അഫ്‌ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; 2021ന് ശേഷം ഇതാദ്യം, താലിബാനോടുള്ള നയം മാറുമോ?
ന്യൂഡൽഹി: താലിബാൻ ഭരിക്കുന്ന അഫ്‌ഗാനിസ്ഥാനിലെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി അടുത്തയാഴ്‌ച ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. മുത്തഖിയുടെ സന്ദർശനം നടന്നാൽ അത് ഒരു സുപ്രധാന നയതന്ത്ര വികാസത്തെ അടയാളപ്പെടുത്തും. താലിബാൻ ഭരണകൂടവുമായി ഇന്ത്യ ഇടപെടലുകൾ നേരത്തെ പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ 2021ന് ശേഷമുള്ള ആദ്യ ഉന്നതതല കൂടിക്കാഴ്‌ചയായി ഇതോടെ മുത്തഖിയുടെ വരവ് മാറും.
അമീർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തിന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ (യുഎൻഎസ്‌സി) അനുമതി നൽകിയിരുന്നു. ഇന്ത്യയുടെ അഭ്യർത്ഥന മാനിച്ചാണ് ഈ നീക്കമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ അദ്ധേഹത്തിന്റെ പാകിസ്ഥാൻ സന്ദർശനം യുഎൻഎസ്‌സിയുടെ അനുമതി ഇല്ലാത്തതിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

ഒക്ടോബർ 6-ന് റഷ്യ സന്ദർശിച്ച ശേഷം ഒക്ടോബർ 9 മുതൽ 16 വരെ മുത്തഖി ന്യൂഡൽഹിയിൽ ഉണ്ടാവും. മുമ്പ് സന്ദർശനാനുമതി നിഷേധിച്ചിരുന്ന യുഎൻഎസ്‌സി, ഇത്തവണ അനുകൂലമായ നിലപാട് സ്വീകരിച്ചത് ശ്രദ്ധേയമാണ്. യുഎൻഎസ്‌സി റെസല്യൂഷൻ 1988 പ്രകാരം താലിബാൻ നേതാക്കൾക്കെതിരായ ഉപരോധം നിലനിൽക്കുന്നതിനാൽ മുത്തഖിക്ക് വിദേശയാത്രകൾക്ക് സുരക്ഷാ കൗൺസിലിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.
തുടർന്ന് ഒക്ടോബർ 9 മുതൽ 16 വരെ ഇന്ത്യ സന്ദർശിക്കാൻ സെപ്റ്റംബർ 30-ന് കമ്മിറ്റി യാത്രാവിലക്കിൽ ഇളവ് നൽകി. 2021-ൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതിന് ശേഷം മുത്തഖി വിദേശകാര്യ മന്ത്രിയായി പ്രവർത്തിക്കുകയാണ്. ഇന്ത്യ-താലിബാൻ ബന്ധത്തിൽ ഈ സന്ദർശനം നിർണായകമാണെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ന്യൂഡൽഹിയിൽ വച്ച് ഉന്നതതല കൂടിക്കാഴ്‌ചകൾ ഉൾപ്പെടെ മുത്തഖി നടത്തും.
നിലവിലെ സാഹചര്യത്തിൽ പാകിസ്ഥാന്റെയും ചൈനയുടെയും പ്രാദേശിക സ്വാധീനം ചെറുക്കുന്നതിനുള്ള ഇന്ത്യയുടെ തന്ത്രപരമായ നീക്കമായി ഇതിനെ വിദഗ്ദ്ധർ വിലയിരുത്തുന്നു. 2025 മെയ് മാസത്തിൽ ബീജിംഗിൽ നടന്ന അനൗപചാരിക ചർച്ചകളിൽ മുത്തഖി ചൈനീസ്, പാകിസ്ഥാൻ വിദേശകാര്യ മന്ത്രിമാരായ വാങ് യി, ഇഷാഖ് ദാർ എന്നിവരുമായി കൂടിക്കാഴച്ചഴ്‌ച നടത്തിയിരുന്നു.
ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി അഫ്‌ഗാനിസ്ഥാനിലേക്ക് വ്യാപിപ്പിക്കുന്നതുൾപ്പെടെ ത്രിരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തുന്നതായിരുന്നു അന്ന് ചർച്ചാവിഷയം. 60 ബില്യൺ ഡോളറിന്റെ സിപിഇസി പദ്ധതി പാക് അധിനിവേശ കശ്‌മീരിലൂടെ കടന്നുപോകുന്നതിനാൽ ഇന്ത്യ ഇതിനെതിരെ കടുത്ത നിലപാട് എടുത്തിട്ടുണ്ട്. മാത്രമല്ല താലിബാൻ ഭരണകൂടത്തോടുള്ള ഇന്ത്യയുടെ സമീപനത്തിൽ മാറ്റമുണ്ടാവുമോ എന്നും എല്ലാവരും ഉറ്റുനോക്കുകയാണ്.
2021-ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയത് അഫ്‌ഗാനിസ്ഥാന്റെ രാഷ്ട്രീയ ഭൂപ്രകൃതിയെ ഒന്നാകെ മാറ്റിമറിച്ചു. യുഎസ് നേതൃത്വത്തിലുള്ള സൈന്യത്തെ പിൻവലിച്ചതിനുശേഷം, താലിബാൻ രാജ്യം മുഴുവൻ പ്രക്ഷോഭങ്ങൾ നടത്തുകയും ഓഗസ്‌റ്റ് 15-ന് കാബൂളിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു. അതോടെ അന്നത്തെ പ്രസിഡന്റ് അഷ്‌റഫ് ഘാനിക്ക് രാജ്യത്ത് പലായനം ചെയ്യേണ്ടി വന്നിരുന്നു.
അതിനുശേഷം, ആഗോളതലത്തിൽ ഔദ്യോഗിക അംഗീകാരം നേടുന്നതിൽ താലിബാൻ ഭരണകൂടം പരാജയപ്പെട്ടു. എന്നാൽ പോലും ഇന്ത്യയുൾപ്പെടെ പലരും സുരക്ഷാ, മാനുഷിക ആശങ്കകൾ പരിഹരിക്കുന്നതിന് ആശയവിനിമയ മാർഗങ്ങൾ നിലനിർത്തിയിട്ടുണ്ട്. അടുത്തിടെ റഷ്യയാണ് താലിബാൻ ഭരണകൂടത്തെ ആദ്യമായി അംഗീകരിച്ചത്, ഇന്ത്യയും ഇതേ പാത തന്നെ പിന്തുടരുമോ എന്നത് ഇനി കണ്ടറിയണം.












Click it and Unblock the Notifications