ഇന്ത്യയിലേക്ക് കടക്കാന്‍ ബംഗ്ലാദേശി ഹിന്ദുക്കള്‍, അക്രമം രൂക്ഷം; ധാക്കയിലെ തെരുവില്‍ പ്രതിഷേധം
ധാക്ക: ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടതോടെ ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കെതിരെ വ്യാപക അക്രമം. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ ഇവര്‍ ഭീതിയിലാണ്. ഹസീനയുടെയും അവാമി ലീഗിന്റെയും പിന്തുണ ബംഗ്ലാദേശി ഹിന്ദുക്കള്‍ക്ക് എപ്പോഴുമുണ്ടായിരുന്നു. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്ത് ഒറ്റപ്പെട്ടിരിക്കുകയാണ് ബംഗ്ലാദേശി ഹിന്ദുക്കള്‍. ഇന്ത്യയിലേക്ക് കടക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.
ആയിരങ്ങളാണ് ബംഗ്ലാദേശ്-ഇന്ത്യ അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുന്നത്. എന്നാല്‍ ബിഎസ്എഫ് ഇവരെ മടക്കി അയക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ സഹായം അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയില്‍ നേരത്തെ കുറിപ്പുകളെഴുതിയിരുന്നു. ക്ഷേത്രങ്ങളെല്ലാം തകര്‍ത്തുവെന്നായിരുന്നു നേരത്തെ ബംഗ്ലാദേശില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.

അതേസമയം ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ബംഗ്ലാദേശി ഹിന്ദുക്കള്‍ വെള്ളിയാഴ്ച്ച പ്രതിഷേധ പരമ്പരയുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. നൂറുകണക്കിന് ആളുകളാണ് ധാക്കയില്‍ പ്രതിഷേധവുമായി എത്തിയത്. രാജ്യത്തെ ജനസംഖ്യയുടെ എട്ട് ശതമാനത്തോളം വരും ബംഗ്ലാദേശിലെ ഹിന്ദുക്കള്‍.
ഞങ്ങള്‍ ആരാണ്, ബംഗാളി, ബംഗാളി എന്നിങ്ങനെയായിരുന്നു ഇവര്‍ മുദ്രാവാക്യം വിളിച്ചത്. ഞങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നായിരുന്നു പോസ്റ്ററുകളില്‍ അടക്കം ഉണ്ടായിരുന്നത്. സമാധാനം പാലിക്കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു. അവാമി ലീഗ് ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.അതേസമയം ഹിന്ദുക്കളുടെ സുരക്ഷാ ഉറപ്പാക്കണമെന്ന് ഇന്ത്യ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍, വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ അക്രമികള്‍ തകര്‍ത്തു. അവാമി ലീഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന നിരവധി ഹിന്ദു നേതാക്കളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ധാക്കയിലെ ഷാബാഗിലാണ് പ്രതിഷേധവുമായി ഹിന്ദുക്കള്‍ കൂട്ടത്തോടെ എത്തിയത്. സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് യൂനുസ് ബംഗ്ലാദേശ് ഭരണനേതൃത്വം ഏറ്റെടുത്തതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ യൂനുസിനെ അഭിനന്ദിച്ചിരുന്നു. ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.പലായനം ചെയ്യുന്നവരെ ഇന്ത്യക്ക് സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഇത്രയധികം പേരെ തിരിച്ചയക്കാനും സൈന്യം ശ്രമിക്കുന്നുണ്ട്. എന്നാല്‍ വ്യാപക അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ അഭയം നല്‍കുമെന്നാണ് ബംഗ്ലാദേശി ഹിന്ദുക്കളുടെ പ്രതീക്ഷ.
അതേസമയം യുഎന്‍ ഹിന്ദുക്കള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ പ്രതികരിക്കുകയാണ്. ഏത് തരം വംശീയ ആക്രമണങ്ങളെയും എതിര്‍ക്കുന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇന്ത്യന്‍-അമേരിക്കന്‍ വംശജരായ പാര്‍ലമെന്റ് അംഗങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേരത്തെ യുഎസ്സും അതിക്രമങ്ങളെ അപലപിച്ചിരുന്നു.












Click it and Unblock the Notifications