സമാജ് വാദി പാര്‍ട്ടി ക്രിമിനലുകളെ സ്ഥാനാര്‍ത്ഥികളാക്കുന്നു, ബിജെപി അവരെ ജയിലിലാക്കുമെന്ന് യോഗി
ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പോരാട്ടം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ പോരാട്ടം കടുപ്പിച്ച് ബിജെപി. സമാജ് വാദി പാര്‍ട്ടി ക്രിമിനലുകളെയാണ് സംരക്ഷിക്കുന്നതെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചില പ്രത്യേക മേഖലകളിലെ ക്രിമിനലുകള്‍ക്ക് ടിക്കറ്റ് നല്‍കുകയാണ് അഖിലേഷ് യാദവെന്ന് യോഗി പറഞ്ഞു. ഈ ക്രിമിനലുകളെ ബിജെപി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും യോഗി വ്യക്തമാക്കി. കൈരാനയില്‍ നിന്ന് വ്യാപാരികള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നതിന് പ്രധാന കാരണം ക്രിമിനലുകളാണെന്നും യോഗി പറഞ്ഞു. ഇവരെ ഒരിക്കലും വളരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസഫര്‍നഗര്‍ കലാപത്തിലെ കുറ്റവാളികള്‍, സ്ഥിരം കുറ്റവാളികള്‍ എന്നിവരാണ് എസ്പിയുടെ സ്ഥാനാര്‍ത്ഥികള്‍. സമാജ് വാദി പാര്‍ട്ടി അവരുടെ യഥാര്‍ത്ഥ സ്വഭാവമാണ് ഇതിലൂടെ കാണിച്ചിരിക്കുന്നത്. ബിജെപി വീണ്ടും അധികതാരത്തില്‍ വന്നാല്‍ ഈ ക്രിമിനലുകളെ അഴിക്കുള്ളിലാക്കുമെന്നും യോഗി വ്യക്തമാക്കി. അതേസമയം പശ്ചിമ യുപിയില്‍ നിന്ന് 2017ന് മുമ്പ് ഹിന്ദു കുടുംബങ്ങള്‍ വ്യാപകമായി ഒഴിഞ്ഞുപോകുമായിരുന്നു. ഇവിടെയുള്ള മുസ്ലീം ക്രിമിനലുകള്‍ കാരണമായിരുന്നു അത് സംഭവിച്ചിരുന്നതെന്ന് ബിജെപി ആരോപിക്കുന്നു. കൈരാനയിലെ പ്രചാരണത്തില്‍ ഉടനീളം ഇക്കാര്യമാണ് യോഗി ഉന്നയിച്ചത്. നവംബറില്‍ കൈരാന സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം യോഗി പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നു.
യോഗി വീണ്ടും ഇക്കാര്യങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ടാണ്. വലിയ രീതിയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടായാല്‍ അത് ബിജെപിക്ക് നേട്ടമായി വരുമെന്നാണ് വിലയിരുത്തല്‍. എസ്പി കൈരാനയില്‍ നഹിദ് ഹസനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഇയാളെ നേരത്തെ ഗ്യാംഗ്‌സ്റ്റേഴ്‌സ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് യോഗിയുടെ വിമര്‍ശനം. ഇതേ തുടര്‍ന്ന് ഹസന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചിരുന്നു. തങ്ങളുടെ നേതാക്കളെ കുടുക്കാനായി ബിജെപി എല്ലാ ശ്രമവും നടത്തി കൊണ്ടിരിക്കുകയാണെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തിയിരുന്നു. 2014 വരെ എസ്പിയുടെ കോട്ടയായിരുന്നു കൈരാന. എന്നാല്‍ 2014ല്‍ ബിജെപിയുടെ ഹുക്കും സിംഗാണ് ഇവിടെ വിജയിച്ചത്.
അതേസമയം യോഗിയുടെ 80-20 പരാമര്‍ശത്തെ നോയിഡയിലെ ബിജെപി സ്ഥാനാര്‍ത്ഥി പങ്കജ് സിംഗ് പിന്തുണച്ചു. ഈ 20 ശതമാനം ഇന്ത്യയില്‍ ജീവിക്കുകയും, പാകിസ്താന് ഓശാന പാടുകയും ചെയ്യുന്നവരാണെന്ന് പങ്കജ് സിംഗ് പറഞ്ഞു. യോഗിയുടേത് വര്‍ഗീയ പരാമര്‍ശമാണെന്നത് അടിസ്ഥാനരഹിതമാണ്. സമാജ് വാദി പാര്‍ട്ടി എല്ലാം വര്‍ഗീയമായ കണ്ണുകളിലൂടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ജീവിച്ച് പാകിസ്താന് വേണ്ടി സ്തുതി പാടുന്നത് അംഗീകരിക്കാനാവില്ല. അഖിലേഷ് സ്തുതിക്കുന്ന രാജ്യം കാരണം പലര്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതാണ്. തീവ്രവാദികളെ തടങ്കലില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നവരാണ് എസ്പിയെന്നും പങ്കജ് സിംഗ് പറഞ്ഞു.












Click it and Unblock the Notifications