ഖത്തറിലെ 11 സ്‌കൂളുകള്‍ക്കും 16 കെജികള്‍ക്കും ഫീസ് കൂട്ടാന്‍ അനുമതി
ദോഹ: ഖത്തറിൽ പുതിയ അധ്യയനവര്‍ഷത്തില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അപേക്ഷ നല്‍കിയ 115 സ്വകാര്യ സ്‌കൂളുകളില്‍ 27 എണ്ണത്തിന് മാത്രം അനുമതി. 11 സ്‌കൂളുകള്‍, 16 കിന്റര്‍ ഗാര്‍ട്ടനുകള്‍ എന്നിവയ്ക്കാണ് ഫീസ് വര്‍ധനയ്ക്ക് അനുവാദം നല്‍കിയതെന്ന് പ്രൈവറ്റ് സ്‌കൂള്‍സ് ലൈസന്‍സിംഗ് ഡയറക്ടര്‍ ഹമദ് അല്‍ ഗാലി. നിലവിലുള്ള ട്യൂഷന്‍ ഫീസില്‍ രണ്ട് മുതല്‍ 20 ശതമാനം വരെ വര്‍ധനയ്ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഫീസ് വര്‍ധന ആവശ്യപ്പെട്ട 88 സ്‌കൂളുകളുടെയും അപേക്ഷ വിദ്യാഭ്യാസ മന്ത്രാലയം നിരസിച്ചു. അതിനുള്ള സാഹചര്യം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. പരമാവധി ഈടാക്കാവുന്ന ഫീസിന് പരിധി നിശ്ചയിച്ചിട്ടില്ല. പുതിയ 44 വിദ്യാലയങ്ങള്‍ തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചതായും അദ്ദേഹം അറിയിച്ചു.
ദുബായില്‍ പൊതുഗതാഗതത്തിന് പ്രിയമേറുന്നു
പ്രവേശനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഫീസ് തുകയെ കുറിച്ചുള്ള വ്യക്തമായ അറിയിപ്പ് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്ക് നല്‍കണമെന്നു വിദ്യാഭ്യാസ മന്ത്രിയുടെ സ്വകാര്യ സ്‌കൂള്‍ വിഭാഗം ഉപദേശകന്‍ താരിഖ് അല്‍ അബ്ദുല്ല പറഞ്ഞു. വരുമാനത്തിനനുസരിച്ച സ്‌കൂള്‍ തിരഞ്ഞെടുക്കാന്‍ രക്ഷിതാക്കള്‍ക്ക് ഇതിലൂടെ സാധിക്കും. പുതിയ അഡ്മിഷന്‍ ആരംഭിക്കുന്ന മാര്‍ച്ച് ഒന്നിനു മുമ്പ് ഓരോ സ്‌കൂളും പുതിയ അധ്യയന വര്‍ഷത്തിലെ ട്യൂഷന്‍ ഫീസ് പ്രസിദ്ധപ്പെടുത്തണം. ഫീസ് നിരക്ക് സുതാര്യമാണെന്നും അധിക ഫീസ് ഈടാക്കുന്നില്ലെന്നും മന്ത്രാലയം ഉറപ്പാക്കും. പ്രവേശനത്തിന്റെ ഓരോ ഘട്ടത്തിലും മന്ത്രാലയത്തിന്റെ നിരീക്ഷണമുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. സ്വകാര്യ സ്‌കൂളുകള്‍ക്കുമേല്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനു അധികാരങ്ങളുണ്ട്. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ഈവര്‍ഷം ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് ഒന്നുമുതല്‍ ഒക്ടോബര്‍ 31 വരെയാണു സ്‌കൂള്‍ പ്രവേശനം. ഏപ്രിലില്‍ ഫീസ് അടയ്ക്കണം. പ്രവേശനം വേണ്ടെന്നുവയ്ക്കുന്നവര്‍ക്കു രണ്ടുമാസത്തിനുള്ളില്‍ ഫീസ് തിരികെ വാങ്ങാം. മധ്യവേനലവധി കഴിഞ്ഞ് സ്വകാര്യ സ്‌കൂളുകള്‍ ആഗസ്ത് 29നാണു തുറക്കുക. ഡിസംബര്‍ 23 മുതല്‍ ജനുവരി മൂന്നുവരെ സ്‌കൂളുകള്‍ക്കു ഇടക്കാല അവധിയുണ്ട്. ജനുവരി മൂന്ന് വ്യാഴം ആയതിനാല്‍ കുട്ടികള്‍ ആറാം തിയ്യതി എത്തിയാല്‍ മതി. എന്നാല്‍ വിവിധ എംബസികളുടെ മേല്‍നോട്ടത്തിലുള്ള കമ്യൂണിറ്റി സ്‌കൂളുകള്‍ക്ക് അവധി ദിനങ്ങളില്‍ മാറ്റംവരുത്താന്‍ അനുവാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ഡയരക്ടര്‍ ഹസന്‍ അല്‍ മുഹന്നദിയും സംബന്ധിച്ചു.












Click it and Unblock the Notifications