യുഎസിന്റെ തീരുവയ്ക്ക് ചൈനയുടെ ചുട്ടമറുപടി; കൽക്കരിക്കും ക്രൂഡ് ഓയിലിനും നികുതി, ഗൂഗിളിനെതിരെ അന്വേഷണം
ബെയ്‌ജിംഗ്: യുഎസിന്റെ തീരുവ തന്ത്രത്തിന് അതേനാണയത്തിൽ തിരിച്ചടി കൊടുത്ത് ചൈന. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയുമായി വ്യാപാരയുദ്ധം പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് അമേരിക്കൻ ഉത്പന്നങ്ങൾക്ക് കൂടുതൽ നികുതി ചുമത്താനുള്ള തീരുമാനം ചൈന പ്രഖ്യാപിച്ചത്. എന്നാൽ വെറും തീരുവയിൽ ഒതുങ്ങുന്നതല്ല ചൈനയുടെ മറുപണി, ഒപ്പം യുഎസ് ടെക് ഭീമൻ ഗൂഗിളിനെതിരെ അന്വേഷണവും അവർ പ്രഖ്യാപിച്ചിട്ടുണ്ട്.
ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് നികുതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. യുഎസ് കൽക്കരി, എൽഎൻജി എന്നിവയ്ക്ക് 15 ശതമാനം തീരുവ ചുമത്തുമെന്നും ക്രൂഡ് ഓയിൽ, കാർഷിക ഉപകരണങ്ങൾ, വലിയ കാറുകൾ എന്നിവയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നേരത്തെ തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിന് തീരുവ വിലങ്ങ് തടിയാവുമെന്ന് ചൈന വ്യക്തമാക്കിയിരുന്നു. ഇത് വീണ്ടും ആവർത്തിക്കുകയാണ് അവർ. 'യുഎസിന്റെ ഏകപക്ഷീയമായ തീരുവ വർധന ലോക വ്യാപാര സംഘടനയുടെ നിയമങ്ങളുടെ ലംഘനമാണ്. ചൈനയും യുഎസും തമ്മിലുള്ള സാമ്പത്തിക, വ്യാപാര സഹകരണത്തെ തകർക്കുന്ന കാര്യമാണത്' ചൈനീസ് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
യുഎസ് ചൈനീസ് ഇറക്കുമതിക്ക് 10 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഈ തീരുമാനം എന്നതാണ് ശ്രദ്ധേയം. എന്നാൽ വെറും തീരുവകളിൽ തിരിച്ചടി നിർത്താൻ ചൈനയ്ക്ക് ഉദ്ദേശമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഗൂഗിളിനെതിരെ പ്രഖ്യാപിച്ച അന്വേഷണം. യുഎസ് ടെക് ഭീമനായ ഗൂഗിളിന്റെ വിശ്വാസ വിരുദ്ധ ലംഘനത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ് ചൈന പ്രഖ്യാപിച്ചത്.
യുഎസിലേക്കുള്ള അനധികൃത മയക്കുമരുന്നുകളുടെ ഒഴുക്ക് തടയുന്നതിൽ ചൈനയുടെ പരാജയം ഡൊണാൾഡ് ട്രംപ് അടുത്തിടെ എടുത്ത് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ യുഎസ് ആവശ്യപ്പെട്ട എല്ലാ നടപടിക്രമങ്ങളും തങ്ങൾ പാലിച്ചിട്ടുണ്ടെന്നും അവരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ടെന്നുമാണ് ചൈന നൽകുന്ന മറുപടി.
ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാര യുദ്ധം ഏത് രീതിയിൽ ബാധിക്കുമെന്നാണ് ആഗോള വിപണി ഉറ്റുനോക്കുന്നത്. നേരത്തെ യുഎസ് ചൈനയ്ക്ക് പുറമേ കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങൾക്കും തീരുവ ചുമത്തിയിരുന്നു. മെക്‌സിക്കോയ്ക്ക് തീരുവ ചുമത്തിയ തീരുമാനം തൽക്കാലത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്.
അധികാരമേറ്റെടുത്ത ശേഷം തീരുവ ചുമത്തുമെന്ന ഭീഷണി പലപ്പോഴായി പല രാജ്യങ്ങൾക്കും കൂട്ടായ്‌മകൾക്കും എതിരെ ട്രംപ് മുഴക്കുന്നുണ്ട്. ബ്രിക്‌സ് കൂട്ടായ്‌മയ്ക്കും സമാനമായ മുന്നറിയിപ്പ് ട്രംപ് നൽകിയിരുന്നു. ബ്രിക്‌സ് ഡോളറിനെ ഉപേക്ഷിച്ച് പൊതു കറൻസി തേടി പോവുന്നു എന്ന റിപ്പോർട്ടുകൾ വന്നതോടെയായിരുന്നു ട്രംപിന്റെ ഭീഷണി.












Click it and Unblock the Notifications