മുഖ്യമന്ത്രി പദത്തില്‍ ഇനി തുടരാം.... യെഡ്ഡിയൂരപ്പയ്ക്ക് ഇനിയുള്ളത് മന്ത്രിസഭാ രുപീകരണം
ബംഗളൂരു: കര്‍ണാടകത്തില്‍ യെഡ്ഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. വിശ്വാസ വോട്ട് വിജയിച്ചതോടെ അക്കാര്യം എളുപ്പമാവുകയും ചെയ്തു. ഇനി അദ്ദേഹത്തിന്റെ മുന്നിലുള്ള വെല്ലുവിളി മന്ത്രിസഭാ രുപീകരണമാണ്. പാര്‍ട്ടിക്കുള്ളില്‍ മുതിര്‍ന്ന നേതാക്കളെ ഒപ്പം നിര്‍ത്താന്‍ അവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടി വരും. മന്ത്രfസഭാ രൂപീകരണം ഈ ആഴ്ച്ചയ്ക്കുള്ളില്‍ തന്നെ ഉണ്ടാവുമെന്നാണ് ബിജെപി നേതൃത്വം സൂചിപ്പിക്കുന്നത്.

അതേസമയം ആരൊക്കെയായിരിക്കും മന്ത്രിമാര്‍ എന്നത് സംബന്ധിച്ച് സസ്‌പെന്‍സ് തുടരുകയാണ്. ഇക്കാര്യം ദേശീയ നേതൃത്വം വിട്ട് പറഞ്ഞിട്ടുമില്ല. അമിത് ഷായാണ് മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. ആദ്യമായി സ്പീക്കറെ കണ്ടെത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. നിലവിലെ സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ യെഡ്ഡിയൂരപ്പ വിശ്വാസ വോട്ട് വിജയിച്ചതിന് പിന്നാലെ രാജിവെച്ചിരുന്നു. ഇതാണ് പുതിയ സ്പീക്കര്‍ക്കായുള്ള നീക്കത്തിന് പിന്നിലെ കാരണം.
കേന്ദ്രത്തില്‍ നിന്നുള്ള സീനിയര്‍ നേതാക്കള്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി സംസ്ഥാനത്തെത്തും. ശ്രീരാമുലുവിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് ഇപ്പോഴുള്ള അഭ്യൂഹം. കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരിനെ താഴെ വീഴ്ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ശ്രീരാമുലുവാണ്. ബെല്ലാരിയില്‍ നിന്നുള്ള നേതാക്കള്‍ക്ക് യെഡ്ഡിയൂരപ്പ സര്‍ക്കാരില്‍ എപ്പോഴും പ്രാമുഖ്യം ഉണ്ടാവാറുണ്ട്. ശ്രീരാമുലു റെഡ്ഡി സഹോദരന്‍മാരുമായി അടുപ്പമുള്ള നേതാവാണ്.
രണ്ട് ദിവസത്തിനുള്ളില്‍ സ്പിക്കര്‍ ആരാണെന്ന് തീരുമാനിക്കുമെന്ന് ബിജെപി വക്താവ് സുരേഷ് കുമാര്‍ പറഞ്ഞു. അതേസമയം തന്നെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങളെ അദ്ദേഹം തള്ളി. എന്നോട് ഇക്കാര്യം ആരും സൂചിപ്പിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യെഡ്ഡിയൂരപ്പ അടുത്ത ദിവസം ദില്ലിയിലെത്തി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അയോഗ്യരാക്കപ്പെട്ടവര്‍ക്ക് മന്ത്രിസ്ഥാനം ന്ല്‍കേണ്ടെന്ന ആശ്വാസത്തിലാണ് യെഡ്ഡിയൂരപ്പ.












Click it and Unblock the Notifications