കോൺഗ്രസിനെക്കാൾ അപകടം ഇടഞ്ഞ് നിൽക്കുന്ന യെഡ്ഡി; മെരുക്കാൻ 18 അടവുമായി ബിജെപി
ബെംഗളൂരു: ദക്ഷണേന്ത്യയിൽ ബി ജെ പി അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് കർണാടക. അതുകൊണ്ട് തന്നെ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് നടക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഇവിടെ അധികാരം നിലനിർത്തുകയെന്നത് ബി ജെ പിയെ സംബന്ധിച്ച് അഭിമാനപോരാട്ടം കൂടിയാണ്.
എന്നാൽ ഇത്തവണ ബി ജെ പിക്ക് ഇവിടെ രാഷ്ട്രീയ സാഹചര്യം അനുകൂലമല്ലെന്നതാണ് പാർട്ടി നേതൃത്വത്തിന്റെ ആശങ്ക. ഇടഞ്ഞ് നിൽക്കുന്ന മുൻ മുഖ്യൻ യെദ്യൂരപ്പയാണ് ബി ജെ പിക്ക് ഇവിടെ ഭീഷണി ഉയർത്തുന്നത്. വിശദമായി വായിക്കാം

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് യെദ്യൂരപ്പയുടെ കീഴിലായിരുന്നു ബി ജെ പി പോരാടിയത്. അന്ന് സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. അന്ന് 104 സീറ്റുകളായിരുന്നു പാർട്ടിക്ക് ലഭിച്ചത്. തുടർന്ന് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സർക്കാർ രൂപീകരിക്കുകയും ചെയ്തു. എന്നാൽ വിശ്വാസ വോട്ടെടുപ്പിൽ യെഡ്ഡി സർക്കാർ പരാജയപ്പെട്ടു, തുടർന്ന് അദ്ദേഹം രാജിവെച്ച് ഒഴിയുകയും ചെയ്തു. പിന്നാലെ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാർ അധികാരത്തിലേറി. എന്നാൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ അധികാരം തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു പിന്നീട് യെഡ്ഡിയും ക്യാമ്പും. ഒടുക്കം 2019 ൽ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ താഴെയിറക്കി ബി ജെ പി അധികാരം തിരിച്ച് പിടിച്ചു. സഖ്യത്തിനുള്ളിലെ അസ്വാരസ്യം മുതലെടുത്ത് 17 ഓളം എംഎൽഎമാരെ ബി ജെ പിയിൽ എത്തിച്ച് കൊണ്ടായിരുന്നു ഇത്. യെദ്യൂരപ്പയുടെ നേതൃത്വത്തിലായിരുന്നു 2019 ലെ ഓപ്പറേഷൻ താമര ബിജെപിയൊരുക്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ യെഡ്ഡിയുടെ നേതൃത്വത്തിൽ തന്നെ ബി ജെ പി വീണ്ടും അധികാരത്തിലേറി.

എന്നാൽ വൈകാതെ തന്നെ യെദ്യൂരപ്പയ്ക്കെതിരെ പാർട്ടിയിൽ പടയൊരുക്കം തുടങ്ങി. മകൻ ബിവൈ വിജേന്ദ്രയെ തന്റെ രാഷ്ട്രീയ പിൻഗാമിയാക്കാനുള്ള യെഡ്ഡിയുടെ നീക്കങ്ങളാണ് നേതാക്കളെ ചൊടിപ്പിച്ചത്. ദേശീയ നേതൃത്വത്തിന് മുന്നിൽ പരാതിയെത്തിയതോടെ യെഡ്ഡിയെ മാറ്റാൻ തീരുമാനമായി. മറ്റൊരു ലിഗായത്ത നേതാവായ ബൊമ്മിയെ നേതൃത്വം മുഖ്യമന്ത്രിയാക്കുകയും ചെയ്തു. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയത് മുതൽ നേതൃത്വവുമായി അത്ര ചേർച്ചയിൽ അല്ല യെദ്യൂരപ്പ.പലപ്പോഴായി യെഡ്ഡി തൻറെ അതൃപ്തികൾ പരസ്യമായി തന്നെ പ്രകടമാക്കുകയും ചെയ്തിട്ടുണ്ട്.

അടുത്തിടെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പാർട്ടിയുടെ സങ്കൽപ്പ് യാത്രയിൽ നിന്നും യെദ്യൂരപ്പ വിട്ട് നിന്നിരുന്നു. കൊപ്പയിൽ നടന്ന പരിപാടിയിൽ യെഡ്ഡിയുടെ പേര് ആദ്യം ഉൾപ്പെടുത്തിയിരുന്നില്ല. ഇതായിരുന്നു അദ്ദേഹത്തെ ചൊടിപ്പിച്ചത്. പിന്നീട് ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഇടപെട്ട് സമ്മർദ്ദം ചെലുത്തിയതോടെ അദ്ദേഹം പങ്കെടുത്തു. എന്നാൽ പിന്നീട് തുംകുരുവിലും കുനിഗലിലും നടന്ന പരിപാടികളിൽ നിന്നും അദ്ദേഹം വിട്ടുനിന്നു. ഡിസംബർ 25 വരെ 52 നിയസഭ മണ്ഡലങ്ങൾ ജയസങ്കൽ യാത്ര പൂർത്തിയാക്കേണ്ടതുണ്ടെന്നിരിക്കെയാണ് യെഡ്ഡിയുടെ ഈ വിട്ട് നിൽക്കൽ.
തന്നെ പാർട്ടി അവഗണിക്കുന്നില്ലെന്നും താൻ ബി ജെ പി നേതൃത്വത്തിനൊപ്പം തന്നെ ഉണ്ടെന്നും യെഡ്യൂരപ്പ ആവർത്തിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നീക്കങ്ങൾ അതിന് നേർ വിപരീതമാണെന്ന് പാർട്ടി നേതാക്കൾ തന്നെ സമ്മതിക്കുന്നു. എന്നാൽ യെഡ്ഡി ഇടഞ്ഞ് നിൽക്കുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ധാരണ ബി ജെ പി നേതൃത്വത്തിനുണ്ട്.

സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിഗായത്ത് വിഭാഗത്തിലെ ശക്തനായ നേതാവ് യെദ്യൂരപ്പ. അദ്ദേഹത്തെ മാറ്റി നിർത്താനുള്ള തീരുമാനത്തിനെതിരെ സമുദായാംഗങ്ങൾ നേരത്തേ തന്നെ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. സമുദായത്തിന്റെ അതൃപ്തികൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മറ്റൊരു ലിഗായത്ത് നേതാവായ ബസവരാജ് ബൊമ്മിയെ മുഖ്യനാക്കിയതെങ്കിലും അദ്ദേഹത്തിന് സമുദായത്തിന് ഇടയിൽ അത്ര സ്വീകാര്യത ഇല്ല. ഈ സാഹചര്യത്തിൽ യെദ്യൂരപ്പ നിസഹകരണം തുടർന്നാൽ വോട്ട് ബാങ്കിൽ വലിയ വിള്ളൽ വീഴും. ഇത് ബി ജെ പിയെ പരാജയത്തിലേക്ക് നയിക്കുമെന്ന ആശങ്കയും നേതൃത്വത്തിന് ഉണ്ട്. പ്രത്യേകിച്ച് 2013 ലെ തിരിച്ചടി മുന്നിലുള്ളതിനാൽ.

അന്ന് നേതൃത്വവുമായി ഇടഞ്ഞ് കെ ജെ പി എന്ന പാർട്ടി രൂപീകരിച്ച യെദ്യൂരപ്പ തിരഞ്ഞെടുപ്പിൽ 9.5 ശതമാനം വോട്ട് നേടിയിരുന്നു. വോട്ടുകൾ ഭിന്നിച്ചതോടെ വ്യക്തായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് ഭരണം പിടിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമം ആരംഭിച്ചിട്ടുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. അതേസമയം മകൻ ബിവൈ വിജേന്ദ്രയ്ക്ക് പാർട്ടിയിൽ അർഹമായ സ്ഥാനമെന്ന തുറുപ്പ് വെച്ചാകും യെദ്യൂരപ്പ നേതൃത്വത്തിന്റെ നീക്കങ്ങളോട് പ്രതികരിക്കുകയെന്നാണ് സൂചന. ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിൽ വലിയ അട്ടിമറി തന്നെ തിരഞ്ഞെടുപ്പിൽ ഉണ്ടായേക്കുമെന്ന കാര്യത്തിലും തർക്കമില്ല.












Click it and Unblock the Notifications