'എനിക്കും യോഗിക്കും മക്കളില്ല, നിങ്ങളുടെ മക്കൾക്ക് വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്'; നരേന്ദ്ര മോദി
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രതിപക്ഷ കക്ഷികളായ സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ രണ്ട് പാർട്ടികളും നിലകൊള്ളുന്നത് അവരുടെ കുടുംബത്തിന് വേണ്ടിയാണെന്നും എന്നാൽ താൻ രാജ്യത്തിൻറെ വരും തലമുറയ്ക്ക് നല്ല ഭാവി ഉണ്ടാവാൻ പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
"ഞങ്ങൾക്ക് കുട്ടികളില്ല, ഞങ്ങൾ നിങ്ങളുടെ കുട്ടികൾക്കായി പ്രവർത്തിക്കുന്നു."തന്നെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പരാമർശിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. 2022ൽ അന്തരിച്ച സമാജ്‌വാദി പാർട്ടി (എസ്‌പി) സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ സ്വന്തം ജില്ലയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

അടുത്ത ആയിരം വർഷങ്ങൾ ഇന്ത്യ ശക്തമായ രാജ്യമായി നിലനിൽക്കാനുള്ള അടിത്തറയാണ് ഒരുക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമാജ്‌വാദി പാർട്ടിയും കോൺഗ്രസും അവരുടെ ഭാവിക്ക് വേണ്ടിയും അവരുടെ കുട്ടികൾക്ക് വേണ്ടിയുമാണ് മത്സരിക്കുന്നത്. കോൺഗ്രസിന്റെയും എസ്‌പിയുടെയും മുദ്രാവാക്യങ്ങൾ നുണയാണെന്നും ഉദ്ദേശം നല്ലതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഇപ്പോൾ അവർ നമ്മുടെ ജനാധിപത്യത്തെയും ഭരണഘടനയെയും കുറിച്ച് നുണകൾ പ്രചരിപ്പിക്കാൻ പരമാവധി ശ്രമിക്കുകയാണ്, കാരണം പ്രധാനമന്ത്രി മോദി അവരുടെ വോട്ട് ബാങ്കുകളുടെ പ്രീണനം തുറന്നുകാട്ടി' അദ്ദേഹം പറയുന്നു.
'രാജാ റാം മോഹൻ റോയ് എന്ന പേര് വിളിച്ചത് അദ്ദേഹം ഒരു ദുരാചാരം തകർത്തതുകൊണ്ടാണ്, അതുപോലെ രാജ്യത്ത് ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നു എന്ന് നിങ്ങൾ പറയുന്ന ഒരു ദിവസം വരും ... അദ്ദേഹം ചായ വിൽപനക്കാരനാണ്, അദ്ദേഹവും ഒരു ആചാരം ലംഘിച്ചു, ഇപ്പോൾ ഏത് പാവപ്പെട്ടവന്റെ മകന് പോലും മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകാം' മോദി കൂട്ടിച്ചേർത്തു.
സംവരണത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. 'മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം നടപ്പാക്കരുതെന്ന് ഭരണഘടനയുണ്ടാക്കിയ വിദ്ഗധർ തന്നെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ എസ്‌പിയും കോൺഗ്രസും എസ്‌സി, എസ്‌ടി, ഒബിസി സംവരണം തട്ടിയെടുത്ത് അത് മതത്തിന്റെ അടിസ്ഥാനത്തിൽ നൽകാൻ ആഗ്രഹിക്കുന്നു.' മോദി വിമർശനം കടുപ്പിച്ചു.
അതേസമയം, ഉത്തർപ്രദേശിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആകെ 80 സീറ്റുകളാണ് ഇക്കുറി ജനവിധി തേടുന്നത്. കഴിഞ്ഞ തവണ സംസ്ഥാനത്ത് ബിജെപി 63 സീറ്റുകളാണ് നേടിയത്. ഇത്തവണ നേട്ടം വർദ്ധിപ്പിക്കാനാണ് അവർ ഒരുങ്ങുന്നത്. പ്രധാന പ്രതിപക്ഷങ്ങളായ എസ്‌പിയും കോൺഗ്രസും ഇന്ത്യാ മുന്നണിക്ക് വേണ്ടി മത്സര രംഗത്തുണ്ട്.












Click it and Unblock the Notifications