ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകൾ മാത്രം; ഫ്രാൻസിലെ അതിവേഗ റെയിൽ ശൃംഖലയ്ക്ക് നേരെ ആക്രമണം
പാരിസ്: ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സിന് പാരിസിൽ തിരി തെളിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഫ്രാൻസിലെ അതിവേഗ റെയിൽ ശൃംഖലയ്ക്ക് നേരെ ആക്രമണം. തീപിടുത്തം ഉൾപ്പെടെയുള്ള സംഭവങ്ങളാണ് നടന്നതെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒന്നിലധികം ആക്രമണങ്ങൾ നടന്നുവെന്നും വിവരമുണ്ട്. ഇതോടെ രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ ലൈനിന്റെ പ്രവർത്തനം താറുമാറായി.
റെയിൽവേ സംവിധാനത്തിന്റെ പ്രവർത്തനം തടസപ്പെടുത്തുവാൻ ലക്ഷ്യമിട്ടുള്ള ഏകോപിത അട്ടിമറി എന്നാണ് സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒന്നിലധികം ആക്രമണങ്ങൾ ഒരേ സമയം ഉണ്ടായത് അട്ടിമറി ശ്രമത്തിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്, അതും ഒളിമ്പിക്‌സ് പോലെയുള്ള വലിയൊരു ചടങ്ങ് രാജ്യത്ത് നടക്കാനിരിക്കെ കൂടുതൽ ആളുകൾ റെയിൽവേ സംവിധാനത്തെ ആശ്രയിക്കുന്ന സമയം കൂടിയാണിത്.

പാരീസിനെ പടിഞ്ഞാറൻ, വടക്കൻ, കിഴക്കൻ മേഖലകളുമായി ബന്ധിപ്പിക്കുന്ന ലൈനുകളെയാണ് പ്രധാനമായും ആക്രമികൾ ലക്ഷ്യമിട്ടതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള എസ്എൻസിഎഫ് പറഞ്ഞു. ഇംഗ്ലീഷ് ചാനലിന് അടിയിലൂടെ ലണ്ടനിലേക്കും പുറത്തേക്കും അയൽരാജ്യമായ ബെൽജിയത്തിലേക്കുള്ള യാത്രയെയും ആക്രമണം സാരമായി ബാധിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തെ തുടർന്ന് നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുകയും റദ്ദാക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം വഹിക്കാൻ ബന്ധപ്പെട്ട സംഘാംഗങ്ങൾ സ്ഥലത്തുണ്ടെന്നും റെയിൽ ഓപ്പറേറ്റർ അറിയിച്ചു. വാരാന്ത്യമായതിനാൽ തന്നെ ഗതാഗതത്തെ സാരമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകൾക്ക് മുമ്പ് നടന്ന ആക്രമണങ്ങളെ സർക്കാർ പ്രതിനിധികൾ ഉൾപ്പെടെ വിമർശിച്ചു.ആക്രമണം ഉണ്ടായ ഇടങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിക്കാൻ എസ്എൻസിഎഫ് പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു ഗതാഗത മന്ത്രി പാട്രിസ് വെർഗ്രീറ്റ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്.
ഏകദേശം എട്ട് ലക്ഷത്തോളം യാത്രക്കാരെ ഈ സംഭവം ബാധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തെക്ക് കിഴക്കൻ റെയിൽവേ ലൈനിനെ ആക്രമണം ബാധിച്ചില്ല എന്നാണ് സൂചന. ഇവിടെ നടത്തിയ ആക്രമണ പരാജയപ്പെടുകയായിരുന്നു എന്നാണ് എസ്എൻസിഎഫ് അറിയിച്ചു. എന്നാൽ മറ്റ് പല മേഖലകളിലും ഗതാഗതം പൂർണമായി സ്‌തംഭിച്ച നിലയിലാണ്.
അതേസമയം, സമ്മർ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി കനത്ത സുരക്ഷയിലാണ് പാരിസ് നഗരം. 3 ലക്ഷത്തോളം കാണികളും ചടങ്ങിൽ വിഐപികളുടെ സാന്നിധ്യം പ്രതീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സുരക്ഷ കടുപ്പിച്ചത്. വെള്ളിയാഴ്‌ച വൈകുന്നേരം നടക്കുന്ന പരേഡിൽ 7,500 മത്സരാർത്ഥികൾ 85 ബോട്ടുകളുള്ള ഒരു ഫ്ലോട്ടില്ലയിൽ സീൻ നദിയിലൂടെ ആറ് കിലോമീറ്റർ (നാല് മൈൽ) ദൂരം സഞ്ചരിക്കും.












Click it and Unblock the Notifications