ബംഗ്ലാദേശില്‍ നിര്‍ണായക തീരുമാനം, മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയെ ജയിലില്‍ നിന്ന് മോചിപ്പിക്കും
ധാക്ക: ബംഗ്ലാദേശില്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്കിടെ പ്രതിപക്ഷ നേതാവ് ഖാലിദ സിയയെ ജയിലില്‍ നിന്ന് മോചിപ്പിക്കും. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് മോചനത്തിന് ഉത്തരവിട്ടത്. ഷെയ്ഖ് ഹസീന രാജിവെച്ച് പുറത്തുപോയതിന് പിന്നാലെയാണ് ബംഗ്ലാദേശില്‍ പുതിയ തീരുമാനങ്ങള്‍ ഉണ്ടായിരിക്കുന്നത്.
കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 17 വര്‍ഷത്തെ ജയില്‍ വാസം അനുഭവിക്കുകയാണ് മുന്‍ പ്രധാനമന്ത്രി കൂടിയായ ഖാലിദ സിയ. രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. ഷഹാബുദീന്റെ നേതൃത്വത്തിലുള്ള യോഗത്തിലാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ചെയര്‍പേഴ്‌സന്‍ കൂടിയായ ഖാലിദ സിയയെ മോചിപ്പിക്കാന്‍ തീരുമാനിച്ചത്.

അതേസമയം പ്രസിഡന്റ് വിളിച്ച യോഗത്തില്‍ സൈനിക മേധാവി വാക്കിറുസ്സമന്‍, നാവിക-കരസേന മേധാവിമാര്‍, പ്രതിപക്ഷ പാര്‍ട്ടികളായ ബിഎന്‍പി, ജമാഅത്ത് ഇസ്ലാമി തുടങ്ങിയ പാര്‍ട്ടികളിലെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കിടെ അറസ്റ്റിലായ എല്ലാവരെയും വിട്ടയക്കാനും തീരുമാനിച്ചുവെന്ന് പ്രസിഡന്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
നേരത്തെ സൈനിക മേധാവി വാക്കുറസ്സമന്‍ ഇടക്കാല സര്‍ക്കാരിന് സൈന്യം നേതൃത്വം നല്‍കുമെന്ന് അറിയിച്ചിരുന്നു. അതേസമയം ജൂലായ് മുതല്‍ ഷെയ്ഖ് ഹസീനയ്‌ക്കെതിരെ രാജ്യത്താകെ പ്രതിഷേധമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് തിങ്കളാഴ്ച്ച രാജിപ്രഖ്യാപിച്ചത്.
2018ലാണ് ഗ്രാഫ്റ്റ് കേസില്‍ ഖാലിദ സിയ ശിക്ഷിക്കപ്പെടുന്നത്. ബംഗ്ലാദേശ് പ്രസിഡന്റായിരുന്ന സിയാവുര്‍ റഹ്‌മാന്റെ ഭാര്യയാണ് ഖാലിദ. സിയാവുര്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ഖാലിദ സിയയുടെ രാഷ്ട്രീയ ജീവിതം വളര്‍ന്നത്. 1991ല്‍ അവര്‍ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
2001 മുതല്‍ 2006 വരെ രണ്ടാമതും ഖാലിദ സിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ നിലവില്‍ അവര്‍ ആശുപത്രിയിലാണ്. ചികിത്സയ്ക്കായി നിരന്തരം വിദേശത്തേക്ക് അവര്‍ പോകാറുമുണ്ട്.
അതേസമയം ഹസീനയുടെ രാജിക്ക് പിന്നാലെ രാജ്യത്താകെ സംഘര്‍ഷം തുടരുകയാണ്. അവാമി ലീഗിന്റെ നിരവധി ഓഫീസുകളാണ് അഗ്നിക്കിരയാക്കിയത്. ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടാന്‍ താല്‍പര്യമില്ലായിരുന്നുവെന്ന് മകന്‍ സജീബ് വാജിദ് ജോയ് പറഞ്ഞു. കുടുംബത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അവര്‍ രാജ്യംവിടാന്‍ തയ്യാറായത്.
അമ്മ അവിടെ സുരക്ഷിതയായിരിക്കില്ലെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് രാജ്യം വിടാന്‍ പറഞ്ഞു. ബംഗ്ലാദേശില്‍ ഇപ്പോള്‍ കാണുന്നത് അരാജകത്വമാണ്. ബംഗ്ലാദേശിനെ വികസിത രാജ്യമാക്കുക എന്നത് അമ്മയുടെ സ്വപ്നമായിരുന്നു.
അതിനായി 15 വര്‍ഷം കഠിനമായി അധ്വാനിച്ചു. തീവ്രവാദത്തില്‍ നിന്നും തീവ്രവാദികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ അവര്‍ക്കായി. പക്ഷേ തീവ്രവാദികള്‍ ഇപ്പോള്‍ അധികാരം പിടിച്ചെടുത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications