ട്രംപിനെതിരെ വിജയിക്കില്ല, ബൈഡന്‍ പോയിട്ടും കമല ഹാരിസിനെ ഏറ്റെടുക്കാതെ ബരാക് ഒബാമ
ന്യൂഡല്‍ഹി: ജോ ബൈഡന്റെ മത്സരരംഗത്ത് നിന്നുള്ള പിന്‍മാറ്റത്തിന് പിന്നാലെ ചര്‍ച്ചയായി മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ നിലപാട്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമല ഹാരിസ് വരുമെന്ന ശക്തമായ അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇതുവരെ ഒബാമ കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
ബൈഡന്റെ പ്രചാരണത്തില്‍ അടക്കം കഴിഞ്ഞ തവണ നിറഞ്ഞുനിന്ന ഒബാമയുടെ മൗനം ഡെമോക്രാറ്റിക് പാര്‍ട്ടിയെ തന്നെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വന്ന സര്‍വേകളില്‍ എല്ലാം ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ മുന്‍തൂക്കം തിരഞ്ഞെടുപ്പില്‍ കമല ഹാരിസിനുണ്ടെന്നാണ് പ്രവചിക്കുന്നത്.

അതേസമയം ഒബാമയുടെ ഈ മൗനത്തിന് പിന്നില്‍ കമല ഹാരസിന്റെ രാഷ്ട്രീയപരമായ കരുത്തിനെ കുറിച്ചുള്ള സംശയമാണ് കാരണം. റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താന്‍ കമലയ്ക്ക് സാധിക്കുമെന്ന് ഒബാമ വിശ്വസിക്കുന്നില്ലെന്ന് ബൈഡന്റെ കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
ബൈഡന്‍ നേരത്തെ കമലയെ പിന്തുണച്ചിരുന്നു. ഭൂരിഭാഗം ഡെമോക്രാറ്റിക് നേതാക്കളും കമലയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ പരസ്യമായി കമലയെ പിന്തുണയ്ക്കാന്‍ ഒബാമ മാത്രം തയ്യാറായിട്ടില്ല. ഒബാമ വളരെ രോഷത്തിലാണ്. കമല വിജയിക്കില്ലെന്ന് ഒബാമയ്ക്ക് ഉറപ്പാണെന്ന് ബൈഡന്റെ കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ ന്യൂയോര്‍ക്ക് പോസ്റ്റിനോട് പ്രതികരിച്ചു.
കമല ഹാരിസിന് കഴിവില്ലെന്ന് ഒബാമയ്ക്ക് അറിയാം. വെല്ലുവിളികളെ നേരിടാന്‍ അവര്‍ക്ക് അറിയില്ല. ട്രംപിനെതിരെ ടിവി ചര്‍ച്ച നടന്നാല്‍ കമലയില്‍ നിന്ന് അബദ്ധങ്ങള്‍ സംഭവിക്കാന്‍ സാധ്യതയേറെയാണ്. ഇസ്രായേല്‍, പലസ്തീന്‍, യുക്രൈന്‍ വിഷയങ്ങളില്‍ കമലയുടെ തെറ്റായ നിലപാട് കടന്നുവരാന്‍ സാധ്യതയുണ്ട്. കമലയ്ക്ക് ചര്‍ച്ചകളില്‍ സംസാരിക്കാന്‍ അറിയില്ല.
തീര്‍ച്ചയായും അവര്‍ പ്രതിരോധത്തിലാവുമെന്നും ബൈഡനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. നിലവില്‍ കമലയെ പാര്‍ട്ടിയില്‍ ആരും എതിര്‍ക്കുന്നില്ല. പാര്‍ട്ടിയിലെ പ്രമുഖരെല്ലാം കമലയുടെ സ്ഥാനാര്‍ത്ഥിത്വത്തെയാണ് ഏറ്റെടുക്കുന്നത്. അതേസമയം ബൈഡന്‍ കമലയെ പിന്തുണച്ചത് ഒബാമയെ അമ്പരപ്പിച്ചിരിക്കുകയാണ്.
ബൈഡന് ശേഷം അരിസോണ സെനറ്റര്‍ മാര്‍ക്ക് കെല്ലിയെയായിരുന്നു സ്ഥാനാര്‍ത്ഥിയാവുന്നതിനായി പിന്തുണച്ചത്. അടുത്ത മാസം നടക്കുന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ ഒബാമ കെല്ലിയെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടിനെ തള്ളി എന്‍ബിസി ന്യൂസും രംഗത്തെത്തി.
വൈകാതെ തന്നെ കമലയെ ഒബാമ പിന്തുണയ്ക്കുമെന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്തു. നേരിട്ട് തന്നെ ഒബാമ കമലയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചിട്ടുണ്ട്. അവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പ്രചാരണത്തില്‍ ഇരുവരും നിരന്തരം ഒരുമിച്ചെത്തുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications