത്തു. സംയുക്ത കിസാൻ മോർച്ച നേതാക്കള്‍ നേരത്തെ ഗുസ്തി താരങ്ങളുടെ സമരപന്തലിലെത്തി പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരുന്നു.












Click it and Unblock the Notifications