ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രി, ആന്ധ്രയിൽ മൂന്ന് വട്ടം എംപി; അറിയാം റാം മോഹൻ നായിഡുവിനെ
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് നിന്നുള്ള ടിഡിപി എംപി കിഞ്ജരാപ്പു റാം മോഹൻ നായിഡു സത്യപ്രതിജ്ഞ ചെയ്‌തപ്പോൾ പിറന്നത് പുതുചരിത്രം. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരിൽ ഒരാളാണ് 36 കാരനായ റാം മോഹൻ.
മുൻ കേന്ദ്രമന്ത്രിയും ടിഡിപി നേതാവുമായ കെ യെരൻ നായിഡുവിന്റെ മകനാണ് റാം മോഹൻ. 2012ൽ റോഡപകടത്തിൽ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് രാഷ്ട്രീയത്തിൽ എത്തിയ ആളാണ് അദ്ദേഹം. സിംഗപ്പൂരിലെ ജോലി ഉപേക്ഷിച്ച ശേഷമാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിന്റെ മേഖലയിലേക്ക് വന്നിറങ്ങിയത്.

തുടർച്ചയായി മൂന്നാമത്തെ തവണയാണ് ശ്രീകാകുളത്ത് നിന്ന് റാം മോഹൻ നായിഡു എംപിയാകുന്നത്. ടിഡിപിയുടെ ദേശീയ ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം. ചെറുപ്രായത്തിൽ തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ റാം മോഹൻ ഒടുവിൽ അർഹിച്ച അംഗീകാരത്തിലേക്ക് നടന്നടുക്കുകയാണ്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശ്രീകാകുളത്ത് നിന്ന് 26-ാം വയസിൽ മത്സരിച്ച് വിജയിച്ച റാം മോഹൻ ആ വർഷം തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ എംപി കൂടിയായിരുന്നു. നേരത്തെ ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിന്റെ അറസ്‌റ്റ് ചെയ്‌ത ഘട്ടത്തിൽ പോലും തളരാതെ പാർട്ടിയെ മുന്നോട്ട് നയിച്ച ചെറുപ്പത്തിന്റെ ആർജവമാണ് കേന്ദ്രമന്ത്രി പദവി വരെ എത്തി നിൽക്കുന്നത്.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 3.2 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വൈഎസ്ആർ കോൺഗ്രസിന്റെ തിലക് പേരടയെയാണ് റാം മോഹൻ തോൽപ്പിച്ചത്. 1996-98 കാലഘട്ടത്തിൽ കേന്ദ്രമന്ത്രിയായിരുന്ന പിതാവ് വെട്ടിത്തെളിച്ച പാതയിലൂടെ നടന്ന മകന് ഇപ്പോഴിതാ രണ്ടര പതിറ്റാണ്ടിന് ശേഷം അതേ അവസരം തന്നെയാണ് കൈവന്നിരിക്കുന്നത്.
പാർലമെന്റിൽ ആർത്തവ ആരോഗ്യ വിദ്യാഭ്യാസത്തിനും ലൈംഗിക വിദ്യാഭ്യാസത്തിനും വേണ്ടി വാദിച്ച ആദ്യ എംപിമാരിൽ ഒരാളാണ് ഈ യുവ ടിഡിപി നേതാവ്. സാനിറ്ററി പാഡുകളിലെ ജിഎസ്‌ടി എടുത്തുകളയണമെന്നും അദ്ദേഹം നിരന്തരം ആവശ്യം ഉയർത്തിയിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇതിന്റെ ഫലമെന്നോണമാണ് ഇത്തവണ കേന്ദ്രസർക്കാരിന്റെ ഭാഗമാവാനുള്ള അവസരം.
നേരത്തെ കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്‌കരണം, റെയിൽവേ, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങളുടെ സ്റ്റാൻഡിങ് കമ്മിറ്റിയിലും ടൂറിസം, സംസ്‌കാരം എന്നീ കമ്മിറ്റികളുടെ കൺസൾടേറ്റീവ് കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. കൂടാതെ ഒബിസി, ഔദ്യോഗിക ഭാഷാ വകുപ്പ് എന്നിവയുടെ ക്ഷേമ കമ്മിറ്റിയുടെ ഭാഗമായും റാം മോഹൻ നായിഡു പ്രവർത്തിച്ചിരുന്നു.












Click it and Unblock the Notifications