'ജൂതവിരുദ്ധത കാൻസർ പോലെ, ഓസ്‌ട്രേലിയ അത് പടരാൻ അനുവദിച്ചു'; കൂട്ടവെടിവെപ്പിന് പിന്നാലെ നെതന്യാഹു
കാൻബറ: ബോണ്ടി ബീച്ചിൽ ജൂത ഹനുക്ക ആഘോഷത്തിനിടെയുണ്ടായ കൂട്ട വെടിവയ്പ്പിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീനെ വിമർശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്. സർക്കാർ ജൂതവിരുദ്ധത വളർത്തിയതായി ഇസ്രായേൽ പ്രധാനമന്ത്രി ആരോപിച്ചു.
ഡിമോണയിൽ നടന്ന ഒരു സർക്കാർ യോഗത്തിൽ സംസാരിക്കവെ, ആക്രമണത്തിന് മുമ്പുള്ള മാസങ്ങളിൽ ഓസ്‌ട്രേലിയയുടെ നിലപാട് ജൂത സമൂഹങ്ങൾക്കെതിരായ ശത്രുതയുടെ അന്തരീക്ഷത്തിന് കാരണമായെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയൻ സർക്കാരിനെയും അവിടെയുള്ള നിയമപാലക സംവിധാനത്തെയും നെതന്യാഹു വിമർശിച്ചു.

'കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി, അതിൽ ഓസ്‌ട്രേലിയൻ സർക്കാരിന്റെ നയം ഓസ്‌ട്രേലിയയിൽ ജൂതവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുകയും അത് വളർത്തുകയും ചെയ്യുന്നുവെന്ന് മുന്നറിയിപ്പ് നൽകി' പലസ്‌തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ ഓഗസ്‌റ്റിൽ അൽബനീസിന് അയച്ച കത്ത് പരാമർശിച്ച് നെതന്യാഹു പറഞ്ഞു.
'ജൂതവിരുദ്ധത ഒരു അർബുദമാണ്. നേതാക്കൾ നിശബ്‌ദത പാലിക്കുമ്പോൾ അത് പടരുന്നു; നേതാക്കൾ പ്രവർത്തിക്കുമ്പോൾ അത് പിൻവാങ്ങുന്നു. ബലഹീനതയെ പ്രവൃത്തി കൊണ്ടും പ്രീതിപ്പെടുത്തലിനെ ദൃഢനിശ്ചയം കൊണ്ടും മാറ്റിസ്ഥാപിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു' എന്നും നെതന്യാഹു ആന്റണി ആൽബനീസിനോട് പറഞ്ഞു.
വ്യക്തമായ മുന്നറിയിപ്പ് സൂചനകൾ നൽകിയിട്ടും ഓസ്‌ട്രേലിയൻ സർക്കാർ നിഷ്‌ക്രിയത്വത്തിലാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ആരോപിച്ചു. നടപടിയെടുക്കുന്നതിനുപകരം, ഓസിട്രേലിയൻ സർക്കാർ ഓസ്‌ട്രേലിയയിൽ സെമിറ്റിസം വിരുദ്ധതയുടെ വ്യാപനം തടയാൻ ഒന്നും ചെയ്‌തില്ലെന്നും നെതന്യാഹു കുറ്റപ്പെടുത്തി.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്കാ ആഘോഷങ്ങൾക്കിടെ നടന്ന വെടിവെപ്പിൽ പത്തുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സാധാരണഗതിയിൽ സജീവമായിരുന്ന ബോണ്ടി ബീച്ച്, ഈ ദാരുണമായ സംഭവത്തിന്റെ ഞെട്ടലിലാണ്. ഓസ്‌ട്രേലിയയിൽ ഇത്തരം കൂട്ടവെടിവെപ്പുകൾ അപൂർവമാണ്.
"ചാനുക്ക ബൈ ദി സീ" എന്ന പേരിൽ നടന്ന പൊതുപരിപാടിയിൽ രണ്ട് തോക്കുധാരികളാണ് വെടിയുതിർത്തത്. റിപ്പോർട്ടുകൾ പ്രകാരം 50-ലധികം റൗണ്ടുകൾ അവർ വെടിയുതിർന്നു. ഒരു അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ അറസ്‌റ്റിലാണ്. നവീദ് അക്രം എന്നാണ് ഇയാളുടെ പേര്. ഈ സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ പതിനൊന്ന് പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി സായുധരായ ഉദ്യോഗസ്ഥർ പ്രദേശം വളയുകയായിരുന്നു. കണ്ടെത്തിയ സംശയാസ്‌പദമായ വസ്‌തുക്കളെക്കുറിച്ച് വിദഗ്ദ്ധ ഓഫീസർമാർ പരിശോധന നടത്തുന്നുണ്ട്.
നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഹനുക്ക ആഘോഷത്തിനിടെയാണ് ആക്രമണം നടന്നതെങ്കിലും, യഹൂദ സമൂഹത്തെയാണ് ലക്ഷ്യമിട്ടതെന്ന് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications