ക്ഷേത്രങ്ങളില്‍ നവരാത്രി ആഘോഷങ്ങള്‍ സംഘടിപ്പിക്കണം; മജിസ്‌ട്രേറ്റുമാരോട് യോഗി സര്‍ക്കാര്‍, വിചിത്രമായ നടപടി
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വ അജണ്ടകള്‍ തീവ്രമായി പ്രയോഗിച്ച് മുന്നോട്ട് പോകാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ശ്രമം. ഇതിന്റെ മുന്നോടിയായി നവരാത്രി ഉത്സവ വേളയില്‍ പ്രത്യേക 'അഖണ്ഡ രാമായണ്‍ പാത' സംഘടിപ്പിക്കാന്‍ 75 ജില്ലാ മജിസ്ട്രേറ്റുകള്‍ക്കും ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മാര്‍ച്ച് 22 നും 30 നും ഇടയിലുള്ള നവരാത്രി ഉത്സവ വേളയില്‍ അഷ്ടമി, രാമനവമി എന്നീ ദിനങ്ങളിലായിരിക്കണം അഖണ്ഡ രാമായണ്‍ പാത സംഘടിപ്പിക്കേണ്ടത്.
രാജ്യത്ത് തന്നെ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് യോഗി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ മതപരമോ സാംസ്‌കാരികമോ ആയ പരിപാടികള്‍ക്ക് ഭരണപരമായ പിന്തുണ ഇതിന് മുന്‍പും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ജില്ലാ മജിസ്‌ട്രേറ്റുമാരോട് ഇത് സംഘടിപ്പിക്കാന്‍ ഔദ്യോഗികമായി ആവശ്യപ്പെടുന്നത് എന്നതാണ് ശ്രദ്ധേയം.

നവരാത്രി ഉത്സവത്തില്‍ ദുര്‍ഗാദേവിയുടെ ഒമ്പത് രൂപങ്ങള്‍ ആരാധിക്കപ്പെടുന്നു എന്നും ഇത് വേദങ്ങളിലും പുരാണങ്ങളിലും എടുത്ത് കാണിക്കുന്നുണ്ട് എന്നും സര്‍ക്കുലറില്‍ പറയുന്നു. അത്തരത്തിലുള്ള സാംസ്‌കാരികവും മതപരവുമായ പരിപാടികള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കേണ്ടതുണ്ട് എന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്. പരിപാടി സംഘടിപ്പിക്കേണ്ട ക്ഷേത്രങ്ങള്‍ മാത്രമല്ല ജില്ലാ മജിസ്‌ട്രേറ്റുമാര്‍ കണ്ടെത്തേണ്ടത്.
പരിപാടി അവതരിപ്പിക്കുന്ന കലാകാരന്മാരെ തെരഞ്ഞെടുക്കുകയും വേണം. ഇതിനായി ഓരോ ജില്ലകള്‍ക്കും സംസ്ഥാന ഖജനാവില്‍ നിന്ന് 100000 രൂപയും അനുവദിച്ചിട്ടുണ്ട്, അതേസമയം അധികമായി വരുന്ന സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അവരുടെ പ്രാദേശിക വിഭവങ്ങള്‍ ഉപയോഗിക്കണം എന്നും ജില്ലാ മജിസ്‌ട്രേറ്റുമാരോട് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.
സാംസ്‌കാരിക വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ ഇത് സംബന്ധിച്ച സംസ്ഥാന തല ഏകോപനത്തിനായി നോഡല്‍ ഓഫീസര്‍മാരാക്കിയിട്ടുണ്ട്. ജില്ലാ തലത്തിലും ബ്ലോക്ക് തലങ്ങളിലും ഓരോ പരിപാടികള്‍ക്കും വ്യാപകമായ പ്രചാരണം ഉറപ്പാക്കാന്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. മുസ്ലീം പേരുള്ള സ്ഥലങ്ങളുടെ പേര് മാറ്റല്‍, ബുള്‍ഡോസര്‍ ഡ്രൈവ്, അനൗദ്യോഗിക ഏറ്റുമുട്ടല്‍ എന്നിവയിലൂടെ അവസരം കിട്ടുമ്പോഴെല്ലാം യോഗി സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട പുറത്തെടുക്കുന്നുണ്ട്.
ഇത്തരം നീക്കങ്ങള്‍ സംസ്ഥാനത്ത് ഹിന്ദു വോട്ടുകള്‍ ധ്രുവീകരിക്കുന്നതിന് കാരണമാകുകയും ബി ജെ പിയ്ക്ക് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. ആചാരപരവും മതപരവുമായ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും സര്‍ക്കാരിന്റെ ഔദ്യോഗിക ഇടപെടല്‍ ബി ജെ പിയുടെയും ആര്‍ എസ് എസിന്റേയും പ്രഖ്യാപനമായ ഹിന്ദു രാഷ്ട്രം എന്ന പ്രത്യയശാസ്ത്ര രൂപകല്‍പ്പനയുടെ ഭാഗമാണ് എന്നാണ് വിലയിരുത്തല്‍.
Beauty Tips: അമ്പമ്പോ.. ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ഗുണങ്ങളെ
എന്നാല്‍ യുപിയില്‍ മുമ്പുണ്ടായിരുന്ന എസ് പി , ബി എസ് പി, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ റംസാന്‍ കാലത്ത് ഇഫ്താറുകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം എടുത്തിട്ടുണ്ട് എന്നാണ് ബി ജെ പി വൃത്തങ്ങളുടെ അവകാശവാദം. ഇഫ്താറുകള്‍ക്ക് മതപരമായ അടിസ്ഥാനമുണ്ടെങ്കില്‍ പോലും അതില്‍ എല്ലാ മതത്തിലുള്ളവരും പങ്കെടുക്കുന്നതാണ്. എന്നാല്‍ നവരാത്രി ആഘോഷങ്ങള്‍ അങ്ങനെയല്ല.
ഇതിനേക്കാളേറെ അത്ഭുതം സര്‍ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്യാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ധൈര്യം കാണിച്ചില്ല എന്നതാണ്. ഈ നീക്കത്തെ സ്വാഗതം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവും എസ് പി അധ്യക്ഷനുമായ അഖിലേഷ് യാദവ് പറഞ്ഞത് അനുവദിച്ച തുക തുച്ഛമാണെന്നും 10 കോടി രൂപ അനുവദിക്കണമെന്നും മറ്റ് മതപരമായ ഉത്സവങ്ങളിലും ഇത് ചെയ്യണം എന്നുമായിരുന്നു.
അതേസമയം സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ചില കോണുകളില്‍ നിന്ന് വിമര്‍ശനം വരുന്നുണ്ട്. ഒരു മതപരമായ പരിപാടിയുടെ നടത്തിപ്പ് ഔപചാരികമാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അയച്ച സന്ദേശം ഏറ്റവും അലോസരപ്പെടുത്തുന്നതും ഭിന്നിപ്പിക്കുന്നതുമാണ് എന്ന തരത്തില്‍ ചില കോണുകളില്‍ നിന്ന് വിമര്‍ശനം വന്നിട്ടുണ്ട്. എന്നാല്‍ പരിപാടിയുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.












Click it and Unblock the Notifications