'ഇന്ത്യയും പാകിസ്ഥാനും സംയമനവും ശാന്തതയും പാലിക്കണം'; സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി ചൈന
ബീജിംഗ്: അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യയും പാകിസ്ഥാനും ശാന്തതയും സംയമനവും പാലിക്കണമെന്നും സമാധാനപരമായ ഒത്തുതീർപ്പിലേക്കുള്ള പാതയിലേക്ക് മടങ്ങണമെന്നും അഭ്യർത്ഥിച്ച് ചൈന. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ നിലവിലുള്ള സ്ഥിതിഗതികൾ ചൈന സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്നും സംഘർഷം രൂക്ഷമാകുന്നതിൽ തങ്ങൾ വളരെയധികം ആശങ്കാകുലരാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
'സമാധാനത്തിന്റെയും സ്ഥിരതയുടെയും വലിയ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കാനും, ശാന്തതയും സംയമനവും പാലിക്കാനും, സമാധാനപരമായ മാർഗങ്ങളിലൂടെ രാഷ്ട്രീയ ഒത്തുതീർപ്പിന്റെ പാതയിലേക്ക് മടങ്ങാനും, പിരിമുറുക്കം കൂടുതൽ വഷളാക്കുന്ന ഏതൊരു നടപടിയിൽ നിന്നും വിട്ടുനിൽക്കാനും ഞങ്ങൾ ഇരുവിഭാഗത്തോടും ശക്തമായി അഭ്യർത്ഥിക്കുന്നു' എന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം പങ്കുവച്ച കുറിപ്പിൽ പറയുന്നു.

'ഇന്ത്യയുടെയും പാകിസ്ഥാന്റെയും അടിസ്ഥാന താൽപ്പര്യങ്ങൾക്കും, സ്ഥിരതയുള്ളതും സമാധാനപരവുമായ ഒരു മേഖലയ്ക്കും ഇത് പ്രധാനമാണ്. അന്താരാഷ്ട്ര സമൂഹം കാണാൻ ആഗ്രഹിക്കുന്നതും ഇതാണ്. ഈ ലക്ഷ്യത്തിൽ ക്രിയാത്മകമായ പങ്ക് വഹിക്കാൻ ചൈന സന്നദ്ധമാണ്' സമാധാന ചർച്ചകളിൽ പങ്കാളിയാവാനുള്ള സന്നദ്ധത വെളിപ്പെടുത്തിക്കൊണ്ട് ചൈന അറിയിച്ചു.
അതിനിടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, അയൽരാജ്യമായ ചൈന തങ്ങളുടെ പൗരന്മാർക്ക് യാത്രാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, ഇരു രാജ്യങ്ങളിലെയും ചൈനീസ് എംബസികൾ ഇക്കാര്യത്തിൽ ഉത്തരവുകൾ പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യയിലോ പാകിസ്ഥാനിലോ യാത്ര ചെയ്യുമ്പോൾ ചൈനീസ് പൗരന്മാർ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പ്രസ്‌താവനയിൽ നിർദ്ദേശിക്കുന്നു. ഇന്ത്യയിലോ പാകിസ്ഥാനിലോ ഉള്ളവർ സുരക്ഷാ മുൻകരുതലുകൾ ശക്തിപ്പെടുത്താനും സുരക്ഷാ നടപടികൾ വർധിപ്പിക്കാനും ഉത്തരവിൽ പറയുന്നു.
അതിനിടെ സൗദി അറേബ്യയും സംഘർഷത്തിൽ അയവ് വരുത്തണമെന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറുമായും ചർച്ചകൾ നടത്തിയിരുന്നു.
അറബ് ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, പ്രാദേശിക സ്ഥിരതയ്ക്കുള്ള പ്രതിബദ്ധതയാണ് സൗദി ആവർത്തിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ന്യൂഡൽഹിയുമായും ഇസ്ലാമാബാദുമായും റിയാദിന്റെ സന്തുലിത നയതന്ത്ര ബന്ധങ്ങൾക്ക് ഊന്നൽ നൽകി കൊണ്ടാണ് അവരുടെ നീക്കങ്ങൾ എന്നതാണ് ശ്രദ്ധേയമായ കാര്യം.












Click it and Unblock the Notifications