പാകിസ്ഥാനികൾക്ക് ഇനി യഥേഷ്‌ടം ബംഗ്ലാദേശിൽ കയറാം; വിസ നിയമങ്ങളിൽ ഇളവ്, ഇന്ത്യയ്ക്ക് ഭീഷണിയോ?
ധാക്ക: പാകിസ്ഥാൻ പൗരന്മാർക്ക് ബംഗ്ലാദേശിൽ പ്രവേശിക്കാനുണ്ടായിരുന്ന വിസ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവ് വരുത്തി ഇടക്കാല ഗവൺമെന്റ്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ തുടരുമ്പോഴും പാകിസ്ഥാനുമായി ബംഗ്ലാദേശ് കൂടുതൽ അടുക്കുന്നതിന്റെ സൂചനയാണ് പുതിയ പ്രഖ്യാപനമെന്നാണ് വിലയിരുത്തൽ. ഇതോടെ പാക്കിസ്ഥാൻ പൗരന്മാർക്ക് ഇനി ബംഗ്ലാദേശിലെത്തുക കൂടുതൽ സുഗമമാവും.
ബംഗ്ലാദേശിലേക്ക് വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് പാകിസ്ഥാൻ പൗരന്മാർ സുരക്ഷാ ക്ലിയറൻസ് നേടണം എന്ന നിബന്ധനയാണ് ഇടക്കാല സർക്കാർ നീക്കിയിരിക്കുന്നത്. ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധത്തിൽ ഉണ്ടായ വിള്ളലിനെ തുടർന്നും സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും വേണ്ടിയാണ് 2019ൽ ബംഗ്ലാദേശ് ഈ നിയന്ത്രണം അവതരിപ്പിച്ചത്. എന്നാൽ അഞ്ച് വർഷങ്ങൾക്ക് ശേഷം അതിപ്പോൾ എടുത്ത് കളയുകയാണ്.

ഡിസംബർ 2നാണ് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി സർവീസസ് ഡിവിഷനാണ് (എസ്എസ്‌ഡി) ഉത്തരവ് പുറപ്പെടുവിച്ചത്. ബംഗ്ലാദേശിലെ പാകിസ്ഥാൻ ഹൈക്കമ്മീഷണർ സയ്യിദ് അഹമ്മദ് മറൂഫ് ഡിസംബർ 3ന് ധാക്കയിൽ ബംഗ്ലാദേശ് നാഷണലിസ്‌റ്റ് പാർട്ടി (ബിഎൻപി) നേതാവ് ഖാലിദ സിയയുമായി കൂടിക്കാഴ്‌ച നടത്തിയതിന് മുന്നോടിയായാണ് ഈ നിയന്ത്രണങ്ങൾ നീക്കിയതെന്നാണ് വിവരം.
നവംബറിൽ കറാച്ചിയിൽ നിന്ന് ചിറ്റഗോങ്ങിലേക്ക് നേരിട്ട് ചരക്ക് കപ്പൽ നീക്കത്തിന് ബംഗ്ലാദേശ് സർക്കാർ അനുമതി നൽകിയതിന് ശേഷമുള്ള മറ്റൊരു സുപ്രധാന പ്രഖ്യാപനമാണ് ഇത്. ഖാലിദ സിയയുടെ ബിഎൻപി പാകിസ്ഥാനുമായി തുടക്കം മുതൽ അടുത്ത ബന്ധം പുലർത്തിവന്നിരുന്ന വിഭാഗമാണ്. ഷെയ്ഖ് ഹസീന ഇന്ത്യ അനുകൂല നയങ്ങൾ സ്വീകരിക്കുമ്പോൾ ബിഎൻഎപി ശക്തമായ എതിർപ്പുകൾ ഉന്നയിക്കുക പതിവായിരുന്നു.
എന്നാൽ ബംഗ്ലാദേശിന്റെ പുതിയ തീരുമാനം ഇന്ത്യക്ക് വലിയ രീതിയിൽ ആശങ്ക ഉണ്ടാക്കുന്ന ഒന്നാണെന്ന് നിസംശയം പറയാം. ബംഗ്ലാദേശിൽ നിലവിലുള്ള ഇന്ത്യാവിരുദ്ധ വികാരത്തെ പ്രതിഫലിപ്പിക്കുന്ന നീക്കമാണ് ഇതെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾ പതിവായി ആക്രമിക്കപ്പെടുന്ന സംഭവങ്ങളിൽ ഇന്ത്യ അതൃപ്‌തി അറിയിച്ചിരുന്നു.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയുടെ അപ്രമാദിത്വം ശക്തമായി എതിർക്കുന്ന കൂട്ടത്തിലേക്ക് അയൽരാജ്യമായ ബംഗ്ലാദേശും കൂട്ടിച്ചേർക്കപ്പെടുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ഇരുരാജ്യങ്ങൾക്കും ഇടയിലെ നയതന്ത്ര ബന്ധത്തിൽ സാരമായ വിള്ളലുകൾ വീണിട്ടുണ്ട്. അടുത്തിടെ ത്രിപുരയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ ആക്രമണം ഉൾപ്പെടെ ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്.
പുതിയ വിസ നിയമം ഇന്ത്യയുടെ തലയ്ക്ക് മുകളിലെ വാളാവും
ബംഗ്ലാദേശിൽ പാകിസ്ഥാൻ പൗരന്മാർക്ക് വിസ നിയമങ്ങളിൽ അനുവദിച്ച ഇളവിൽ ഏറ്റവുമധികം ആശങ്കപ്പെടേണ്ട രാജ്യമാണ് ഇന്ത്യ. ബംഗ്ലാദേശുമായി ഏറ്റവുമധികം കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. നേരത്തെ തന്നെ ഇന്ത്യയുടെ വടക്ക്-കിഴക്കൻ മേഖലയിലെ സംഘർഷാവസ്ഥ രൂക്ഷമാണ്. മണിപ്പൂരിൽ അടക്കം വലിയ വെല്ലുവിളിയാണ് കേന്ദ്ര സർക്കാർ നേരിടുന്നത്.
ഇതിന് പുറമേ പഞ്ചാബ്, ജമ്മു അതിർത്തികൾ പാടെ ഉപേക്ഷിച്ച് ഭീകരർ വടക്ക്-കിഴക്കൻ മേഖലയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റം നടത്തുമോ എന്നാണ് ഉയരുന്ന ആശങ്ക. അതിർത്തിയിലെ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റം ഇന്ത്യയ്ക്ക് എക്കാലവും വെല്ലുവിളിയാണ്. ഈ കൂട്ടത്തിലേക്ക് ബംഗ്ലാദേശ് അതിർത്തിയും മാറ്റി എഴുതേണ്ടി വരുമോ എന്നാണ് ഉയരുന്ന ചോദ്യം.












Click it and Unblock the Notifications