വാണവരുടെയും വീണവരുടെയും 2021, മുഖ്യമന്ത്രി സ്ഥാനം നഷ്ടമായവരും അധികാരം നിലനിര്‍ത്തിയവരും ഇവര്‍
ദില്ലി: 2021 ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെയേറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. ജനരോഷം നേരിടുന്ന മുഖ്യമന്ത്രിമാരെ പ്രമുഖ പാര്‍ട്ടികള്‍ മാറ്റിയ വര്‍ഷം കൂടിയായിരുന്നു ഇത്. നിരവധി പേരെ ബിജെപി മാറ്റിയപ്പോള്‍, നിരവധി പേര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. ആറ് മാറ്റങ്ങളാണ് 12 മാസങ്ങള്‍ക്കിടെ നടന്നത്. ഈ വര്‍ഷത്തെ ആദ്യ മാറ്റം നടന്നത് ഉത്തരാഖണ്ഡിലാണ്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെ ബിജെപി ദേശീയ നേതൃത്വം തന്നെ മാറ്റി. പകരം ലോക്‌സഭാ എംപി തിരാത് സിംഗ് റാവത്തിനെ മുഖ്യമന്ത്രിയായി നിയമിച്ചു. തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയായിരുന്നു മാറ്റം. ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ ഭരണത്തില്‍ പാര്‍ട്ടി നേതാക്കള്‍ അതൃപ്തിയിലായിരുന്നു.

അസമില്‍ സര്‍ബാനന്ദ സോനോവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയതായിരുന്നു മറ്റൊരു അമ്പരപ്പിക്കുന്ന മാറ്റം. ഹിമന്ത ബിശ്വ ശര്‍മ അസമിലെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു മാറ്റം. സേനോവാള്‍ കേന്ദ്രത്തിലേക്ക് മന്ത്രിയായി പോവുകയും ചെയ്തു. ഉത്തരാഖണ്ഡില്‍ വീണ്ടുമൊരു മുഖ്യമന്ത്രി നാല് മാസത്തിനിടെ തന്നെ ഉണ്ടായി. തിരാത് സിംഗ് റാവത്തും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചു. ആറ് മാസത്തിനുള്ളില്‍ അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് നേരിട്ട് വീണ്ടും മുഖ്യമന്ത്രിയാവാന്‍ സാധിക്കാത്തതിനെ തുടര്‍ന്നായിരുന്നു. ഈ തീരുമാനം. പകരം പുഷ്‌കര്‍ സിംഗ് ധമി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഉത്തരാഖണ്ഡിലെ മാറ്റം രാഷ്ട്രീയ വിവാദങ്ങള്‍ക്കും തുടക്കമിട്ടു. ആറ് മാസത്തിനിടെ മൂന്ന് തവണ മുഖ്യമന്ത്രിയെ മാറ്റിയെന്ന ചീത്തപ്പേരും ബിജെപി സ്വന്തമാക്കി. അടുത്തത് കര്‍ണാടകത്തിലായിരുന്നു. കര്‍ണാടക ബിജെപിയിലെ തന്നെ ഏറ്റവും കരുത്തുറ്റ ലിംഗായത്ത് നേതാവായ ബിഎസ് യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാണ് ബിജെപി ഞെട്ടിച്ചത്. പകരം ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി. ജൂലായിലായിരുന്നു മാറ്റം. ബിജെപിയിലെ വിരമിക്കല്‍ കാലാവധിയായ 75 വയസ്സ് പിന്നിട്ടപ്പോഴാണ് യെഡിയൂരപ്പയെ മാറ്റാന്‍ ബിജെപി തീരുമാനമെടുത്തത്. പകരം യെഡിയൂരപ്പയുടെ വിശ്വസ്തനായ ബൊമ്മൈയെ തന്നെ കൊണ്ടുവരികയായിരുന്നു.
ഗുജറാത്തിലും ബിജെപി മാറ്റം കൊണ്ടുവന്നു. ഇവിടെ വിജയ് രൂപാണിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി. പകരം ഭൂപേന്ദ്ര പാട്ടീലിനെയാണ് മുഖ്യമന്ത്രിയായി നിയമിച്ചത്. സെപ്റ്റംബറിലായിരുന്നു മാറ്റം. സംസ്ഥാന തിരഞ്ഞെടുപ്പിന് വെറും 14 മാസം മാത്രം പ്രായമുള്ളപ്പോഴായിരുന്നു മാറ്റം. എന്നാല്‍ മാറ്റത്തില്‍ ഏറ്റവും ഞെട്ടിച്ചത് കോണ്‍ഗ്രസാണ്. പഞ്ചാബില്‍ ഏറ്റവും ശക്തനായ നേതാവ് അമരീന്ദര്‍ സിംഗിനെ തന്നെ ഹൈക്കമാന്‍ഡ് മാറ്റി. പകരം ചരണ്‍ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയായി നിയമിച്ചു. എന്നാല്‍ ബിജെപിയിലെ പോലെ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല കോണ്‍ഗ്രസില്‍. ക്യാപ്റ്റന്‍ പാര്‍ട്ടിയോട് ഇടഞ്ഞു. പിന്നീട് പാര്‍ട്ടി വിടുകയും പുതിയ പാര്‍ട്ടി ഉണ്ടാക്കുകയും ചെയ്തു.
അമരീന്ദര്‍ ഹൈക്കമാന്‍ഡിനെയും ഗാന്ധി സഹോദരങ്ങളെയും രൂക്ഷമായിട്ടാണ് വിമര്‍ശിച്ചത്. അതേസമയം പുതിയ മുഖ്യമന്ത്രിമാരെയും ഈ വര്‍ഷം കാണാന്‍ സാധിച്ചു. തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ എത്തി. അണ്ണാഡിഎംകെയെ അദ്ദേഹത്തിന്റെ ഡിഎംകെ പരാജയപ്പെടുത്തി. ബംഗാളില്‍ മമത ബാനര്‍ജി മൂന്നാം തവണയും മുഖ്യമന്ത്രിയായി. കേരളത്തില്‍ പതിവില്‍ നിന്ന് വിപരീതമായി തുടര്‍ച്ചയായ രണ്ടാം തവണ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി. യുഡിഎഫിനെയാണ് തകര്‍ത്തത്. പുതുച്ചേരിയില്‍ എന്‍ രംഗസ്വാമിയുടെ അഖിലേന്ത്യാ എന്‍ആര്‍ കോണ്‍ഗ്രസ് അധികാരത്തിലേറി. ബിജെപിക്കൊപ്പം ചേര്‍ന്നാണ് സര്‍ക്കാരുണ്ടാക്കിയത്.












Click it and Unblock the Notifications