ആഗോള തലത്തിൽ ചൈനയുടെ സ്വീകാര്യത വർധിക്കുന്നു; ഷിയ്ക്കും പിന്തുണയേറി, ഇന്ത്യയിലോ? സർവേ റിപ്പോർട്ട്
ബീജിംഗ്: ആഗോള തലത്തിൽ ചൈനയുടെ സ്വീകാര്യത വർധിച്ചുവെന്ന് വ്യക്തമാക്കുന്ന സർവേ റിപ്പോർട്ടുകൾ പുറത്ത്. പ്യൂ റിസർച്ച് സെന്ററിന്റെ സർവേ പ്രകാരം, രാജ്യങ്ങൾക്ക് ചൈനയോടുള്ള താൽപര്യം കഴിഞ്ഞ ഏതാനും വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായി വർധിച്ചിരിക്കുകയാണ്. മറുവശത്ത് യുഎസിനോടുള്ള താൽപര്യത്തിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനയ്ക്ക് ലഭിച്ച ശരാശരി അനുകൂല റേറ്റിങ് 32 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയർന്നപ്പോൾ, അമേരിക്കയുടേത് 58 ശതമാനത്തിൽ നിന്ന് 36 ശതമാനമായി കുറഞ്ഞു.
സർവേയിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ ചൈനയെക്കുറിച്ചുള്ള ആഗോള കാഴ്‌ചപ്പാടിലുണ്ടായ വലിയ മാറ്റമാണ്. മുമ്പ് ചൈനയോടുള്ള പൊതുജനാഭിപ്രായം കൂടുതലും പ്രതികൂലമായിരുന്നെങ്കിലും, നിലവിൽ സർവേയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ മൂന്നിലൊന്നിലധികവും രാജ്യങ്ങളിൽ അനുകൂല സമീപനം വർധിച്ചിട്ടുണ്ട്. ഇറ്റലിയിലാണ് ഏറ്റവും വലിയ മാറ്റം രേഖപ്പെടുത്തിയത്. 2022-ൽ 31 ശതമാനമായിരുന്ന അനുകൂല അഭിപ്രായം 2026-ൽ 51 ശതമാനമായി ഉയർന്നു.

ഏകദേശം രണ്ട് പതിറ്റാണ്ടിനുശേഷമാണ് ഇറ്റലിയിൽ പകുതിയിലധികം ആളുകൾ ചൈനയെ പ്രതീക്ഷയോടെ കാണുന്നത്. മറ്റൊരു യൂറോപ്യൻ രാജ്യമായ സ്‌പെയിനിലും ചൈനയോടുള്ള അനുകൂല അഭിപ്രായം വർധിച്ചിട്ടുണ്ട്. അവിടെ 54 ശതമാനം ആളുകൾ ചൈനയെ അനുകൂലമായി കാണുന്നു. 2011ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്.
അതേസമയം, എല്ലാ രാജ്യങ്ങളിലും ഒരേ രീതിയിലുള്ള മാറ്റമല്ല ഉണ്ടായിരിക്കുന്നത്. ഇസ്രയേലിൽ ചൈനയോടുള്ള അനുകൂല അഭിപ്രായം കഴിഞ്ഞ വർഷത്തെ 33 ശതമാനത്തിൽ നിന്ന് ഈ വർഷം 19 ശതമാനമായി കുറഞ്ഞു. അമേരിക്കയ്ക്ക് ഇപ്പോഴും വ്യക്തമായ ജനപ്രീതി നിലനിൽക്കുന്നത് വെറും ആറ് രാജ്യങ്ങളിലാണ്. പോളണ്ട്, ഇന്ത്യ, ഇസ്രയേൽ, ജപ്പാൻ, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് അവ.
ഇവയിൽ നാല് രാജ്യങ്ങൾ ഏഷ്യ-പസഫിക് മേഖലയിൽ നിന്നുള്ളവയാണ്. ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഇന്ത്യയിൽ ഇപ്പോഴും അമേരിക്കയോടുള്ള അനുകൂല സമീപനം ശക്തമാണ്. സർവേ പ്രകാരം 54 ശതമാനം ഇന്ത്യക്കാർക്ക് ചൈനയോട് പ്രതികൂല അഭിപ്രായമാണുള്ളത്. വെറും 23 ശതമാനം ആളുകൾ മാത്രമാണ് ചൈനയെ അനുകൂലമായി കാണുന്നത്.
ലോക നേതാക്കളിലുള്ള വിശ്വാസത്തിലും മാറ്റം പ്രകടമാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ലോകകാര്യങ്ങളിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ശേഷിയുണ്ടെന്ന് കൂടുതൽ പേരും കരുതുന്നു. ഏഷ്യ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, മധ്യപൂർവദേശം എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങളിൽ ഷി ജിൻപിങ്ങിന് കൂടുതൽ പിന്തുണ ലഭിച്ചു.
പാകിസ്ഥാൻ, മലേഷ്യ, ഇൻഡോനേഷ്യ, തായ്‌ലൻഡ്, ബംഗ്ലാദേശ്, തുർക്കി, സ്‌പെയിൻ, ഇറ്റലി, മെക്‌സിക്കോ, കാനഡ, ഫ്രാൻസ്, ജർമനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ അമേരിക്കയെക്കാൾ ചൈനയെയും ഷി ജിൻപിങ്ങിനെയും അനുകൂലിക്കുന്നവരാണ് കൂടുതലെന്ന് സർവേ വ്യക്തമാക്കുന്നു. പാകിസ്ഥാനിലാണ് ഷി ജിൻപിങ്ങിന് ഏറ്റവും വലിയ പിന്തുണ ലഭിത്. അവിടെ 83 ശതമാനം ആളുകളും അദ്ദേഹത്തിൽ വിശ്വാസം പ്രകടിപ്പിച്ചു.
മലേഷ്യ, ഇൻഡോനേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും അദ്ദേഹത്തിന് ഉയർന്ന പിന്തുണ ലഭിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ ട്രംപിനോ ഷി ജിൻപിങ്ങിനോ ഭൂരിപക്ഷ വിശ്വാസം ലഭിച്ചില്ലെങ്കിലും, മിക്ക രാജ്യങ്ങളിലും ട്രംപിനേക്കാൾ കൂടുതൽ വിശ്വാസം ഷി ജിൻപിങ്ങിനാണ് ലഭിച്ചത്. ജർമനി, ഗ്രീസ്, ഇറ്റലി, നെതർലൻഡ്‌സ്, സ്‌പെയിൻ, സ്വീഡൻ, ബ്രിട്ടൻ എന്നിവിടങ്ങളിൽ ട്രംപിനെക്കാൾ 10 ശതമാനത്തിലധികം ഉയർന്ന പിന്തുണയാണ് ഷി നേടിയത്.














Click it and Unblock the Notifications