പച്ചയിൽ പുലിവാല് പിടിച്ച് സൊമാറ്റോ; പ്യുവർ വെജ് വിതരണത്തിലെ ആ തീരുമാനം മാറ്റി, ചുവന്ന യൂണിഫോം തുടരും
ന്യൂഡൽഹി: പുതുതായി അവതരിപ്പിച്ച 'പ്യുവർ വെജ്' സംരംഭവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾക്ക് ഒടുവിൽ പച്ച യൂണിഫോം കൊണ്ട് വരാനുള്ള തീരുമാനം ഉപേക്ഷിച്ച് സൊമാറ്റോ. 'പ്യുവർ വെജ്' ഫ്ലീറ്റിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയാണ് എല്ലാ ഡെലിവറി പങ്കാളികളും ചുവപ്പ് യൂണിഫോം ധരിക്കുന്നത് തുടരുമെന്ന് സൊമാറ്റോ അറിയിച്ചത്.
പുതിയ സേവനത്തിന് കീഴിൽ വെജിറ്റേറിയൻ ഭക്ഷണം വിതരണം ചെയ്യുന്നവർക്ക് പച്ച യൂണിഫോം അവതരിപ്പിക്കാനുള്ള തീരുമാനമാണ് കമ്പനി പിൻവലിച്ചത്. വെജിറ്റേറിയൻ കഴിക്കുന്നവർക്കായി നടപ്പാക്കുന്ന പുതിയ പദ്ധതിക്ക് കീഴിൽ വിതരണത്തിന് നിൽക്കുന്ന ആളുകൾക്ക് പച്ച യൂണിഫോം നൽകാനുള്ള തീരുമാനം കമ്പനി പിന്വലിക്കുകയാണെന്നും, ചുവപ്പ് തന്നെ നിറമായി തുടരുമെന്നും കമ്പനി സിഇഒ തന്നെയാണ് നേരിട്ട് അറിയിച്ചത്.

'പ്യുവർ വെജ്' ഓപ്ഷൻ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് അവരുടെ ഓർഡറുകൾ 'വെജ് ഒൺലി' വിഭാഗത്തിൽ നിന്നുള്ളവർ തന്നെയാണ് വിതരണം ചെയ്യുന്നതെന്ന് മൊബൈൽ ആപ്പിലൂടെ ഉറപ്പാക്കാൻ കഴിയുമെന്നും കഴിയുമെന്ന് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ വിശദീകരിച്ചു. യാതൊരു കാരണവശാലും പ്യുവർ വെജ് ഭക്ഷണം മറ്റ് വിതരണ പങ്കാളികൾ മാറി എടുക്കുമെന്ന ഭയം വേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പച്ച യൂണിഫോം ഏർപ്പെടുത്താനുള്ള തീരുമാനം കൂടുതൽ ഭവിഷ്യത്തുകളിലേക്ക് നയിക്കുമെന്നും, ഈ വിഷയത്തിൽ പ്രസക്തമായ പല കാര്യങ്ങളും ചൂണ്ടിക്കാട്ടി തന്ന സമൂഹ മാധ്യമങ്ങളോട് അദ്ദേഹം നന്ദി പറയുകയും ചെയ്‌തു.
അതേസമയം, "പ്യുവർ വെജ്" സേവനത്തിന്റെ പ്രഖ്യാപനവും പ്രത്യേക കളർ കോഡും ഇന്നലെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു, ചില ഉപയോക്താക്കൾ ഇതിനെ ആധുനിക കാലത്തെ ജാതീയതയുടെ ഒരു രൂപമെന്നായിരുന്നു വിശേഷിപ്പിക്കുകയും ചെയ്‌തത്. നിരവധി പേർ ഇതിനെ വിമർശിച്ചു രംഗത്ത് വന്നു.
സസ്യാഹാരം കഴിക്കുന്നവർ കൂടുതലുള്ള അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങളിൽ ചുവന്ന യൂണിഫോം ധരിച്ചെത്തുന്ന ഡെലിവറി പങ്കാളികളുടെ പ്രവേശനം നിരോധിക്കുന്നതിന് ഇത് ഇടയാക്കുമെന്നും ചില ചൂണ്ടിക്കാട്ടി. ഇത് നോൺ വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അവർ പറഞ്ഞിരുന്നു. ഇതോടെയാണ് സൊമാറ്റോ ഇന്നലത്തെ പ്രഖ്യാപനങ്ങളിൽ പിന്നോട്ട് പോയത്.
സസ്യാഹാരികളെ കൂടുതൽ ലക്ഷ്യമിട്ട് കൊണ്ട് പ്യുവര്‍ വെജ് ബോക്‌സ് എന്ന പുത്തന്‍ പദ്ധതിയാണ് കമ്പനി ഇന്നലെ പ്രഖ്യാപിച്ചത്. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരുടെ ആശങ്ക പരിഹരിക്കുന്നതാണ് പുതിയ തീരുമാനം. വെജിറ്റേറിയന്‍സിനായി പ്രത്യേക ഡെലിവെറി വിഭാഗത്തെ തന്നെ നിയമിക്കാനായിരുന്നു കമ്പനി തീരുമാനിച്ചത്. കൂടാതെ ഇവർക്ക് പച്ച നിറത്തിലുള്ള പ്രത്യേക യൂണിഫോമും നൽകാനായിരുന്നു നിശ്‌ചയിച്ചിരുന്നത്.












Click it and Unblock the Notifications