'രണ്ട് ദിവസത്തെ ഓർക്കാനിഷ്ടപ്പെടാത്ത രാത്രികൾക്ക് ശേഷം സുഖമായിരിക്കുന്നു' ഇസ്താംബുള്ളിലെന്ന് പോപ്പ് ഗായിക
കാബൂൾ: താലിബാൻ കാബൂളിൽ അധികാരമുറപ്പിച്ചത് രാജ്യത്തെ സ്ത്രീകളെയാണ് ഏറ്റവുമധികം ആശങ്കയിലാക്കിയത്. സ്ത്രീകളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം വർധിച്ചതോടെ നിരവധി പേരാണ് രാജ്യം വിടാൻ ഒരുങ്ങുന്നത്. അഫ്ഗാനിസ്ഥാനിലെ പ്രമുഖ പോപ്പ് ഗായിക ആര്യാന സയീദും രാജ്യം വിട്ടു. താലിബാൻ കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ താൻ രാജ്യം വിട്ടുവെന്നാണ് ഗായിക വ്യക്തമാക്കിയത്.

ഓർക്കാനിഷ്ടപ്പെടാത്ത രണ്ട് രാത്രികൾക്ക് ശേഷം ഞാൻ സുഖമായിരിക്കുന്നു. ഞാൻ ഖത്തറിലെ ദോഹയിലെത്തി. ഇസ്താൻബുള്ളിലേക്കുള്ള വിമാനത്തിനായി കാത്തിരിപ്പ് തുടരുകയാണെന്നും ആര്യാന സയീദ് വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ 1.3 മില്യൺ ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള ഗായികയാണ് ആര്യാന സയീദ്. താലിബാൻ ഭരണത്തിൽ സ്ത്രീകൾക്ക് കടുത്ത നിയന്ത്രണം വരുമെന്ന സൂചന രാജ്യത്ത് കടുത്ത ആശങ്ക സൃഷ്ടിച്ചതിന് പിന്നാലെയാണ് പ്രമുഖ വനിതകളിൽ പലരും സുരക്ഷിത സ്ഥാനങ്ങൾ തേടി രാജ്യം വിടുന്നത്. അതേ സമയം അഫ്ഗാനിസ്ഥാനിലെ വനിതാ ഫുട്ബോൾ ടീമിനെ രക്ഷിക്കണമെന്ന് ഫിഫ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

കർശനമായ താലിബാൻ ഭരണത്തിൻ കീഴിൽ സ്ത്രീകളും പെൺകുട്ടികളും തങ്ങളുടെ ജീവൻ നിലനിർത്തുന്നതിനായി പാടുപെടുമ്പോഴാണ് അഫ്ഗാൻ ടെലിവിഷനിലെ ഒരു റിയാലിറ്റി ഷോയിൽ ഈയിടെ ജഡ്ജായെത്തിയ സയീദ് (36), യുഎസ് കാർഗോ ജെറ്റ് വഴി ഖത്തറിലേക്ക് പോയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള പ്രവാസികൾ രാജ്യത്തിന് പുറത്തേക്ക് പോകാനുള്ള മാർഗ്ഗങ്ങൾ തേടുമ്പോഴാണ് ഗായിക ഗൾഫ് രാജ്യത്ത് അഭയം തേടിയിട്ടുള്ളത്.

"2015 ൽ മൂന്ന് വിലക്കുകൾ ലംഘിച്ചുകൊണ്ടാണ് ഒരു സ്റ്റേഡിയത്തിൽ ആര്യാന പരിപാടി അവതരിപ്പിച്ചത്. ഒരു സ്ത്രീ പാടുന്നത്, ഹിജാബ് ധരിക്കാതെ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടു, ഒരു സ്ത്രീയായിരുന്നിട്ടും സ്റ്റേഡിയത്തിൽ പ്രവേശിച്ചു എന്നിങ്ങനെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കുള്ള വിലക്കുകളെ അപ്പാടെ പൊളിച്ചെഴുതിയ വ്യക്തിയായിരുന്നു ആര്യാന. ഇതെല്ലാം താലിബാന് കീഴിൽ നിരോധിക്കപ്പെട്ട കാര്യങ്ങളായിരുന്നു. എന്നാൽ താലിബാൻ വീണ്ടും അധികാരം പിടിച്ചെടുത്തതോടെ ഇതെല്ലാം വീണ്ടും സ്വപ്നമായിത്തീരുകയും ചെയ്യും.

ദോഹയിൽ നിന്ന്, തുർക്കിയിലേക്ക് പോയ ആര്യാന അവിടെ അഫ്ഗാൻ മ്യൂസിക് പ്രൊഡ്യൂസറായ ഭർത്താവ് ഹസിബ് സെയ്ദിനൊപ്പം താമസിക്കും. "ഞാൻ വീട്ടിലെത്തിയ ശേഷം, അന്ധവിശ്വാസത്തിന്റെയും ഞെട്ടലിന്റെയും ലോകത്തിൽ നിന്ന് എന്റെ മനസ്സും വികാരങ്ങളും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയ ശേഷം, നിങ്ങളുമായി പങ്കിടാൻ എനിക്ക് ധാരാളം കഥകളുണ്ട്," ആര്യാന സോഷ്യൽ മീഡിയയിൽ കുറിച്ചു. ആര്യാനയെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ബുധനാഴ്ച അറസ്റ്റിലായ ഹസാര ജില്ലയിലെ ഗവർണർ സലീമ മസാരി ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ അഫ്ഗാൻ സ്ത്രീകൾ കൊല്ലപ്പെടുമെന്നാണ് പലരും ഭയക്കുന്നത്. ഇതിനുള്ള പ്രധാന കാരണം താലിബാനെ പരസ്യമായി വിമർശിച്ചിരുന്നവരിൽ ഒരാളായിരുന്നു സലീമ. അതുകൊണ്ട് തന്നെ അവരെ പരസ്യമായി വധിക്കുമെന്ന ഭയം ഇപ്പോഴുമുണ്ട്.

അതേസമയം, അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ താലിബാനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. യുദ്ധത്തിൽ തകർന്നടിഞ്ഞ അഫ്ഗാനിൽ നിലവിൽ വരാനിരിക്കുന്ന സർക്കാരിൽ തങ്ങളെ എങ്ങനെ പ്രതിനിധീകരിക്കും എന്ന ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് സർക്കാരിനും സർക്കാർ ഇതര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകളും തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. അഫ്ഗാൻ മാധ്യമമായ ടോളോ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഒരു പുതിയ ഗവൺമെന്റ് രൂപീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ആരംഭിച്ചതായി താലിബാൻ വ്യക്തമാക്കിയതിന് ഈ നീക്കം.

സയീദ് തന്റെ സോഷ്യൽ മീഡിയ താലിബാനെതിരെ സജീവമായി പ്രചാരണം നടത്തുകയും പാകിസ്താൻ താലിബാനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്താൻ പ്രസിഡന്റ് ജോ ബിഡനും ഐക്യരാഷ്ട്രസഭയും ആവശ്യപ്പെടണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. പാകിസ്താൻ ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. താലിബാൻ ഭരണം ഭയന്ന് ജനങ്ങൾ കൂട്ടമായി പലായനം ചെയ്യുന്ന സാഹചര്യത്തിൽ മറ്റ് രാജ്യങ്ങൾ അതിർത്തികൾ അടച്ചിടരുതെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിരുന്നു.

സയീദിനെപ്പോലെ, താലിബാൻ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം പ്രശസ്തമായ അഫ്ഗാൻ ഓൺലൈൻ സെലിബ്രിറ്റികളും അവരുടെ ഓൺലൈൻ പ്രവർത്തനത്തിന് പ്രതികാരം ചെയ്യുമെന്ന് ഭയപ്പെടുന്നു. താലിബാന്റെ തിരിച്ചുവരവ് ഭയന്ന് സോഷ്യൽ മീഡിയയിലെ താരമായ അയ്ദ ഷദാബ് ഇസ്താംബൂളിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട്. "താലിബാൻ കാബൂൾ പിടിച്ചെടുത്താൽ, എന്നെപ്പോലുള്ളവർ ഇനി സുരക്ഷിതരല്ല. പർദ്ദ ധരിക്കാത്ത, ജോലി ചെയ്യുന്ന എന്നെപ്പോലുള്ള സ്ത്രീകൾക്ക് അവരെ അംഗീകരിക്കാൻ കഴിയില്ല," അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു












Click it and Unblock the Notifications