കരട് രാഷ്ട്രീയ അടവു നയം; പാര്‍ട്ടി കോണ്‍ഗ്രസില്‍ തുറന്ന ചര്‍ച്ച, ബദല്‍ രേഖ അവതരിപ്പിക്കാന്‍ നീക്കം
ഹൈദരബാദ്: കരട് രാഷ്ട്രീയ അടവു നയത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ തിരിച്ചടിയേറ്റ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ലക്ഷ്യമിടുന്നത് പാര്‍ട്ടി കോണ്‍ഗ്രസില്‍ തുറന്ന ചര്‍ച്ച. കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച ബദല്‍ രേഖ യെച്ചൂരി സമ്മേളത്തില്‍ അവതരിപ്പിക്കും.
കോണ്‍ഗ്രസ് സഹകരണം വേണമെന്ന യെച്ചൂരിയുടെ നിലപാട് കേന്ദ്ര കമ്മിറ്റി വോട്ടിനിട്ടു തള്ളിയിരുന്നു. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച കരട് രാഷ്ട്രീയ അടവു നയമാണ് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്. സീതാറാം യെച്ചൂരിയുടെ നിലപാടുകള്‍ വോട്ടിനിട്ടായിരുന്നു തള്ളിയത്. എന്നാല്‍ ഈ നിലപാടില്‍ നിന്നും പിന്നോട്ടു പോകാന്‍ തയ്യാറാകാതിരുന്ന യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്വന്തം നിലപാട് അവതരിപ്പിക്കാന്‍ അവസരം കാത്തിപരിക്കുകയായിരുന്നു.

കേന്ദ്ര കമ്മിറ്റിയുടെ അനുമതി യെച്ചൂരിയുടെ ആദ്യ വിജയമാണ്. പ്രകാശ് കാരാട്ട് കരട് രാഷ്ട്രീയ അടവു നയം അവതരിപ്പിച്ച ശേഷം യെച്ചൂരി സ്വന്തം നിലപാടു വിശദീകരിക്കും. ഇതോടെ ചര്‍ച്ചകള്‍ സജീവമാകും. ജനറല്‍ സെക്രട്ടറിയുടെ നിലപാട് വേദിയില്‍ അവതരിപ്പിക്കുന്നതോടെ പ്രതിനിധികള്‍ക്ക് തുറന്ന ചര്‍ച്ചയ്ക്ക് അവസരം ഒരുങ്ങുകയും ചെയ്യും. ബ്രാഞ്ച് തലം മുതല്‍ ചര്‍ച്ച ചെയ്തപ്പോഴും അല്ലാതെയും ലഭിച്ച ഒന്‍പതിനായിത്തോളം ഭേദഗതികളിലും കോണ്‍ഗ്രസ് സഹകരണം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ ഭേദഗതി ഉള്‍പ്പെടുത്താന്‍ കേന്ദ്ര കമ്മിറ്റി തയ്യാറായിരുന്നില്ല. യെച്ചൂരിയുടെ പുതിയ നീക്കം കോണ്‍ഗ്രസ് സഹകരണം അനുകൂലിക്കുന്നവര്‍ക്ക് വീണ്ടും ആവശ്യം ശക്തമാക്കുന്നതിനുള്ള അവസരം ലഭ്യമാക്കുന്നു.
പ്രകാശ് കാരാട്ട് അവതരിപ്പിക്കുന്ന, കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് നയത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ തിരുത്തല്‍ നിര്‍ദേശിച്ചാല്‍ ബദല്‍ രേഖ എന്ന ധാരണയുണ്ടാകും. അങ്ങനെ ഒരു സ്ഥിതി വന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ വോട്ടെടുപ്പുണ്ടാകുകയും ചെയ്യും. ഏതു നിലപാടു സ്വീകരിച്ചാലും പാര്‍ട്ടിക്കുള്ളില്‍ വിള്ളല്‍ വരും. ഇതൊഴിവാക്കാന്‍ നേതാക്കള്‍ സജീവമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
എന്നാല്‍ യെച്ചൂരി നിലപാടില്‍ നിന്നും പിന്നോട്ട് പോകാന്‍ തയ്യാറായില്ല. ഇന്നലെ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലും യെച്ചൂരി നിലപാടു വിശദമാക്കിയിരുന്നു. തുടര്‍ന്നു നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സ്വന്തം നിലപാട് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി. വിവാദങ്ങള്‍ ഒഴിവാക്കുന്നതിനായി നേതാക്കള്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് യെച്ചൂരിക്ക് നിലപാട് അവതരിപ്പിക്കുന്നതിനുള്ള അനുമതി നല്‍കുകയും ചെയ്തു.
ചര്‍ച്ചകള്‍ സജീവമാകുന്നതോടെ രാഷ്ട്രീയ അടവു നയം രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളുടെ ഏറ്റുമുട്ടലായി മാറും. ബംഗാള്‍ അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂരിഭാഗം സംസ്ഥാന ഘടകങ്ങളിലും കോണ്‍ഗ്രസ് സഹകരണം വേണമെന്നു വാദിക്കുന്നവരാണ് ഭൂരിപക്ഷം. അതുകൊണ്ടു തന്നെ വോട്ടെടുപ്പ് വേണ്ടി വന്നാല്‍ യെച്ചൂരിയുടെ നിലപാടിന് സ്വീകാര്യത ലഭിക്കും. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ യെച്ചൂരി കൂടുതല്‍ കരുത്താര്‍ജ്ജിക്കും. മറിച്ചായാല്‍ ജനറല്‍ സെക്രട്ടറി പദവി പോലും തുലാസിലാകും.












Click it and Unblock the Notifications