'ചായക്കടക്കാർ പോലും 2 ലക്ഷം സമ്പാദിക്കുന്നു'; ബെംഗളൂരുവിൽ യുവാവിന് ലഭിച്ച ഹൈക്ക് 2600 രൂപ! പിന്നാലെ രാജി
ബെംഗളൂരു: നഗരത്തിൽ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് വർഷം തോറും ജോലിക്കെത്തുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐടി വ്യവസായ കേന്ദ്രം കൂടിയായ ബെംഗളൂരുവിനെ സംബന്ധിച്ച് ഈ കണക്കുകൾ അത്ര പുതുമയുള്ളതല്ല. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബെംഗളൂരുവിലെ തൊഴിൽ രീതികളെ കുറിച്ചും അതിൽ നിലനിൽക്കുന്ന അസമത്വങ്ങളെ കുറിച്ചും കാര്യമായ ചർച്ചകൾ തന്നെയാണ് നടക്കുന്നത്.
ഏറ്റവും ഒടുവിലിതാ പ്രമോദ് പോൾ എന്ന യുവ പ്രൊഫഷണലിന്റെ രാജിക്കത്ത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയാണ്. നാല് വർഷത്തോളം കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്‌തിട്ടും മാസശമ്പളത്തിൽ വെറും 2600 രൂപയുടെ വർധന മാത്രമാണ് ലഭിച്ചതെന്നാണ് അദ്ദേഹം പറയുന്നത്, പിന്നാലെ മറ്റൊരു ജോലി പോലും ഉറപ്പാക്കാതെ രാജിവയ്ക്കുകയാണ് അദ്ദേഹം ചെയ്‍തത്. വർക്ക് -ലൈഫ് ബാലൻസ്, ശമ്പളവർധന, ജീവനക്കാരുടെ മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളിലേക്കാണ് ഈ സംഭവം വീണ്ടും ശ്രദ്ധ തിരിക്കുന്നത്.

'ഹ്യൂമൻസ് ഓഫ് ബോംബെ' പങ്കുവെച്ച വീഡിയോയിലാണ് പ്രമോദ് തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞത്. എന്റെ മുഖത്തെ സന്തോഷം കാണുന്നുണ്ടോ? ഇന്ന് ഞാൻ രാജിവെക്കുകയാണ്. കയ്യിൽ മറ്റൊരു ജോലി ഓഫറില്ല, ബാക്കപ്പ് പ്ലാനില്ല, ഒന്നുമില്ല; എന്ന് പറഞ്ഞുകൊണ്ടാണ് പ്രമോദ് പോളിന്റെ വീഡിയോ ആരംഭിക്കുന്നത്.
ഈ തീരുമാനം ഒരു ദിവസം കൊണ്ട് എടുത്തതല്ലെന്നും വർഷങ്ങളായി അമിത ജോലിഭാരവും സമ്മർദ്ദവും അനുഭവിച്ച ശേഷമാണ് രാജിവെക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പകലും രാത്രിയും തമ്മിലുള്ള വ്യത്യാസം പോലും ഇല്ലാതായി. സീനിയർ അനലിസ്‌റ്റിന്റെ ജോലി ചെയ്യുന്നു, പക്ഷേ പദവി അനലിസ്‌റ്റിന്റേത്, ശമ്പളം ഇന്റേണിന്റേത്; പ്രമോദ് ആരോപിക്കുന്നു.
വാർഷിക ശമ്പളവർധന വെറും ആറ് ശതമാനമായിരുന്നുവെന്നും അതിലൂടെ ലഭിച്ചത് മാസത്തിൽ ഏകദേശം 2600 രൂപ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 'ഇത്രയും ഉത്കണ്ഠയും മാനസിക സമ്മർദ്ദവും സഹിച്ചതിന് ശേഷം ലഭിച്ചത് വെറും ആറ് ശതമാനം വർധന. ഇതൊക്കെയെന്തിനായിരുന്നു?' എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
ജോലിയിലെ സമ്മർദ്ദം മാനസികാരോഗ്യത്തെ ബാധിച്ചതോടെ മനോരോഗവിദഗ്‌ധനെ സമീപിക്കേണ്ടി വന്നതായും അദ്ദേഹം വെളിപ്പെടുത്തി. ആദ്യ കൺസൾട്ടേഷന് 2,000 രൂപയും, പിന്നീട് നിർദേശിച്ച സ്ട്രെസ് മാനേജ്മെന്റ് തെറാപ്പിക്ക് ഓരോ സെഷനും 3,000 രൂപയുമാണ് ചെലവായത്. 'ഒരു തെറാപ്പി സെഷന്റെ ചെലവ് തന്നെ എന്റെ വാർഷിക ശമ്പളവർധനയെക്കാൾ കൂടുതലാണെങ്കിൽ, കാര്യങ്ങൾ എത്ര മോശമാണെന്ന് മനസിലാക്കാം' അദ്ദേഹം പറഞ്ഞു.
കർണാടകയിലെ കോലാറിലാണ് പ്രമോദ് ജനിച്ചു വളർന്നത്. പാസ്‌റ്ററായ അച്ഛനും വീട്ടമ്മയായ അമ്മയും മക്കളുടെ വിദ്യാഭ്യാസത്തിനായി വലിയ വായ്‌പ എടുത്തിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കാനായി പഠനം കഴിഞ്ഞ ഉടൻ ജോലിയിൽ പ്രവേശിച്ച അദ്ദേഹം എട്ട് ലക്ഷം രൂപ വായ്‌പയെടുത്ത് കുടുംബത്തിന്റെ കടങ്ങൾ വീട്ടാൻ സഹായിക്കുകയും ചെയ്‌തു.
പിന്നീട് ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ നാല് വർഷത്തോളം ജോലി ചെയ്തെങ്കിലും, കമ്പനി ഏറ്റെടുക്കപ്പെട്ടതോടെ മാനേജ്മെന്റ് മാറുകയും സ്ഥാനക്കയറ്റം കുറയുകയും ജോലിഭാരം വർധിക്കുകയും ചെയ്‌തതായി അദ്ദേഹം പറഞ്ഞു. 'എന്റെ നാട്ടിലെ ചായക്കട നടത്തുന്നവർ മാസം രണ്ട് ലക്ഷം രൂപ വരെ സമ്പാദിക്കുന്നത് കണ്ടപ്പോൾ, ഞാൻ ഇപ്പോഴും തുച്ഛമായ ശമ്പളത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോ വൈറലായതോടെ നിരവധി പേർ അദ്ദേഹത്തിന്റെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തി. തൊഴിലും വ്യക്തിജീവിതവും തമ്മിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ അനിവാര്യമാണെന്നും, ചിലപ്പോൾ തെറ്റായ സാഹചര്യത്തിൽ തുടരുന്നതിനേക്കാൾ ധൈര്യത്തോടെ പുറത്തുകടക്കുന്നതാണ് മികച്ച തീരുമാനമെന്നും നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുകയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications