മോദിയെ മുട്ടുകുത്തിച്ച കര്‍ഷക പ്രക്ഷോഭം, ചെങ്കോട്ട സംഘര്‍ഷം, 2021ല്‍ ഞെട്ടിച്ച പ്രക്ഷോഭങ്ങള്‍ ഇവ
ദില്ലി: ദേശീയ സമരങ്ങളുടെ കാര്യത്തില്‍ 2021 പുതിയൊരു നാഴികക്കല്ല് പിന്നിട്ട വര്‍ഷമാണ്. കര്‍ഷക സമരം നിറഞ്ഞ് നിന്ന വര്‍ഷം കൂടിയാണിത്. വിവിധയിടങ്ങളില്‍ ഒരു വര്‍ഷത്തോളം നീണ്ടുനിന്ന സമരങ്ങളാണ് ഈ വര്‍ഷം നടന്നത്. അതോടൊപ്പം പാര്‍ലമെന്റിലും പ്രതിഷേധം നിറഞ്ഞുനിന്നു. ഒപ്പം കോണ്‍ഗ്രസ് വന്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത് ദേശീയ വ്യാപകമായി ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഒപ്പം ബംഗാളില്‍ തൃണമൂലിനെതിരെ ബിജെപി നടത്തിയ പ്രക്ഷോഭങ്ങളും ത്രിപുരയില്‍ ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ പ്രക്ഷോഭവും ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാവുകയും ചെയ്തു. സംഭവബഹുലമായിരുന്നു 2021 എന്ന് ചുരുക്കം.

റിപബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചായിരുന്നു ഏറ്റവും കൂടുതല്‍ വിവാദമായ പ്രക്ഷോഭം. പ്രക്ഷോഭം നടത്തിയ കര്‍ഷകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. ഇത് ദേശീയ തലത്തില്‍ തന്നെ വലിയ നാണക്കേടാവുകയും ചെയ്തു. ചെങ്കോട്ടയില്‍ മതപരമായ കൊടി നാട്ടിയ സംഭവവും ഇതിന് പിന്നാലെയുണ്ടായി. ദില്ലിയിലും പരിസര പ്രദേശങ്ങളിലും വന്‍ കലാപ സാഹചര്യമാണ് ഇത് മൂലമുണ്ടായത്. ആ ദിനം മുഴുവന്‍ അക്രമസംഭവങ്ങള്‍ അരങ്ങേറി. കര്‍ഷക സമരത്തെ തന്നെ ദുര്‍ബലമാക്കിയ സംഭവമായിരുന്നു ഇത്. അതേസമയം കര്‍ഷക നേതാക്കള്‍ ഈ സമരത്തില്‍ നിന്ന് വിട്ടുനിന്നു. തങ്ങളുടെ സമരത്തില്‍ സാമൂഹ്യ വിരുദ്ധര്‍ അതിക്രമിച്ച് കയറി പ്രശ്‌നമുണ്ടാക്കിയെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച അടക്കം ഉന്നയിച്ചത്.
ഇത് കര്‍ഷക സമരത്തിന്റെ ഒരു ഘട്ടം മാത്രമായിരുന്നു. സിംഘു അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്ത് കര്‍ഷകര്‍ ശക്തമായി തന്നെ കേന്ദ്രത്തോട് പ്രതിഷേധിച്ചിരുന്നു. രണ്ടാം തരംഗത്തിന്റെ സമയത്തും ഈ പ്രതിഷേധത്തിന് ഇളവുണ്ടായില്ല. ഹരിയാനയിലും പഞ്ചാബിലും യുപിയിലും വിവിധ തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ സര്‍ക്കാരിനെതിരെ കര്‍ഷകര്‍ തുടര്‍ന്നു. കേരളം അടക്കം സംസ്ഥാന തിരഞ്ഞെടുപ്പ് നടന്ന ഇടങ്ങളില്‍ മഹാപഞ്ചായത്തുകള്‍ അടക്കം നടത്തിയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. വിവിധ രാഷ്ട്രീയ നേതാക്കളെ വരെ ഉള്‍ക്കൊള്ളിച്ച് പശ്ചിമ യുപിയില്‍ മഹാപഞ്ചായത്ത് നടത്തി. പ്രിയങ്ക ഗാന്ധി അടക്കം ഇതില്‍ പങ്കെടുത്തിരുന്നു. ദില്ലിയിലും ഹരിയാനയിലും മഹാപഞ്ചായത്തുകള്‍ പ്രക്ഷോഭ വേദികളായി. ജനുവരി മുതല്‍ നവംബര്‍ മാസം വരെ ഈ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
കര്‍ഷകര്‍ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ വലിയ പ്രചാരണം തന്നെ പ്രതിഷേധത്തിന്റെ ഭാഗമായി നടത്തി. എല്ലായിടത്തും ബിജെപി പരാജയപ്പെടുകയും ചെയ്തു. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിലും വന്‍ തിരിച്ചടി ബിജെപിക്കുണ്ടായി. ഇതും കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ തുടര്‍ന്നായിരുന്നു. ഒടുവില്‍ പ്രക്ഷോഭത്തിനിടയിലേക്ക് ലഖിംപൂര്‍ ഖേരിയില്‍ ബിജെപി കേന്ദ്ര മന്ത്രിയുടെ മകന്‍ കാറോടിച്ച് കയറ്റിയത് വലിയ വിവാദമായി. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചു. അതും രാജ്യം മുഴുവന്‍ ശ്രദ്ധ നേടി. ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സമരം പിന്‍വലിക്കാനും കര്‍ഷകര്‍ തീരുമാനിച്ചിരുന്നു.
കര്‍ഷക സമരം ഈ വര്‍ഷം മുഴുവന്‍ നിറഞ്ഞ് നിന്നത് കൊണ്ടും രണ്ടാം തരംഗം ശക്തമായിരുന്നത് കൊണ്ട് മറ്റ് പ്രക്ഷോഭങ്ങള്‍ ദേശീയ തലത്തിലേക്ക് അധികം ശക്തമായി ഉയര്‍ന്നിട്ടില്ല. പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധ സമരം ഇപ്പോള്‍ എല്ലാവരും ഒരുപോലെ ചര്‍ച്ച ചെയ്യുന്നതാണ്. ശൈത്യകാല സമ്മേളത്തിന്റെ തുടക്കത്തില്‍ തന്നെ 12 പ്രതിപക്ഷ എംപിമാരെ രാജ്യസഭാ അധ്യക്ഷന്‍ സസ്‌പെന്‍ഡ് ചെയ്തു. ഇതേ തുടര്‍ന്നാണ് ഇവര്‍ സമരം ആരംഭിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളും സസ്‌പെന്‍ഷനെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭ വേദിയാക്കി. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു പന്ത്രണ്ട് എംപിമാരും ധര്‍ണയിരിക്കാന്‍ തീരുമാനിച്ചത്.
സര്‍ക്കാര്‍ പ്രക്ഷോഭത്തിനെ തുടര്‍ന്നും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ല. രാജ്യസഭാ എംപിമാര്‍ വ്യാഴാഴ്ച്ച സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് സമരത്തില്‍ പങ്കുചേരുകയും ചെയ്തു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഈ സമരത്തെ പിന്തുണച്ചു. മറ്റൊന്ന് കോണ്‍ഗ്രസ് വിലക്കയറ്റത്തിനെതിരെ നടത്തിയ പ്രക്ഷോഭമാണ്. രാജ്യ തലസ്ഥാനത്ത് നടക്കേണ്ടിയിരുന്ന പ്രക്ഷോഭമായിരുന്നു ഇത്. എന്നാല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. പകരം രാജസ്ഥാനിലെ ജയ്പൂരിലേക്ക് ഈ പ്രക്ഷോഭം മാറ്റുകയായിരുന്നു. ഇന്ധന വില വര്‍ധനവ്, പാചകവാതക വില വര്‍ധനവ്, അവശ്യ സാധനങ്ങളുടെ വിലവര്‍ധനവ് എന്നിവ ഇതില്‍ കോണ്‍ഗ്രസ് ശക്തമായി ഉന്നയിച്ചു. ദേശീയ തലത്തില്‍ തന്നെ ഈ സമരം കോണ്‍ഗ്രസിന്റെ തിരിച്ചുവരവായി വ്യാഖ്യാനിക്കപ്പെട്ടു.












Click it and Unblock the Notifications