കാനഡയുടെ വക മുട്ടൻ പണി, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി; നാലിൽ മൂന്ന് പേരുടെ അപേക്ഷയും തള്ളി
ന്യൂഡൽഹി: കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള കർശന നിയന്ത്രണങ്ങൾ ഇന്ത്യയിൽ നിന്നുള്ള അപേക്ഷകരെ സാരമായി ബാധിച്ചതായി റിപ്പോർട്ട്. അതിനാൽ തന്നെ ഒരുകാലത്ത് വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായിരുന്ന കാനഡയ്ക്ക്, ഇപ്പോൾ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഇടയിൽ സ്വീകാര്യത നഷ്‌ടമായി എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് സർക്കാർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
കാനഡ താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനും വിദ്യാർത്ഥി വിസ തട്ടിപ്പുകൾ തടയാനും ലക്ഷ്യമിട്ട്, ഈ വർഷം തുടക്കത്തിൽ തുടർച്ചയായ രണ്ടാം വർഷവും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പെർമിറ്റുകളുടെ എണ്ണം വെട്ടികുറച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ കനേഡിയൻ പോസ്‌റ്റ്-സെക്കൻഡറി സ്ഥാപനങ്ങളിൽ പഠിക്കാൻ അപേക്ഷിച്ച ഇന്ത്യൻ വിദ്യാർത്ഥികളിൽ ഏകദേശം 74 ശതമാനം പേരുടെയും അപേക്ഷകൾ നിരസിക്കപ്പെട്ടുവെന്നാണ് റോയിറ്റേഴ്‌സ് പങ്കുവച്ച കണക്കുകൾ വെളിപ്പെടുത്തുന്നത്.

എന്നാൽ 2023 ഓഗസ്‌റ്റിൽ ഇത് ഏകദേശം 32 ശതമാനം ആയിരുന്നു. എങ്കിലും ഈ മാസങ്ങളിൽ മൊത്തത്തിലുള്ള സ്‌റ്റഡി പെർമിറ്റ് അപേക്ഷകളിൽ ഏകദേശം 40 ശതമാനം ആണ് നിരസിക്കപ്പെട്ടത്. 2025 ഓഗസ്‌റ്റിൽ ചൈനീസ് വിദ്യാർത്ഥികളുടെ സ്‌റ്റഡി പെർമിറ്റുകളിൽ ഏകദേശം 24 ശതമാനം നിരസിക്കപ്പെട്ടു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
ഇന്ത്യൻ അപേക്ഷകരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. 2023 ഓഗസ്‌റ്റിൽ 20,900 ആയിരുന്നത്, 2025 ഓഗസ്‌റ്റിൽ ഇത് 4515 ആയി കുറഞ്ഞു. 2023-ൽ മൊത്തം അപേക്ഷകരിൽ നാലിലൊന്ന് ഇന്ത്യൻ വിദ്യാർത്ഥികളായിരുന്ന സ്ഥാനത്താണ് ഇപ്പോഴത്തെ ഇടിവ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു.
ഒരു വർഷത്തിലേറെ നീണ്ട സംഘർഷങ്ങൾക്ക് ശേഷം കാനഡയും ഇന്ത്യയും ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് വിസ നിരസിക്കലുകൾ വർധനവിന്റെ കണക്കുകൾ വരുന്നത്. 2023-ൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ നടന്ന ഒരു ഖാലിസ്ഥാൻ ഭീകരവാദിയുടെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് മുൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആരോപിച്ചതോടെയായിരുന്നു ബന്ധത്തിലെ വിള്ളലിന് തുടക്കമായത്.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി കാനഡ കർശനമായ വെരിഫിക്കേഷൻ നടപ്പിലാക്കുകയും അപേക്ഷകർക്ക് ആവശ്യമായ സാമ്പത്തിക മാനദണ്ഡങ്ങൾ വർധിപ്പിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് കുടിയേറ്റ വകുപ്പ് വക്താവ് അറിയിച്ചു. അതിനിടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്‌റ്റഡി പെർമിറ്റ് അപേക്ഷകൾ നിരസിക്കുന്നത് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, എന്നാൽ ഇവ അനുവദിക്കുന്നത് കാനഡയുടെ അധികാരമാണെന്നും ഒട്ടാവയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
കാനഡയുടെ കുടിയേറ്റ സംവിധാനത്തിന്റെ വിശ്വാസ്യതയിൽ സർക്കാരിന് ആശങ്കയുണ്ടെന്നും എന്നാൽ ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയിൽ പഠിക്കുന്നത് തുടരണമെന്നും കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഒക്ടോബറിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യൻ വിദ്യാർത്ഥികളോട് നോ പറയുകയാണ് കാനഡ എന്നാണ് നിലവിലെ സാഹചര്യം ചൂണ്ടിക്കാണിക്കുന്നത്.
കാനഡയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് സ്‌കൂളുകളിലൊന്നായ യൂണിവേഴ്‌സിറ്റി ഓഫ് വാട്ടർലൂവിൽ, കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനിടെ ഇന്ത്യയിൽ നിന്നുള്ള ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളുടെ എണ്ണത്തിൽ മൂന്നിൽ രണ്ട് ഭാഗവും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ കാനഡയിലെ മൊത്തത്തിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ വരവിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്.
റെജീന സർവകലാശാലയിലും സസ്‌കാച്ചെവൻ സർവകലാശാലയിലും ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടായതായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ഒരുകാലത്ത് ഇന്ത്യൻ വിദ്യാർത്ഥികളുടെ പറുദീസയായിരുന്ന കാനഡ അങ്ങനെ അല്ലാതാവുകയാണ് എന്ന റിപ്പോർട്ടുകൾ ശരിയാവുകയാണ്. യുകെ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയാണ് ഇപ്പോൾ ഇന്ത്യൻ വിദ്യാർത്ഥികൾ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications