സിറിയയില്‍ കൂട്ടക്കുരുതി; 30 ദിവസത്തെ വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്ത് യുഎന്‍
ന്യുയോര്‍ക്ക്: ബശ്ശാറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ ഭരണകൂടം റഷ്യന്‍ പിന്തുണയോടെ നടത്തുന്ന വ്യോമാക്രമണത്തില്‍ കിഴക്കന്‍ ഗൗത്തയില്‍ നൂറുകണക്കിനാളുകള്‍ മരിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സിറിയയില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് യു.എന്‍ രക്ഷാസമിതി ആഹ്വാനം ചെയ്തു. താമസിയാതെ വെടിനിര്‍ത്തല്‍ നടപ്പിലാക്കുകയും ആക്രമണങ്ങളാലും പട്ടിണിയാലും പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അവസരമൊരുക്കുകയും ചെയ്യാനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
റഷ്യയുടെ എതിര്‍പ്പ് കാരണം ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് യു.എന്‍ രക്ഷാസമിതി ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കിയത്. സ്വീഡനും കുവൈത്തും ചേര്‍ന്ന് തയ്യാറാക്കിയ പ്രമേയത്തിലെ വാക്കുകളെ ചൊല്ലിയായിരുന്നു റഷ്യയുടെ എതിര്‍പ്പ്.
റഷ്യയുടെ നിലപാട് മൂലം തീരുമാനം വൈകിക്കേണ്ടിവന്നതിനെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലെ വിമര്‍ശിച്ചു. പ്രമേയത്തിലെ ഏതാനും വാക്കുകളും കൊമകളും മാറിയതല്ലാതെ ഉള്ളടക്കത്തില്‍ കാര്യമായ ഒരു മാറ്റവുമുണ്ടായിട്ടില്ല. അതേസമയം, പ്രമേയം വൈകിയ ഓരോ മിനുട്ടും സിറിയയിലെ ജനങ്ങളുടെ ദുരിതം ഏറിവരികയായിരുന്നുവെന്നും യു.എസ് അംബാസഡര്‍ കുറ്റപ്പെടുത്തി. 'ഉടനെ' വെടിനിര്‍ത്തല്‍ വേണമെന്ന പ്രമേയത്തിലെ വാക്കുകള്‍ 'താമസിയാതെ' വെടിനിര്‍ത്തല്‍ വേണമെന്നാക്കിയതാണ് പ്രധാനമായ മാറ്റം.

അതിനിടെ, രക്ഷാസമിതി പ്രമേയം വോട്ടിനിട്ട് പാസ്സാക്കി മിനിട്ടുകള്‍ക്കം സിറിയന്‍ യുദ്ധ വിമാനങ്ങള്‍ വിമതകേന്ദ്രങ്ങള്‍ക്കെതിരേ ശക്തമായ ആക്രമണം നടത്തിയതായി ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചു. ഫെബ്രുവരി 18നാണ് കിഴക്കന്‍ ഗൗതയ്‌ക്കെതിരേ പുതിയ വ്യോമാക്രമണത്തിന് സര്‍ക്കാര്‍ സൈന്യം തുടക്കം കുറിച്ചത്. ആക്രമണങ്ങളില്‍ ഇതിനകം 500ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 2013 മുതല്‍ സിറിയന്‍ സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള ഉപരോധം നേരിടുന്ന ഈ വിമത പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന നാലു ലക്ഷം പേര്‍ ആവശ്യമായ ഭക്ഷണമോ മരുന്നോ ഇല്ലാതെ കഷ്ടപ്പെടുമ്പോഴാണ് റഷ്യന്‍ പിന്തുണയോടെയുള്ള വ്യോമാക്രമണം.












Click it and Unblock the Notifications