'യുഎസുമായുള്ള പഴയ ബന്ധം അവസാനിച്ചു, ഇനിയൊരു തിരിച്ചുപോക്കില്ല'; കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി
ഒട്ടാവോ: യുഎസുമായുള്ള പഴയ ബന്ധം അവസാനിപ്പിച്ചതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഹനങ്ങൾക്ക് ഉയർന്ന തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാർണിയുടെ പ്രതികരണം. കാനഡയും അമേരിക്കയും തമ്മിലുള്ള ആഴത്തിലുള്ള സാമ്പത്തിക, സുരക്ഷാ, സൈനിക ബന്ധങ്ങളുടെ യുഗം അവസാനിച്ചുവെന്നാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ ഏറ്റവും പുതിയ പ്രതികരണം.
ട്രംപിന്റെ നിരന്തരമായ തീരുവ യുദ്ധത്തിൽ പല രാജ്യങ്ങളും എതിർപ്പ് പ്രകടിപ്പിക്കുന്നതിനിടെയാണ് ഈ അഭിപ്രായപ്രകടനം. അമേരിക്കയിലേക്കുള്ള വാഹന ഇറക്കുമതിക്ക് ട്രംപ് ആസൂത്രണം ചെയ്‌ത 25 ശതമാനം ലെവി അടുത്ത ആഴ്‌ച പ്രാബല്യത്തിൽ വരാനിരിക്കെയാണ് സംഭവവികാസം. ഇത് ഏകദേശം 500,000 തൊഴിലവസരങ്ങളെ പിന്തുണയ്ക്കുന്ന കനേഡിയൻ ഓട്ടോ വ്യവസായത്തിനെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിനുശേഷം, ഏപ്രിൽ 28ന് കാനഡയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി കാർണി തന്റെ പ്രചാരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്, അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിലെ തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കാൻ കാബിനറ്റ് അംഗങ്ങളുടെ യോഗത്തിനായി ഒട്ടാവയിലേക്ക് അദ്ദേഹം മടങ്ങി.
ട്രംപിന്റെ വാഹന തീരുവകൾ ന്യായീകരിക്കാനാവാത്തവ ആണെന്നും അത് രാജ്യങ്ങൾ തമ്മിലുള്ള നിലവിലുള്ള വ്യാപാര കരാറുകളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയുമായുള്ള ബന്ധം ട്രംപ് ശാശ്വതമായി മാറ്റിമറിച്ചെന്നും ഭാവിയിൽ എന്തെങ്കിലും വ്യാപാര കരാറുകൾ ഉണ്ടായാലും തിരിച്ചുപോക്ക് ഉണ്ടാവില്ലെന്നും അദ്ദേഹം കനേഡിയൻമാർക്ക് മുന്നറിയിപ്പ് നൽകി.
അമേരിക്കയിൽ പരമാവധി സ്വാധീനം ചെലുത്തുന്നതും കാനഡയിൽ ഏറ്റവും കുറഞ്ഞ സ്വാധീനം ചെലുത്തുന്നതുമായ പ്രതികാര വ്യാപാര നടപടികളിലൂടെ തങ്ങൾ യുഎസ് തീരുവകളെ നേരിടുമെന്നാണ് കാർണി അറിയിച്ചത്. 'ഈ പുതിയ താരിഫുകളോടുള്ള ഞങ്ങളുടെ പ്രതികരണം പോരാടുക, സംരക്ഷിക്കുക, നിർമ്മിക്കുക എന്നതാണ്' കാർണി ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ മാർച്ച് 14നാണ് ജസ്‌റ്റിൻ ട്രൂഡോയുടെ പകരക്കാരനായി കാർണിയെ പ്രധാനമന്ത്രിയായി നിയമിച്ചത്. സാധാരണഗതിയിൽ അധികാരമേറ്റ ഉടൻ തന്നെ പുതിയ കനേഡിയൻ പ്രസിഡന്റ് യുഎസ് പ്രസിഡന്റുമായി ഒരു ഫോൺ കോൾ നടത്താറുണ്ട്, എന്നാൽ ട്രംപും കാർണിയും ഇതുവരെ അത്തരത്തിൽ സംസാരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
എന്നാൽ കഴിഞ്ഞ ദിവസം ഇക്കാര്യവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് കാർണിയുമായി സംസാരിച്ചുവെന്നും അടുത്ത ദിവസങ്ങളിൽ തന്നെ ട്രംപുമായുള്ള ചർച്ച നടക്കുമെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ട്രംപുമായി സംസാരിക്കാൻ തയ്യാറാണെങ്കിലും, കാനഡയോട് ബഹുമാനം കാണിക്കുന്നതുവരെ, പ്രത്യേകിച്ച് ആവർത്തിച്ചുള്ള അധിനിവേശ ഭീഷണികൾ അവസാനിപ്പിക്കുന്നതുവരെ വ്യാപാര കരാറുകളിൽ ചർച്ച നടത്തില്ലെന്നാണ് കാർണി സ്വീകരിച്ചിരിക്കുന്ന നിലപാട്.












Click it and Unblock the Notifications