അസദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു? ഇറാനിയൻ എംബസി ആക്രമിച്ച് വിമതർ, അതിർത്തി അടച്ച് ഇറാഖ്
ദമസ്‌കസ്: വിമതർ അട്ടിമറി നീക്കം നടത്തി ഭരണം പിടിച്ചെടുത്ത സിറിയയുടെ പ്രസിഡന്റ് ബാഷർ അൽ അസദ് കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ. കൃത്യമായ സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ വിഷയം ചർച്ചയാവുന്നുണ്ട്. ദമസ്‌കസിൽ നിന്ന് പലായനം ചെയ്യുന്നതിനിടെ വിമാനാപകടത്തിലോ, അല്ലെങ്കിൽ വിമതരുടെ ആക്രമണത്തിലോ അസദ് കൊല്ലപ്പെട്ടിരിക്കാമെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്.
അതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അസദ് സഞ്ചരിച്ച വിമാനം പൊടുന്നനെ റഡാറിൽ നിന്ന് അപ്രത്യക്ഷമായതും വിമാനത്തിന്റെ സിഗ്നലുകൾ നഷ്‌ടമായതുമാണ്. തലസ്ഥാനത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തുവെന്ന് വിമതർ അവകാശപ്പെടുന്ന സമയത്ത് ദമസ്‌കസ് വിമാനത്താവളത്തിൽ നിന്ന് ഒരു സിറിയൻ എയർ വിമാനം പറന്നുയർന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇല്യൂഷിൻ Il-76T എന്ന വിമാനമാണ് ആദ്യം സിറിയയുടെ തീരപ്രദേശത്തേക്ക് നീങ്ങിയത്.

എന്നാൽ പെട്ടെന്ന് തന്നെ വിമാനം എതിർദിശയിലേക്ക് റൂട്ട് മാറ്റിയെന്നും മിനിറ്റുകളോളം ഇതേ നിലയിൽ പറക്കൽ തുടർന്നെങ്കിലും പിന്നീട് റഡാർ സിഗ്നലുകൾ നഷ്‌ടമാവുകയും ചെയ്‌തതായാണ് സൂചന. ഇതോടെയാണ് സാങ്കേതിക തകരാർ മൂലം വിമാനം തകരുകയോ വിമതർ വെടിവെച്ചിടുകയോ ചെയ്‌തിരിക്കാമെന്ന അഭ്യൂഹങ്ങൾ പരക്കുന്നത്.
വിമതർ പിടിച്ചെടുത്ത ഹോംസ് നഗരത്തിന് അടുത്ത് വച്ചായാണ് വിമാനത്തിന്റെ സിഗ്നൽ നഷ്‌ടമായത്. അപ്രത്യക്ഷമാകുന്നതിന് മുമ്പ് മിനിറ്റുകൾക്കുള്ളിൽ ജെറ്റ് 3650 മീറ്ററിൽ നിന്ന് 1070 മീറ്ററിലേക്ക് കുത്തനെ താഴ്ന്നുവെന്ന് ഫ്ലൈറ്റ് ഡാറ്റ വ്യക്തമാക്കുന്നു. ഇതും വിമാനം തകർന്നുവെന്ന പ്രചാരണങ്ങൾക് ആക്കം കൂട്ടുന്നതാണ്. എന്നാൽ ബാഷർ അൽ അസദ് ഈ വിമാനത്തിൽ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.
അസദിന്റെ സുരക്ഷിത താവളമായി കാണപ്പെട്ടിരുന്ന റഷ്യയുടെ ലതാകിയ എയർബേസിലേക്കാണ് വിമാനം പുറപ്പെട്ടതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ഇത് അസദിനെ സംബന്ധിച്ച് സുരക്ഷിത താവളമാണ്. വിമതർക്ക് ഇതുവരെയും നിയന്ത്രണത്തിൽ ആക്കാൻ കഴിയാത്ത ചുരുക്കം ചില മേഖലകളിൽ ഒന്ന് കൂടിയാണിത്.
അതേസമയം, സിറിയയിൽ വിമതർ ഭരണം പിടിച്ചെടുത്തുവെന്നാണ് ദേശീയ ടെലിവിഷൻ തന്നെ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ ദമസ്‌കസിലെ ഇറാനിയൻ എംബസിക്ക് നേരെ വിമതരുടെ ആക്രമണം ഉണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അസദുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇറാനെ ലക്ഷ്യമിട്ടാണ് വിമതർ എംബസി ആക്രമിച്ചതെന്നാണ് സൂചന.
അതിനിടെ സിറിയയിലെ ആഭ്യന്തര വിഷയങ്ങൾ കണക്കിലെടുത്ത് അതിർത്തി അടയ്ക്കുന്നതായി ഇറാഖ് അറിയിച്ചിട്ടുണ്ട്. ബാഷർ അൽ അസദിന്റെ സർക്കാരിനെ വിമതർ അട്ടിമറിച്ചതിനെത്തുടർന്ന് സിറിയയുമായി പങ്കിടുന്ന അൽ-ഖൈം അതിർത്തിഇറാഖ് സുരക്ഷിതമാക്കി എന്നാണ് അറിയിച്ചിരിക്കുന്നത്. അതിനിടെ പരിക്കേറ്റവരും അല്ലാത്തവരുമായ നിരവധി സിറിയൻ സൈനികർ ഇറാഖിൽ അഭയം പ്രാപിച്ചുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.












Click it and Unblock the Notifications