ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം; സ്‌മിത് മച്ചാറിനെ പുകഴ്ത്തി നെതന്യാഹു, ഇന്ത്യ അഭിമാനിക്കുന്നുവെന്ന് മോദി
ന്യൂഡൽഹി: ഫ്ലൈദുബായ് വിമാനത്തിലെ കോക്‌പിറ്റിൽ ഉണ്ടായ ആക്രമണത്തിനിടെ ധീരമായ ഇടപെടൽ നടത്തിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്‌മിത് മച്ചാറിനെ പ്രശംസിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വലിയൊരു വിമാനാപകടം ഒഴിവാക്കുന്നതിൽ പൈലറ്റിന്റെ ഇടപെടൽ നിർണായകമായെന്നാണ് നെതന്യാഹു പറഞ്ഞത്. സഹപൈലറ്റുമായുണ്ടായ സംഘർഷത്തിനിടെ കുത്തേറ്റിട്ടും സ്‌മിത് മച്ചാർ പ്രതിരോധിക്കുകയും കോക്‌പിറ്റ് വാതിൽ തുറക്കുകയും ചെയ്‌തിരുന്നു.
ഇതോടെ യാത്രക്കാർക്കും ജീവനക്കാർക്കും അകത്തേക്ക് എത്തി ആക്രമിയെ കീഴടക്കാൻ സാധിച്ചു. 174 പേരുമായി സഞ്ചരിച്ച ഫ്ലൈദുബായ് എഫ്‌ഇസഡ്1073 വിമാനം പിന്നീട് സൗദി അറേബ്യയിലേക്ക് തിരിച്ചുവിടുകയും തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയും ചെയ്‌തു. ഇസ്രയേൽ പൗരന്മാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിൽ ക്യാപ്റ്റൻ സ്‌മിത് മച്ചാറിന്റെ ധൈര്യം സഹായിച്ചെന്ന് നെതന്യാഹു പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റിട്ടും ആക്രമിയെ നേരിടാൻ അദ്ദേഹം കാണിച്ച ധൈര്യത്തെ നെതന്യാഹു അഭിനന്ദിക്കുകയും അദ്ദേഹം വേഗത്തിൽ പൂർണമായി സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്‌തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്യാപ്റ്റൻ സ്‌മിത് മച്ചാറിനെ പ്രശംസിച്ചു. ഗുരുതരമായ അപകടസാഹചര്യത്തിലും പരിക്കേറ്റ നിലയിലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം കാണിച്ച ധൈര്യവും ഉറച്ച തീരുമാനവും അഭിനന്ദനാർഹമാണെന്ന് മോദി പറഞ്ഞു.
സ്‌മിത് മച്ചാറിന്റെ ധീരമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കാനും നൂറുകണക്കിന് പേരുടെ ജീവൻ രക്ഷിക്കാനും സഹായിച്ചെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ക്യാപ്റ്റൻ മച്ചാറിനെ ഓർത്ത് ഇന്ത്യ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിച്ച് ആരോഗ്യവാനാകട്ടെയെന്നും മോദി ആശംസിച്ചു.
എന്താണ് ഫ്ലൈദുബായ് വിമാനത്തിൽ സംഭവിച്ചത്?
ബോയിങ് 737 മാക്‌സ് 8 വിമാനത്തിന്റെ കോക്‌പിറ്റിൽ ക്യാപ്റ്റനും സഹപൈലറ്റും തമ്മിൽ രൂക്ഷമായ സംഘർഷമുണ്ടായതോടെ വിമാനം പെട്ടെന്ന് നിയന്ത്രണം നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടായി. ഇസ്രയേൽ അധികൃതർ പറയുന്നതനുസരിച്ച് സംഘർഷത്തിനിടെ സഹപൈലറ്റ് ക്യാപ്റ്റനെ കത്തികൊണ്ട് ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്‌തു.
ഇതിനിടെ വിമാനം പെട്ടെന്ന് താഴേക്ക് പതിക്കാൻ തുടങ്ങി. ഒമാൻ സ്വദേശിയായിരുന്ന സഹപൈലറ്റാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിമാനത്തിന്റെ ഉയരം അതിവേഗം കുറഞ്ഞതോടെ യാത്രക്കാർക്കിടയിലും ആശങ്കയുണ്ടായി. വിമാനത്തിന്റെ സഞ്ചാരം നിരീക്ഷിക്കുന്ന വിവരങ്ങൾ പ്രകാരം 30 സെക്കൻഡിനുള്ളിൽ വിമാനം ഏകദേശം 14,000 അടി താഴേക്ക് പതിച്ചു. ഇത് വലിയ അപകടസാധ്യതയാണ് സൃഷ്‌ടിച്ചത്.
വിമാനത്തിന്റെ ഉയരം പെട്ടെന്ന് കുറഞ്ഞതോടെ യാത്രക്കാർ കോക്‌പിറ്റിനുള്ളിൽ നിന്ന് നിലവിളി കേട്ടു. ഇതോടെ ചില യാത്രക്കാർ ഉടൻ കോക്‌പിറ്റിന് സമീപത്തേക്ക് ഓടിയെത്തി. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ യാത്രക്കാരും വിമാന ജീവനക്കാരും ഇടപെടാൻ ശ്രമിക്കുകയായിരുന്നു. അങ്ങനെയാണ് വലിയൊരു ദുരന്തം ഒഴിവായത്.
ആരാണ് ക്യാപ്റ്റൻ സ്‌മിത് മച്ചാർ?
ഗുജറാത്തി വംശജനായ അദ്ദേഹം വാണിജ്യ വ്യോമയാന മേഖലയിൽ പത്ത് വർഷത്തിലേറെ പരിചയമുള്ളയാളാണ്. 2022 ജൂണിലാണ് സ്‌മിത് മച്ചർ ഫ്ലൈദുബായിൽ ഡയറക്‌ട് എൻട്രി ക്യാപ്റ്റനായി ജോലിയിൽ പ്രവേശിച്ചത്. അതിന് മുമ്പ് 2011 ജൂൺ മുതൽ 2022 വരെ ഏകദേശം 11 വർഷം സ്പൈസ്‌ജെറ്റിൽ ജോലി ചെയ്‌തിരുന്നു.
ബോയിങ് 737 വിമാനങ്ങളുടെ പ്രവർത്തനത്തിൽ പരിചയസമ്പത്തുള്ള മച്ചർ വ്യോമയാന സുരക്ഷയ്ക്കും ചട്ടങ്ങൾ പാലിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. കരിയറിനിടെ മറ്റ് പൈലറ്റുമാരെ പരിശീലിപ്പിക്കുകയും മാർഗനിർദേശം നൽകുകയും ചെയ്‌തിട്ടുണ്ട്. വെലിങ്കർ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് ബിസിനസ് അഡ്‌മിനിസ്ട്രേഷനിൽ ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്.


Click it and Unblock the Notifications
