വ്ളാദിമിർ പുടിനെ വധിക്കാനുള്ള ശ്രമം ആണവ യുദ്ധത്തിന് കാരണമാവും; മുന്നറിയിപ്പുമായി റഷ്യൻ നേതാവ്
മോസ്‌കോ: വ്ളാദിമിർ പുടിനെതിരെ യുഎസ് വധശ്രമം ആസൂത്രണം ചെയ്‌തുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ മുന്നറിയിപ്പുമായി റഷ്യൻ നേതാവ്. പുടിനെതിരായ വധശ്രമം ആഗോള സുരക്ഷയ്ക്ക് തന്നെ ഭീഷണി ആവുമെന്നും ആണവ യുദ്ധത്തിലേക്ക് വരെ നയിക്കാമെന്നുമാണ് റഷ്യൻ നേതാവിന്റെ മുന്നറിയിപ്പ്. പുടിനെതിരായ വധശ്രമ വാർത്തയിൽ ബൈഡൻ സർക്കാരിനെതിരെ ചോദ്യമുന നീളുന്ന വേളയിലാണ് ഈ പ്രസ്‌താവന.
പ്രമുഖ യുഎസ് പത്രപ്രവർത്തകൻ ടക്കർ കാൾസൺ, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ വധിക്കാൻ ജോ ബൈഡൻ ഭരണകൂടം ശ്രമിച്ചുവെന്ന വെളിപ്പെടുത്തൽ നടത്തിയതാണ് വലിയ ചർച്ചകൾക്ക് തുടക്കമായത്. കാൾസൺ തന്റെ പോഡ്‌കാസ്‌റ്റായ "ദ ടക്കർ കാൾസൺ ഷോ"യിലൂടെയാണ് ആരോപണം ഉന്നയിച്ചത്. എന്നാൽ തന്റെ വാദത്തെ പിന്തുണയ്ക്കുന്ന വ്യക്തമായ തെളിവുകൾ നൽകാതെയാണ് ഈ ആരോപണം അദ്ദേഹം ഉന്നയിച്ചത്.

സാധ്യമായ ഭീഷണികളിൽ നിന്ന് റഷ്യൻ പ്രസിഡന്റ് നന്നായി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് ചൂണ്ടിക്കാട്ടി. എന്നാൽ പുടിനെ ലക്ഷ്യമിടാനുള്ള യുഎസ് ശ്രമങ്ങൾ സ്ഥിരീകരിക്കുന്നതിൽ നിന്നും നിഷേധിക്കുന്നതിൽ നിന്നും അദ്ദേഹം വിട്ടുനിന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. വിഷയത്തിൽ കടുത്ത വിമർശനങ്ങളാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നുയരുന്നത്.
എന്നാൽ റഷ്യൻ പാർലമെന്റ് സ്‌പീക്കർ വ്യാസെസ്ലാവ് വോലോഡിൻ കൂടുതൽ കടുത്ത ഭാഷയാണ് പ്രതികരിക്കാൻ സ്വീകരിച്ചത്. പുടിനെ വധിക്കാനുള്ള ഏതൊരു ഗൂഢാലോചനയും ആണവയുദ്ധത്തിന്റെ സാധ്യത ഉൾപ്പെടെയുള്ള വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ടെലിഗ്രാമിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതാദ്യമായല്ല പുടിനെ കൊല്ലാൻ അമേരിക്ക പദ്ധതിയിട്ടെന്ന ആരോപണം ഉയരുന്നത്. 2022 സെപ്റ്റംബറിൽ, ന്യൂസ് വീക്കിൽ പുടിന്റെ ആണവ ഭീഷണികൾക്ക് മറുപടിയായി ഒരു ആണവ ഇതര സൈനിക ഓപ്ഷനായി യുഎസ് പ്രതിരോധ വകുപ്പ് ഒരു ശിരഛേദ ആക്രമണം പരിഗണിച്ചതായി പെന്റഗൺ വൃത്തങ്ങളെ ഉദ്ധരിച്ചു റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ അവകാശവാദം വ്യാമോഹം എന്ന് ചൂണ്ടിക്കാട്ടി റഷ്യ തള്ളിയിരുന്നു.
ഹംഗേറിയൻ പ്രധാനമന്ത്രി വിക്‌ടർ ഓർബനെയും സ്ലോവാക് പ്രധാനമന്ത്രി റോബർട്ട് ഫിക്കോയെയും ആക്രമിക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെയുള്ള മറ്റ് സംഭവങ്ങളുമായി വോലോഡിൻ കാൾസന്റെ അവകാശവാദത്തെ ബന്ധപ്പെടുത്തുകയും ചെയ്‌തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിലവിലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ആക്രമണവും അദ്ദേഹം പരാമർശിച്ചു.
റഷ്യ നേരിടുന്ന ഭീഷണികളുടെ ഗൗരവം ഊന്നിപ്പറഞ്ഞുകൊണ്ട് സ്‌പെഷ്യൽ സർവീസുകളോടെ ജാഗ്രത പാലിക്കാൻ വോലോഡിൻ ആവശ്യപ്പെട്ടു. നമ്മൾ നേരിടുന്ന വെല്ലുവിളികളും അപകടങ്ങളും നാം മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നാലെ പുടിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications