'നിങ്ങളൊരു സ്ത്രീയാണ്, നിങ്ങൾക്ക് ഒന്നുമറിയില്ല'; വനിതാ എംഎൽഎയോട് കയർത്ത് നിതീഷ് കുമാർ, വിവാദം
പാറ്റ്ന: ബിഹാർ നിയമസഭയിൽ മുഖ്യമന്ത്രി നിതീഷ് കുമാർ വനിതാ എംഎൽഎക്ക് നേരെ നടത്തിയ പരാമർശം വിവാദത്തിൽ. സഭയിൽ നിരന്തരം പ്രതിപക്ഷ പ്രതിഷേധം നേരിടുന്ന നിതീഷ് കുമാർ കഴിഞ്ഞ ദിവസം വനിതാ എംഎൽഎയായ രേഖ പസ്വാനോട് കയർത്തു സംസാരിക്കുകയും അപമാനിക്കുന്ന തരത്തിൽ പെരുമാറുകയും ചെയ്‌ത സംഭവമാണ് വിവാദത്തിന് തിരികൊളുത്തിയത്.
നിങ്ങളൊരു സ്ത്രീയാണ്, നിങ്ങൾക്ക് ഒന്നും അറിയില്ല, അവിടെ ഇരുന്നു കേൾക്കൂവെന്നായിരുന്നു നിതീഷ് കുമാർ രേഖ പസ്വാനോട് പറഞ്ഞത്. ഇതോടെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വരികയും ചെയ്‌തിരുന്നു. ബിഹാറിലെ സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ പ്രക്ഷുബ്‌ധമാക്കിയ വേളയിലായിരുന്നു ഈ സംഭവ വികാസങ്ങൾ നടന്നത്.

സംസ്ഥാനത്തെ ഭേദഗതി ചെയ്‌ത സംവരണ നിയമങ്ങൾ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും അതുവഴി ജുഡീഷ്യൽ അവലോകനത്തിൽ നിന്ന് അവയെ സംരക്ഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങിയതോടെ ബഹളത്തിന് വഴിമാറുകയായിരുന്നു.
എന്നാൽ പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്കുള്ള ക്വാട്ടകൾ വർധിപ്പിക്കാൻ കാരണമായ ജാതി സർവേ ആരംഭിക്കുന്നതിൽ തന്റെ പങ്ക് എടുത്തു പറഞ്ഞു കൊണ്ടാണ് നിതീഷ് കുമാർ നിയമസഭയെ അഭിസംബോധന ചെയ്‌തത്.
വിഷയത്തിൽ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേന്ദ്രത്തിനെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും നിതീഷ് വിശദീകരിച്ചു. പക്ഷേ മുഖ്യമന്ത്രിയുടെ വിശദീകരണം വകവയ്ക്കാതെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം തുടരുകയായിരുന്നു. ഇതോടെ നിതീഷ് കുമാറിന്റെ സംയമനം കൈവിടുകയായിരുന്നു.
'നിങ്ങളൊരു സ്ത്രീയാണ്, നിങ്ങൾക്കെന്തെങ്കിലും അറിയാമോ? ഞാൻ അധികാരമേറ്റതിന് ശേഷമാണ് ബിഹാറിൽ സ്ത്രീകൾക്ക് അർഹതപ്പെട്ട് കിട്ടി തുടങ്ങിയതെന്ന് നിങ്ങൾക്ക് അറിയാമോ?' എന്നായിരുന്നു നിതീഷ് രേഖ പസ്വാനോട് ചോദിച്ചത്. സംഭവത്തിന് പിന്നാലെ ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് നിതീഷിനെതിരെ രംഗത്ത് വന്നു.
"സ്ത്രീകളെ കുറിച്ച് വിലകുറഞ്ഞതും അനാവശ്യവും അപരിഷ്‌കൃതവും താഴ്ന്ന നിലവാരത്തിലുള്ളതുമായ പരാമർശങ്ങൾ നടത്തുന്നത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഒരു ശീലമായി മാറിയിരിക്കുന്നു. ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവമേറിയതും ആശങ്കാജനകവുമായ വിഷയമാണ്" എന്നായിരുന്നു തേജസ്വി ചൂണ്ടിക്കാട്ടിയത്.












Click it and Unblock the Notifications