ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ 42 പേർ കൊല്ലപ്പെട്ടു; ടെൽ അവീവിൽ യുദ്ധത്തിനെതിരെ വൻ പ്രതിഷേധം
ടെൽ അവീവ്: ഗാസയിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രായേൽ. ശനിയാഴ്‌ച ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 42 പേർ കൊല്ലപ്പെട്ടതായാണ് ഹമാസിന്റെ നേതൃത്വത്തിലുള്ള സർക്കാർ മീഡിയ ഓഫീസ് ഡയറക്‌ടർ അറിയിച്ചത്. മേഖലയിൽ ഏറെനാളായി തുടരുന്ന മനുഷ്യക്കുരുതിയുടെയും നാശനഷ്‌ടങ്ങളുടെയും സാഹചര്യങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ നടന്ന ആക്രമണം.
കഴിഞ്ഞ ദിവസം തെക്കൻ നഗരമായ റഫയ്ക്ക് സമീപമുള്ള ഒരു ടെന്റ് ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിൽ സമാനമായ രീതിയിൽ മാനുഷിക നഷ്‌ടം രേഖപ്പെടുത്തിയിരുന്നു. ഈ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും ഗാസയിൽ ഇസ്രായേൽ നാശം വിതയ്ക്കുന്നത്.

അതിനിടെ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് എതിരായ എതിർപ്പ് കൂടിവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി പതിനായിരക്കണക്കിന് പ്രതിഷേധക്കാർ ടെൽ അവീവിൽ റാലി നടത്തി. 'സ്‌റ്റോപ്പ് ദി വാർ' മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം നടന്നത്.
പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഗാസയിൽ കുടുങ്ങിയ ബന്ദികളെ തിരികെ കൊണ്ടുവരാനും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം നടന്നത്. ഹമാസുമായുള്ള സംഘർഷം കൈകാര്യംചെയ്‌ത രീതിയിലും യുദ്ധം നീളുന്നതിലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിനെതിരെ വ്യാപക വിമർശനം തുടരുന്നതിനിടെയാണ് ഈ പ്രതിഷേധ പ്രകടനം.
ശനിയാഴ്‌ച ടെൽ അവീവിൽ നടന്ന പ്രതിഷേധത്തിൽ 150,000-ത്തിലധികം പേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധമായിരുന്നു ഇന്നലെ നടന്നത്. പ്രതിഷേധക്കാർ ഇസ്രായേൽ പതാകകൾ വീശി കൂടാതെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേതൃത്വം നൽകുന്ന സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്‌തു.
അതിനിടെ, ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം രൂക്ഷമായി കൊണ്ടിരിക്കുകയാണ്, പടിഞ്ഞാറൻ, വടക്കൻ റഫയിലേക്ക് ഇസ്രായേൽ ടാങ്കുകൾ നുഴഞ്ഞുകയറ്റം നടത്തിയതായി ഇവിടുത്തെ പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തങ്ങൾ റാഫയിൽ കൃത്യമായ ആസൂത്രണത്തോടെ ആക്രമണം നടത്തുകയാണെന്നും നിരവധി തോക്കുധാരികൾ വെടിവെച്ചിട്ടതായും ആക്രമങ്ങൾ നിർജീവമാക്കിയതായും ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
അതേസമയം, യുദ്ധം ആരംഭിച്ചിട്ട് എട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെ ഹമാസിനെ ഇല്ലാതാക്കാന്‍ ഇസ്രായേലിന് സാധിച്ചിട്ടില്ല.ഇതിൽ രാജ്യത്തിന്റെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. ഗാസയില്‍ ഇപ്പോഴും ഹമാസിറെ സാന്നിധ്യം സജീവമാണ്. നിരന്തരം വ്യാപക ആക്രമണങ്ങള്‍ നടത്തിയിട്ടും ഹമാസിനെ ഒതുക്കാൻ ഇസ്രായേലിന് കഴിയാത്തത് അന്താരാഷ്ട്ര തലത്തിൽ മോശം പ്രതിച്ഛായ ഉണ്ടാക്കുന്നുവെന്നാണ് വിമർശനം. ഇതിനിടയിലാണ് ടെൽ അവീവിൽ ഉൾപ്പെടെ വൻ പ്രതിഷേധങ്ങളും അരങ്ങേറുന്നത്.












Click it and Unblock the Notifications