യുവമോർച്ച നേതാവിന്റെ കൊലപാതകം: പ്രതികളെ കുറിച്ച് വ്യക്തമായ സൂചന, കേരള പൊലീസിന്റെ സഹായം തേടി കർണാടക
മംഗളൂരു: സുള്ള്യയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് കേരളത്തിലേക്ക്. പ്രത്യേക അന്വേഷണ സംഘം കേരളത്തിലേക്ക് എത്തും. അന്വേഷണത്തില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു എസ് പി കാസര്‍കോട് എസ് പിയുമായി സംസാരിച്ചിട്ടുണ്ട്. കൂടാതെ അന്വേഷണത്തിന് ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന് കര്‍ണാടക ഡി ജി പി കേരള ഡി ജി പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം, കൊലയുടെ പശ്ചാത്തലത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ സര്‍ക്കാരിന്റെ ഒന്നാം വര്‍ഷത്തെ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നിരവധി പരിപാടികള്‍ വ്യാഴാഴ്ച റദ്ദാക്കി. ചൊവ്വാഴ്ച ദക്ഷിണ കന്നഡയില്‍ ബിജെപി യുവമോര്‍ച്ച അംഗം കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ബൊമ്മൈയുടെ തീരുമാനം.
മാൽദ്വീവ്സ് ചിത്രങ്ങൾ അവസാനിക്കുന്നില്ല: അടിപൊളി ലുക്കിൽ അഹാന, വൈറൽ ചിത്രങ്ങൾ

ബുധനാഴ്ച രാത്രി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ വസതിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്ന ദൊഡ്ഡബല്ലാപ്പൂരിലെ മെഗാ റാലി 'ജനോത്സവ' റദ്ദാക്കിയതായി പ്രഖ്യാപിച്ചിരുന്നു. ദേശവിരുദ്ധ-ഭീകര ശക്തികളെ ഇല്ലാതാക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച കമാന്‍ഡോ സേനയെ സംസ്ഥാനത്ത് നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. സുള്ള്യ, പുത്തൂര്‍, കഡബ താലൂക്കുകളില്‍ നിരോധനാജ്ഞ തുടരുകയാണ്. സുള്ള്യയില്‍ യുവമോര്‍ച്ച ഇന്നും ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഈ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.
പ്രതികളുടേതെന്ന് സംശയിക്കുന്ന കേരള രജിസ്‌ട്രേഷന്‍ ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. 15 പേര്‍ കേസുമായി ബന്ധപ്പെട്ട് ഇതുവരെ കസ്റ്റഡിയിലായിട്ടുണ്ട്. കേസ് എന്‍ ഐ എ്ക്ക് കൈമാറണമെന്നാണ് ബി ജെ പി കര്‍ണാടക നേതൃത്വം അറിയിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്നാണ് ബി ജെ പി ആരോപിക്കുന്നത്.
വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുന്നതിനിടെ പ്രവീണ്‍ നെട്ടാരെയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടികൊലപ്പെടുത്തിയത്. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുറകില്‍ നിന്ന് തലയ്ക്ക് വെട്ടേറ്റ പ്രവീണ്‍ നെട്ടാരു സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. കൊലപാതക ശേഷം ഉടന്‍ തന്നെ പ്രതികള്‍ രക്ഷപ്പെട്ടു. കേരള രജിസ്‌ട്രേഷനിലുള്ള ബൈക്കിലാണ് പ്രതികളെത്തിയതെന്നാണ് പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കിയത്.












Click it and Unblock the Notifications