തട്ടിക്കൊണ്ടുപോയ മാധ്യമപ്രവര്‍ത്തകനെ കത്തിച്ച നിലയില്‍; നടുക്കുന്ന സംഭവത്തിന് പിന്നില്‍...
പട്‌ന: ബിഹാറില്‍ തട്ടിക്കൊണ്ടുപോയ 22കാരനായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നാല് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ ബുദ്ധിനാഥ് ഝായുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വൈകീട്ട് മധുബാനിയിലെ ഹൈവേക്കരികില്‍ കണ്ടെത്തിയത്. പ്രാദേശിക വാര്‍ത്താ പോര്‍ട്ടലില്‍ ജോലി ചെയ്യുകയാണ് ബുദ്ധിനാഥ്. മെഡിക്കല്‍ ക്ലിനിക്കുകളുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് ബുദ്ധിനാഥിനെ തട്ടിക്കൊണ്ടുപോയത്. ഒട്ടേറെ വ്യാജ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു ബുദ്ധിനാഥ് പുറത്തുവിട്ട വിവരം. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശേഖരിക്കുന്നതിനിടെ ബുദ്ധിനാഥിന് ഭീഷണിയുണ്ടായിരുന്നുവത്രെ. മാത്രമല്ല, വാര്‍ത്ത പുറത്തുവിടാതിരിക്കാന്‍ ലക്ഷങ്ങള്‍ കോഴ വാഗ്ദാനവും നല്‍കിയത്രെ.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്ത് മണിക്കാണ് ഏറ്റവും ഒടുവില്‍ ബുദ്ധിനാഥിനെ കണ്ടത്. ബേനിപട്ടിയിലെ ലോഹിയ ചൗക്കിനടുത്താണ് ബുദ്ധിനാഥിന്റെ വീട്. ഇവിടെയുള്ള സിസിടിവിയില്‍ രാത്രി പത്ത് മണിക്ക് ഇദ്ദേഹം നടന്നുപോകുന്നത് കാണുന്നുണ്ട്. പോലീസ് സ്‌റ്റേഷനില്‍ നിന്നു 400 മീറ്റര്‍ മാത്രം അകലെയാണ് ബുദ്ധിനാഥിന്റെ വീട്. ഒമ്പത് മണിക്ക് ശേഷം പലപ്പോഴായി ബുദ്ധിനാഥിനെ സിസിടിവിയില്‍ കാണുന്നുണ്ട്. ഇടുങ്ങിയ വഴിയിലൂടെ റോഡിലെത്തുന്നതും ശേഷം മൊബൈലില്‍ സംസാരിച്ച് നടന്നുപോകുന്നതും വ്യക്തമാണ്. മാര്‍ക്കറ്റിന് അടുത്തുവച്ച് ഒരാള്‍ ബുദ്ധിനാഥിനെ കാണുകയും ചെയ്തിരുന്നു. പിന്നീടാണ് അപ്രത്യക്ഷമായത്.

അടുത്ത ദിവസമാണ് കുടുംബം പരാതിപ്പെട്ടത്. ബൈക്ക് വീട്ടില്‍ വച്ചാണ് ബുദ്ധിനാഥ് പുറത്ത് പോയത്. അദ്ദേഹത്തിന്റെ ക്ലിനിക്ക് തുറന്നുവച്ചിരുന്നു. ലാപ്പ് ടോപ്പ് ഓണായിരുന്നു. വേഗം തിരിച്ചുവരാം എന്ന് കരുതി പുറത്തുപോയ പോലെയാണ് സൂചനകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ അദ്ദേഹം തിരിച്ചുവന്നില്ല. പോലീസ് ബുദ്ധിനാഥിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒമ്പതിന് മൊബൈല്‍ ഓണായിരുന്നു. ബുദ്ധിനാഥിന്റെ വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് വച്ചാണ് ഫോണ്‍ ഓണ്‍ ചെയ്തിരിക്കുന്നത്.
ലുങ്കി ഡാന്‍സുമായി ജാന്‍വി കപൂര്‍; നടിയുടെ പുതിയ ഫോട്ടോ വൈറല്‍
എന്നാല്‍ വിശദമായ പരിശോധനകള്‍ക്കായി ഇവിടെ എത്തിയ പോലീസിന് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയില്ല. വെള്ളിയാഴ്ച വൈകീട്ടാണ് ബുദ്ധിനാഥിന്റെ ബന്ധുവിന് റോഡരികില്‍ ഒരു മൃതദേഹം കിടക്കുന്നതായി വിവരം ലഭിച്ചത്. മോതിരം, മാല, കാലിലെ അടയാളം എന്നിവ കണ്ട് മൃതദേഹം ബുദ്ധിനാഥിന്റെത് തന്നെയാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. ജെഡിയു-ബിജെപി സഖ്യസര്‍ക്കാരാണ് ബിഹാര്‍ ഭരിക്കുന്നത്. മുമ്പും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം ബിഹാറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications